ധാരാളം പോഷക ഗുണങ്ങളുള്ള ഒന്നാണ് മുരിങ്ങയില. വിറ്റാമിൻ എ, സി, ഇ, ബി, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, പ്രോട്ടീൻ, ഫൈബർ, പൊട്ടാസ്യം, ഫോസ്‌ഫറസ് തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കലവറയാണ് മുരിങ്ങയില. ശരീരത്തിന്‍റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഊർജ്ജം വർധിപ്പിക്കാനും മുരിങ്ങയില സഹായിക്കും.
വിറ്റമിൻ സി, ബീറ്റാ കരോട്ടിൻ, ക്വെർസെറ്റിൻ, ക്ലോറോജെനിക് ആസിഡ് തുടങ്ങിയ ആൻ്റി ഓക്‌സിഡൻ്റുകൾ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കും. ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ഹൃദ്രോഗം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് ഫലപ്രദമാണ്.
കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ മുരിങ്ങയിലെ സഹായിക്കും. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള ആൻ്റി ഓക്‌സിഡൻ്റുകൾ, ബയോ ആക്റ്റീവ് സംയുക്തങ്ങൾ എന്നിവ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും. മുരിങ്ങയിലയിൽ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് ഫൈറ്റോതെറാപ്പി റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മുരിങ്ങ ഇലകൾ സഹായിക്കുമെന്ന് ഡയബറ്റിസ് കെയറിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. മുരിങ്ങയിലെ ബയോ ആക്റ്റീവ് സംയുക്തങ്ങളായ ക്വെർസെറ്റിൻ, ക്ലോറോജെനിക് തുടങ്ങിയവ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും.
ഇതിലെ നാരുകൾ, ബയോ ആക്റ്റീവ് സംയുക്തങ്ങൾ എന്നിവ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ഫുഡ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. മലബന്ധം കുറയ്ക്കാനും വയറ്റിലെ നല്ല ബാക്‌ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും കുടലിൻ്റെ ആരോഗ്യം നിലനിർത്താനും മുരിങ്ങയില ഗുണം ചെയ്യും.