എഡിന്‍ബറോ:അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ഓര്‍മ്മക്കുറവ് പരിഹരിക്കാന്‍ മെന്തോളിന് കഴിയുമത്രേ. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ നിന്നാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയരിക്കുന്നത്.
ഈ പുത്തന്‍ കണ്ടുപിടിത്തം അല്‍ഷിമേഴ്‌സ് രോഗ ചികിത്സയില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് സൂചന. അല്‍ഷിമേഴ്‌സ് അഥവ ഓര്‍മ്മകള്‍ നഷ്‌ടമാകുന്ന അവസ്ഥ വളരെ ഗുരുതരമായ ഒരു രോഗമാണ്. കാലം പോകും തോറും ഇത് അതീവ ഗുരുതരമായ പ്രശ്‌നമായി മാറുന്നു.
രോഗമുള്ളവരുടെ തലച്ചോറില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു. നാഡീകോശങ്ങളും അവ തമ്മിലുള്ള ബന്ധവും ദുര്‍ബലമാകുന്നു. രോഗികള്‍ പല ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നു. കാലക്രമത്തില്‍ ഇവര്‍ക്ക് ഓര്‍മ്മകള്‍ കുറേശെയായി നഷ്‌ടമാകുന്നു.
ചിന്താശേഷിയും സാമൂഹ്യ നൈപുണ്യങ്ങളും കുറഞ്ഞ് വരുന്നു. വികാരങ്ങളില്‍ ഇടയ്ക്കിടെ മാറ്റങ്ങള്‍ സംഭവിക്കുന്നു. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ശേഷിയും ഇല്ലാതാകുന്നു. നിത്യവും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യനാകാതെ വരുന്നു. കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ പോലും ഓര്‍ത്തെടുക്കാനാകാതെ വരുന്നു.
ലോകമെമ്പാടുമായി അഞ്ചരക്കോടി ജനങ്ങള്‍ അല്‍ഷിമേഴ്‌സും മറ്റ് മറവി രോഗങ്ങളും മൂലമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജനസംഖ്യയില്‍ പ്രായമേറിയവരുടെ എണ്ണം വര്‍ധിച്ചതാണ് മറവി രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണ് ശാസ്‌ത്രജ്ഞരുടെ വാദം.
അല്‍ഷിമേഴ്‌സിനെ ചികിത്സിക്കാനോ അല്ലെങ്കില്‍ നിയന്ത്രിക്കാനോ ഉള്ള മരുന്നുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാനുള്ള ചികിത്സകള്‍ മാത്രമാണ് നിലവിലുള്ളത്.
അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ ശാസ്‌ത്രജ്ഞര്‍ തലച്ചോറിലെ മണം പിടിക്കല്‍ - പ്രതിരോധ - കേന്ദ്ര നാഡി വ്യൂഹങ്ങള്‍ തമ്മിലുള്ള സംവേദനങ്ങള്‍ പരിശോധിച്ചു. മെന്തോളിന്‍റെ മണം തുടര്‍ച്ചയായി ആസ്വദിക്കുന്ന എലികളില്‍ പ്രതിരോധ ശേഷി വര്‍ധിച്ചതായി കണ്ടെത്തി. ഇത് ഗ്രഹണ ശേഷിയെയും വര്‍ധിപ്പിക്കുമോ എന്ന കാര്യം ഗവേഷകര്‍ പരിശോധിച്ചു.
ഇതിനായി എലികളില്‍ ജനിതക വ്യതിയാനം വരുത്തി ഓര്‍മ്മക്കുറവ് സൃഷ്‌ടിച്ചു. തുടന്ന് ഇവയെ ആറുമാസത്തോളം നിരന്തരം മെന്തോളിന്‍റെ ഗന്ധം ആസ്വദിപ്പിച്ചു. പിന്നീട് ഇവയുടെ പ്രതിരോധ ശേഷിയും ധാരണാശേഷിയും പരിശോധിച്ചു.
എന്നാല്‍, ഓര്‍മ്മക്കുറവുള്ള എലികളില്‍ അത്ഭുതകരമായ മാറ്റമാണ് കാണാനായത്. ഇവയുടെ ഈ രണ്ട് ശേഷികളും വലിയ തോതില്‍ വര്‍ധിച്ചതായി കണ്ടെത്തി. മെന്തോളിന് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാകും. ധാരണശേഷി കുറയുന്നത് തടയാനും മെന്തോളിന് സാധിക്കുന്നുവെന്ന് കണ്ടെത്തി.
മെന്തോളിന്‍റെ ഗന്ധം ആസ്വദിക്കുന്നതിലൂടെ ഓര്‍മ്മയും പഠന നൈപുണ്യവും വര്‍ധിക്കുന്നുവെന്നും കണ്ടെത്തി. ഓര്‍മക്കുറവുള്ള രോഗികളില്‍ ഓര്‍മ്മയുമായി ബന്ധപ്പെട്ട മാംസ്യ തന്മാത്രയായ ഇന്‍റര്‍ലെയ്‌കിന്‍-1 ബീറ്റയുടെ അളവ് വന്‍തോതില്‍ കുറയ്ക്കാന്‍ മെന്തോളിന് സാധിക്കുന്നുവെന്ന് ശാസ്‌ത്രജ്ഞര്‍ നിരീക്ഷിച്ചു.
ഈ മാംസ്യം അഥവ സൈറ്റോകൈനുകളാണ് തലച്ചോറിലെ കോശങ്ങളുടെ നാശത്തിന് കാരണമാകുന്നത്. ഇതോടെ നമ്മുടെ ധാരണ ശേഷിയില്‍ വൈകല്യമുണ്ടാകുന്നു. ഇന്‍റര്‍ലെയ്‌കിന്‍ - 1 ബീറ്റ കുറയുന്നതോടെ മസ്‌തിഷ്‌ക കോശങ്ങളുടെ നാശവും കുറയുന്നു. അതോടെ ധാരണാശേഷി കുറയുന്നതും തടയാനാകുന്നു.
Also Read:'എനർജി ഡ്രിങ്കുകൾ അത്ര നല്ലതല്ല'; ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് മയോ ക്ലിനിക്കിലെ ഗവേഷകർ