ന്യൂഡൽഹി : വായു മലിനീകരണം കാരണം ഇന്ത്യയിലെ 10 നഗരങ്ങളിലായി പ്രതിവർഷം 33,000 പേർ മരിക്കുന്നതായി റിപ്പോര്‍ട്ട്. ഓരോ വർഷവും 12,000 പേർ മരിക്കുന്ന ഡൽഹിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ദി ലാൻസെറ്റ് പ്ലനേറ്ററി ഹെൽത്ത് വ്യാഴാഴ്‌ച പുറത്ത് വിട്ട പഠനത്തിലാണ് കണക്കുകള്‍ വിശദീകരിക്കുന്നത്.
ഡൽഹി കഴിഞ്ഞ് തൊട്ടുപിന്നാലെ വരുന്നത് മുംബൈയാണ് (ഓരോ വർഷവും ഏകദേശം 5,100 മരണങ്ങള്‍), ഷിംലയിലാണ് ഏറ്റവും കുറവ് വായു മലിനീകരണം രേഖപ്പെടുത്തുന്നത് എങ്കിലും അവിടെ പ്രതിവർഷം 59 മരണം ഉണ്ടാകുന്നുണ്ട്. കൊൽക്കത്ത (പ്രതി വർഷം 4,700), ചെന്നൈ (പ്രതി വര്‍ഷം 2,900), അഹമ്മദാബാദ് (പ്രതിവര്‍ഷം 2,500), ബെംഗളൂരു (പ്രതിവര്‍ഷം 2,100), ഹൈദരാബാദ് (പ്രതിവര്‍ഷം 1,600), പൂനെ (പ്രതിവര്‍ഷം 1,400), വാരണാസി (പ്രതിവര്‍ഷം 830) എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ മരണ നിരക്ക്.
വായു സാന്ദ്രത 2.5- പിഎമ്മില്‍ കുറയുന്ന സാഹചര്യത്തിലാണ് മരണ സാധ്യത വര്‍ധിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ ദേശീയ ആംബിയന്‍റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡായ 60 മൈക്രോഗ്രാം പെര്‍ ക്യുബിക് മീറ്ററിന് താഴെയുള്ള വായു മലിനീകരണം പോലും ഇന്ത്യയിൽ പ്രതിദിന മരണ നിരക്ക് വർധിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. അശോക സർവകലാശാലയിലെ ഗവേഷകരുടെ അന്താരാഷ്‌ട്ര സംഘവും ഡൽഹി ആസ്ഥാനമായുള്ള ഒരു സ്വതന്ത്ര ഗവേഷണ സ്ഥാപനവും അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തായറാക്കിയത്.