ന്യൂ ഡൽഹി: മലിനീകരണം കുറയ്‌ക്കേണ്ടതിന്‍റെ ആവശ്യകതയെ അടിവരയിടുന്ന പഠനം പുറത്തുവിട്ട് സതേൺ കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ. കുട്ടിക്കാലത്ത് മലിന വായുവുമായി സമ്പർക്കം പുലർത്തുന്നവര്‍ക്ക് പിന്നീടുള്ള ജീവിതത്തിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വരാന്‍ സാധ്യത ഏറെയാണെന്നാണ് പഠനം. അമേരിക്കൻ ജേണൽ ഓഫ് റെസ്‌പിറേറ്ററി ആൻഡ് ക്ലിനിക്കൽ കെയർ മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കുട്ടി ജനിച്ചു വളര്‍ന്ന പ്രദേശത്തെ വായു മലിനീകരണവും മുതിർന്നതിനു ശേഷം ബാധിക്കുന്ന ബ്രോങ്കൈറ്റിസ്, വിട്ടുമാറാത്ത ചുമ, കഫം തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. കുട്ടിക്കാലത്ത് മലിനമായ വായു ശ്വസിക്കുന്നത്, ശ്വസനവ്യവസ്ഥയിൽ കൂടുതൽ സൂക്ഷ്‌മമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്നും പഠനം തെളിയിക്കുന്നു. അത് പ്രായപൂർത്തിയായിട്ടും നമ്മെ ബാധിക്കുന്നുവെന്നും കെക്ക് സ്‌കൂൾ ഓഫ് മെഡിസിനിലെ പോപ്പുലേഷൻ ആൻഡ് പബ്ലിക് ഹെൽത്ത് സയൻസസ് അസിസ്റ്റൻ്റ് പ്രൊഫസർ എറിക്ക ഗാർസിയ പറഞ്ഞു.
ശരാശരി 32 വയസുള്ള 1,308 പേരാണ് പഠനത്തിൽ പങ്കെടുത്തത്. ഇതില്‍ നാലിലൊന്ന് പേർക്കും ബ്രോങ്കൈറ്റിസ് ലക്ഷണങ്ങൾ അനുഭവപ്പെട്ടതായി ഫലങ്ങൾ കാണിക്കുന്നു. പതിനേഴ് വയസ് വരെ രണ്ട് തരം മലിനീകരണ വസ്‌തുക്കളുമായി സമ്പർക്കം പുലർത്തുന്നതു വഴിയാണ് ആളുകള്‍ക്ക് ബ്രോങ്കൈറ്റിസ് ലക്ഷണങ്ങൾ ഉണ്ടാകുന്നത്. പൊടി, പൂമ്പൊടി, കാട്ടുതീയിൽ നിന്നുള്ള ചാരം, വ്യാവസായിക ഉദ്‌വമനം, വാഹനങ്ങളുടെ എക്‌സ്‌ഹോസ്‌റ്റിൽ നിന്നുള്ളവ എന്നിങ്ങനെയുള്ള വായുവിലെ ചെറിയ കണങ്ങളാണ് ഒരു വിഭാഗം.