ഡൽഹി:സ്‌തനാർബുദ രോഗികൾ സ്വീകരിക്കുന്ന എൻഡോക്രൈൻ തെറാപ്പിയുടെ ഭാഗമായുണ്ടാകുന്ന പാർശ്വഫലങ്ങൾ അക്യുപങ്‌ചറിലൂടെ കുറയ്ക്കാൻ സാധിക്കുമെന്ന് പഠനം. മൂന്ന് ക്ലിനിക്കൽ പരീക്ഷണങ്ങളുടെ സംയോജിത വിശകലനത്തെ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്.
"പാർശ്വഫലങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ, രോഗികൾക്ക് അവരുടെ നിർദ്ദേശിച്ച മരുന്നുകൾ തുടരുന്നത് എളുപ്പമാക്കുന്നു, ഇത് ക്യാൻസർ വീണ്ടും വരാനുള്ള സാധ്യത കുറയ്ക്കാനും സ്‌തനാർബുദത്തെ അതിജീവിക്കുന്നവർക്ക് മെച്ചപ്പെട്ട ജീവിതം നല്‍കാനും കഴിയും,"- ഡാന-ഫാർബർ കാൻസർ ഇൻസ്‌റ്റിറ്റ്യൂട്ടിലെ പ്രധാന ഗവേഷകൻ വീഡോംഗ് ലു പറഞ്ഞു.
ചില തരത്തിലുള്ള സ്‌തനാർബുദങ്ങൾക്ക് കാരണമാകുന്ന ഹോർമോൺ സിഗ്നലിങ് തടയാൻ എൻഡോക്രൈൻ തെറാപ്പി സഹായിക്കുന്നു. ബ്രെസ്‌റ്റ് ക്യാൻസറിൽ നിന്ന് മുക്തരാകുന്നതിനായുള്ള ചികിത്സയാണെങ്കിലും ഈ തെറാപ്പിയുടെ പാർശ്വഫലങ്ങൾ സ്‌ത്രീകളെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. സ്‌തനാർബുദമുള്ള 80 ശതമാനം സ്‌ത്രീകൾക്ക് ഹോട്ട് ഫ്ലാഷസ് ഉണ്ടാകുന്നുണ്ട്. ഇതിന്‍റെ ഭാഗമായി പെട്ടന്ന് ശരീരത്തിന് ചൂട്, വിയർപ്പ് എന്നിവ അനുഭവപ്പെടുന്നു.