ഹൈദരാബാദ്: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സിബിഎസ്‌ഇ, ഐസിഎസ്‌ഇ, ഐബി, മറ്റ് ബോര്‍ഡുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളിലെല്ലാം തന്നെ തെലുഗ് ഭാഷ നിര്‍ബന്ധിതമായി പഠിപ്പിച്ചിരിക്കണമെന്ന് തെലങ്കാന സര്‍ക്കാര്‍. സിബിഎസ്‌ഇ വിദ്യാലയങ്ങളില്‍ ഒന്‍പതാം ക്ലാസില്‍ നിലവില്‍ പഠിപ്പിക്കുന്ന ലളിതമായ തെലുഗില്‍ നിന്ന് നിലവാരമുള്ള തെലുഗ് പഠിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിദ്യാലയങ്ങളില്‍ തെലുഗു നിര്‍ബന്ധമായും പഠിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ നടപടി കൈക്കൊള്ളണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 2026-27 അധ്യയന വര്‍ഷം മുതലാകും പുതിയ ഉത്തരവ് നിലവില്‍ വരിക.
ഒരു അധ്യയന വര്‍ഷം രണ്ട് തവണ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്‌ഇ കഴിഞ്ഞ ദിവസം തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് തെലങ്കാന സര്‍ക്കാരിന്‍റെ ഭാഷ ഉത്തരവ് വന്നിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. കുട്ടികളില്‍ അമിത പരീക്ഷ സമ്മര്‍ദ്ദം ഉണ്ടാക്കരുതെന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് ഈ മാറ്റം. ഇതിലൂടെ കുട്ടികളുടെ സ്‌കോര്‍ ഉയര്‍ത്താനാകുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.
ഇക്കാര്യം കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസമന്ത്രാലയത്തിന്‍റെ ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്‌തിരുന്നു. ഇത് സംബന്ധിച്ച കരട് സിബിഎസ്‌ഇയുെട ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കരട് നയപ്രകാരം ആദ്യഘട്ട പരീക്ഷ ഫെബ്രുവരി പതിനേഴ് മുതല്‍ മാര്‍ച്ച് ആറ് വരെ നടത്താനാണ് സിബിഎസ്‌ഇ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട കരടിന്‍മേല്‍ അധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ച്ച് ഒന്‍പത് വരെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം.
2026ല്‍ 26.60 ലക്ഷം കുട്ടികളാണ് സിബിഎസ്‌ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതുമെന്ന് പ്രതീക്ഷിക്കുന്നത്. പന്ത്രണ്ടാം ക്ലാസില്‍ 20 ലക്ഷം വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രംഗത്തെത്തി. അദ്ദേഹം സാങ്കല്‍പ്പിക ആശങ്കകളാണ് ഉയര്‍ത്തിക്കാട്ടിയിരിക്കുന്നതെന്നും ഇത് രാഷ്‌ട്രീയ ഉദ്ദേശ്യങ്ങള്‍ വച്ചാണെന്നും ധര്‍മ്മേന്ദ്ര ആരോപിച്ചു.
2020ലെ ദേശീയ വിദ്യാഭ്യാസ നയം ഒരു ഭാഷയും ഒരുസംസ്ഥാനങ്ങള്‍ക്ക് മേലും അടിച്ചേല്‍പ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ വേരുറപ്പിച്ച് കൊണ്ടുള്ള ആഗോളനിലവാരം നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന് കൊണ്ടു വരിക എന്നത് മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തമിഴ്‌നാടിന് അയ്യായിരം കോടിരൂപ നഷ്‌ടമായത് തമിഴ് മാധ്യമത്തിലൂടെയുള്ള ശാസ്‌ത്രീയ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഊന്നല്‍ നല്‍കുന്ന പിഎം ശ്രീ വിദ്യാലയങ്ങളില്‍ നടപ്പാക്കാത്തത് കൊണ്ടാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. എട്ടാംതരം വരെ മാതൃഭാഷയ്ക്ക് ദേശീയ വിദ്യാഭ്യാസ നയം ഊന്നല്‍ നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: വര്‍ഷത്തില്‍ രണ്ട് തവണ പത്താംതരം ബോര്‍ഡ് പരീക്ഷ നടത്തുന്നതിന് കരട് നയങ്ങളുമായി സിബിഎസ്‌ഇ