മലയാളികളുടെ പ്രിയതാരം ആന്‍റണി വർഗീസ് പെപ്പയെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്‍റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. 96 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണത്തിനാണ് പാക്കപ്പായത്. എഴുപത്തിയഞ്ചോളം ദിനങ്ങൾ നടുക്കടലിൽ ആയിരുന്നു ഷൂട്ടിംഗ്.
നവാഗതനായ അജിത് മാമ്പള്ളിയാണ് കടൽ സംഘർഷത്തിൻ്റെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആർഡിഎക്‌സിന്‍റെ തകർപ്പൻ വിജയത്തിന് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിർമിക്കുന്ന ചിത്രമാണിത്. ഈ പ്രൊഡക്ഷൻ ഹൗസിന്‍റെ ഏഴാമത് ചിത്രം കൂടിയാണ് ഇതുവരെയും പേര് വെളിപ്പെടുത്താത്ത ഈ സിനിമ.
ഷൂട്ടിങ്ങിന്‍റെ ഭാഗമായി 20 അടി വലിപ്പമുള്ള ഒരു കൂറ്റൻ സ്രാവിനെ അണിയറ പ്രവർത്തകർ നിമിച്ചിരുന്നു. കൂടാതെ കൊല്ലം കുരീപ്പുഴയിൽ ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിൻ്റെ ഒരു വമ്പൻ സെറ്റ് ഒരുക്കിയതും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഓണം റിലീസായാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തുക.
ഷബീർ കല്ലറയ്‌ക്കൽ, പ്രശസ്‌ത കന്നഡ താരം രാജ് ബി ഷെട്ടി തുടങ്ങിയവരും ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സോളോ ചിത്രം കൂടിയാണിത്. കടലിൻ്റെ പശ്ചാത്തലത്തിൽ പൂർണമായും ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയായാണ് ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്.
ഒരു തീരപ്രദേശത്തിൻ്റെ സംസ്‌കാരവും ജീവിതവും തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ദിവസങ്ങളോളം കടലിൽ പണിയെടുക്കുന്ന ഒരു സമൂഹത്തിൻ്റെ ജീവിതകാഴ്‌ചകളാണ് ഈ ചിത്രമെന്നും പറയാം. കടലിൻ്റെ പശ്ചാത്തലത്തിൽ മുൻപും പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്.
പ്രേക്ഷകരെ ആവേശത്തിലാഴ്‌ത്തുന്ന വിധമാണ് ഈ ചിത്രത്തിൻ്റെ അവതരണം എന്നാണ് വിവരം. കെ ജി എഫ് ചാപ്റ്റർ 1, കാന്താര തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ഈ സിനിമയുടെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് എന്നതും ശ്രദ്ധേയം.