എറണാകുളം: ലോക സിനിമ അനിമേഷൻ മേഖലയിൽ വാൾട് ഡിസ്‌നി പടുത്തുയർത്തിയ പേരും പ്രശസ്‌തിയും അദ്ദേഹത്തിന്‍റെ ആഖ്യാനങ്ങളും ലോക ചരിത്രത്തിന്‍റെ കൂടി ഭാഗമാണ്. ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും മണ്ണിനേക്കാൾ ഭൂമിയിൽ ചാര കൂമ്പാരങ്ങൾ സൃഷ്‌ടിച്ചപ്പോൾ തന്‍റെ സൃഷ്‌ടികളിലൂടെ മനുഷ്യ മനസിനെ ആനന്ദത്തിന്‍റെ പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ മനുഷ്യനാണ് ഡിസ്‌നി. അതുകൊണ്ടുതന്നെ മിക്കി മൗസ് മുതൽ ഫ്രോസൺ വരെ മരണമില്ലാത്ത കഥാപാത്രങ്ങളും സിനിമകളുമായി തുടരുന്നു.
ആർട്ടിഫിഷൽ ഇന്‍റലിജൻസ് എന്ന പ്രയോഗം ലോകം ഇപ്പോൾ ഉപയോഗിച്ച് തുടങ്ങിയിട്ടേയുള്ളൂ. 100 വർഷങ്ങൾക്കു മുൻപ് തന്നെ ആർട്ടിഫിഷൽ ഇന്‍റലിജൻസിന്‍റെ പ്രായോഗിക സാധ്യതകൾ തന്‍റെ സിനിമയിലൂടെ ലോകത്തിന് കാണിച്ചുകൊടുത്ത വിഖ്യാതനായ കലാകാരനായിരുന്നു വാൾട്ട്. അതുകൊണ്ടുതന്നെയാണ് ഗൂഫിയും ഡൊണാൾഡ് ഡക്കും പ്ലൂട്ടോയും അടക്കമുള്ള എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങൾ ലോകത്തെ ചിരിപ്പിച്ചത്, ചിന്തിപ്പിച്ചത്, കണ്ണീരണിയിച്ചത്.
1966 ൽ ജംഗിൾ ബുക്ക് എന്ന തന്‍റെ സ്വപ്‌നപദ്ധതിയുടെ പണിപ്പുരയിലായിരുന്നു വാൾട്ട് ഡിസ്‌നി. പക്ഷേ പ്രേക്ഷകരിലേക്ക് സിനിമ എത്തുന്നതിനു മുൻപ് തന്നെ വാൾട്ടിനെ മരണം കവർന്നു. കടുത്ത പുകവലിയാണ് അദ്ദേഹത്തെ ശ്വാസകോശ അർബുദത്തിലേക്ക് തള്ളിവിട്ടത്.
ജംഗിൾ ബുക്ക് പിൽക്കാലത്ത് ഡിസ്‌സി സ്‌റ്റുഡിയോസ് റിലീസ് ചെയ്‌തത് വാൾട്ടിനോടുള്ള ആദരസൂചകമായിട്ടായിരുന്നു. മൗഗ്ലിയും ബഗീരയും 'കാ'യും ഷേർ ഖാനും ലോകത്തിന്‍റെ മനസ് കവർന്നു. ഡിസ്‌സി ലാന്‍റും കഥാപാത്രങ്ങളുടെ ലോഗോയോടു കൂടിയ ബാഗും കുടയും ചെരുപ്പും വസ്‌ത്രങ്ങളും കമ്പനിയുടെ വ്യാപാര ഘടകങ്ങൾ ആക്കി വളർത്തുവാനും വിഖ്യാത മനുഷ്യനായി. വാൾട്ട് ഡിസ്‌നിയുടെ മരണശേഷം കമ്പനിയിൽ അദ്ദേഹത്തിവന്‍റെ സ്ഥാനത്ത് പലരും പ്രതിഷ്‌ഠിക്കപ്പെട്ടു. പക്ഷേ വാൾട്ടിനോളം പോന്ന ക്രിയേറ്റിവിറ്റിയും ദീർഘവീക്ഷണവും വന്നവർക്ക് ആർക്കും ഉണ്ടായില്ല.
ചരിത്രമെടുത്ത് പരിശോധിച്ചാൽ 80 കളുടെ തുടക്കത്തിലാണ് സത്യത്തിൽ ഐടി വിപ്ലവം ലോകത്താകമാനം ആഞ്ഞടിക്കുന്നത്. ഡ്രീം വർക്‌സ്, പിക്‌സർ തുടങ്ങിയ അനിമേഷൻ സിനിമ കമ്പനികളുടെ വളർച്ചയുടെ ചരിത്രം പറയാൻ ഏറെയാണ്. ഡിസ്‌നിക്ക് ഒപ്പം ഇതുപോലുള്ള നിരവധി കമ്പനികൾ മികച്ച സൃഷ്‌ടികളുമായി വിപണി കീഴടക്കി. ഇതുപോലുള്ള നിരവധി അനിമേഷൻ സിനിമകള്‍ കമ്പനികൾ കമ്പ്യൂട്ടറിന്‍റെ ഉപയോഗം തങ്ങളുടെ സൃഷ്‌ടികളെ മെച്ചപ്പെടുത്താൻ ആയുധമാക്കി തുടങ്ങി.
പക്ഷേ അപ്പോഴും ഡിസ്‌നി കമ്പ്യൂട്ടറുകളോടും ആധുനിക ടെക്നോളജികളോടും വിമുഖത കാണിച്ചു. പണവും കലാകാരന്മാരുടെ ബാഹുല്യവും ജനപിന്തുണയും ഒക്കെ ഉണ്ടെങ്കിലും ഡിസ്‌നിയുടെ ഏറ്റവും വലിയ മണ്ടത്തരങ്ങളിൽ ഒന്നായിരുന്നു ടെക്നോളജിയോടുള്ള വിമുഖത.
ആദ്യ 3D സിനിമ ടോയ് സ്‌റ്റോറി 1995 ലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ സംവിധായകനായ ജോൺ ലാസറ്റ് ഒരുകാലത്ത് വാൾട്ട് ഡിസ്‌നി കമ്പനിയിലെ ജീവനക്കാരനായിരുന്നു. ആദ്യ ത്രീഡി സംരംഭമായി ജോൺലാസറ്റ് ഒരു ഷോർട്ട് ഫിലിം നിർമ്മിക്കാൻ തീരുമാനിക്കുന്നു. പ്രോജക്‌ട് ആദ്യം ചർച്ചചെയ്‌തത് വാൾട്ട് ഡിസ്‌നി കമ്പനിയുമായായിരുന്നു. പക്ഷേ കമ്പ്യൂട്ടർ ത്രീഡി തുടങ്ങിയ ആധുനിക കാഴ്‌ചപ്പാടുകളോട് കണ്ണടച്ച ഡിസ്‌നി ജോൺ ലാസട്ടിനെ അപ്പാടെ നിരാകരിച്ചു.
കമ്പനിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തിൽ ജോൺ ലാസെറ്റ് അടക്കം നിരവധി പേരാണ് അക്കാലത്ത് ഡിസ്‌നി വിട്ട് പോകുന്നത്. പക്ഷേ ഇതിന്‍റെയൊക്കെ ഗുണഫലം ലഭിച്ചത് മറ്റു പല കമ്പനികൾക്കും ആണ്. ത്രീഡി എന്ന ആശയം ഉയർന്നു വന്നതോടെ സോണി അടക്കമുള്ള നിരവധി കമ്പനികൾ രംഗത്തെത്തി. ഡിസ്‌നിയിൽ നിന്ന് രാജിവച്ച അനിമേഷൻ കലാകാരന്മാർ കൂട്ടത്തോടെ ഇത്തരം കമ്പനികളിലേക്ക് ചേക്കേറി.