വിഷ്‌ണു മഞ്ചുവിനെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ' ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിത ചിത്രത്തിൽ കാജൽ അഗർവാൾ ഭാഗമാകുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അതിനിടയിലേക്കാണ് സുപ്രധാന വേഷത്തിൽ കാജല്‍ അഗര്‍വാള്‍ എത്തിയിരിക്കുന്നത്.
വിഷ്‌ണു മഞ്ചുവുമായി കാജൽ അഗർവാൾ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കണ്ണപ്പ. 'മൊസഗല്ലു' എന്ന ചിത്രത്തിൽ സഹോദരങ്ങളായി ഇരുവരും നേരത്തെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു.
വമ്പന്‍ താരങ്ങള്‍ ഒരുമിച്ചെത്തുന്ന ചിത്രത്തിൽ ആരാധകർക്ക് വലിയ വിരുന്നാണ് ഒരുങ്ങുന്നതെന്ന് നിസംശയം പറയാം. കഴിഞ്ഞ വർഷം ശ്രീകാളഹസ്‌തീശ്വര ക്ഷേത്രത്തിൽ വെച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ച ചിത്രത്തിന്‍റെ ഷൂട്ടിങ് അവസാന ഘട്ടത്തിലാണ്.