വിനീത് ശ്രീനിവാസൻ 'വർഷങ്ങൾക്കു ശേഷം' സിനിമയെക്കുറിച്ച് തിയേറ്ററുകളിൽ തിളങ്ങിയ ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത സിനിമയാണ് 'വർഷങ്ങൾക്കു ശേഷം'. ഏപ്രിൽ 12ന് 'വർഷങ്ങൾക്കു ശേഷം' തിയേറ്ററുകളിലേക്ക് എത്തുകയായി. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമയിൽ നിവിൻ പോളിയും നിർണായക വേഷത്തിലുണ്ട്. ഇപ്പോഴിതാ തന്‍റെ പുതിയ സിനിമയുടെ വിശേഷങ്ങൾ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് വിനീത്.
'ഹൃദയം' നിർമിച്ച അതേ പ്രൊഡക്ഷൻ ഹൗസ് തന്നെയാണ് 'വർഷങ്ങൾക്കു ശേഷ'ത്തിന്‍റെയും നിർമാണം. പ്രൊമോഷൻ തിരക്കുകളിലാണ് നിലവിൽ താരങ്ങളും അണിയറ പ്രവർത്തകരും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ ഈ സിനിമയുടെ പ്രൊമോഷണൽ ഇന്‍റർവ്യൂകൾ പ്രേക്ഷകർ കണ്ടുകഴിഞ്ഞു.
ഇത്രയധികം ഹൈപ്പ് 'വർഷങ്ങൾക്കു ശേഷം' എന്ന ചിത്രത്തിന് വേണമെന്ന് കരുതിയതല്ലെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞു. എന്തായാലും സംഭവിച്ച കാര്യങ്ങൾ ഗുണപ്പെട്ടു. ഒരു ട്രെയിലറിലൂടെ മാത്രം ജനങ്ങളെ സിനിമയെക്കുറിച്ച് അറിയിക്കണമെന്ന് ആഗ്രഹമായിരുന്നു ആദ്യം. ഇത്രയൊക്കെ പ്രൊമോഷൻ സിനിമയ്‌ക്ക് കിട്ടിയില്ലെങ്കിലും ഞങ്ങൾ ഹാപ്പിയാണ്.
മനസിൽ എഴുതാൻ തോന്നുന്ന ആശയങ്ങൾ മാത്രമേ തിരക്കഥയുടെ രൂപത്തിലേക്ക് മാറ്റാറുള്ളൂ. വർഷങ്ങളോളം ആ ആശയം നിലനിൽക്കണമെന്നോ ആ സിനിമ തന്നിലെ സംവിധായകന്‍റെ മാറ്റുകൂട്ടണമെന്നോ തുടങ്ങിയ കാര്യങ്ങൾ ഒരിക്കലും ചിന്തിക്കാറില്ല. ഉള്ളിൽ ഈ കഥ എഴുതണമെന്ന് ആരോ മന്ത്രിക്കുന്നത് പോലെയൊക്കെ ചിലപ്പോൾ തോന്നാറുണ്ട്. എഴുതി തുടങ്ങിയാൽ സിനിമയുടെ രംഗങ്ങൾ എത്രത്തോളം രസാവഹമാക്കാൻ സാധിക്കുമോ എന്നുള്ളത് മാത്രമാകും ചിന്ത. അതിനപ്പുറത്തേക്കുള്ള കാര്യങ്ങളെക്കുറിച്ച് താൻ ഒരിക്കലും ചിന്തിച്ചിട്ടില്ല എന്നുള്ളതാണ് സത്യം.
ധ്യാൻ എന്ന കാസ്റ്റിങ് ഒരിക്കലും തന്നെ സംബന്ധിച്ച് പാളി പോയിട്ടില്ലെന്നും വിനീത് പറയുന്നു. ചിത്രത്തിന്‍റെ രണ്ടാം പകുതിയിലെ ഒരു പ്രത്യേക രംഗത്തിൽ ധ്യാൻ കരയുന്നുണ്ട്. ഗ്ലിസറിൻ ഇട്ടതായിരിക്കും എന്നാണ് അപ്പോൾ കരുതിയിരുന്നത്. എന്നാൽ പിന്നീട് ധ്യാൻ ഒരു ഇന്‍റർവ്യൂവിൽ അത് യഥാർഥ കരച്ചിൽ തന്നെയായിരുന്നു എന്ന് പറയുകയുണ്ടായി.
ഒരുപക്ഷേ ധ്യാൻ ശ്രീനിവാസൻ എന്ന വ്യക്തിയുടെ ഭൂതകാലം അനുസ്‌മരിപ്പിക്കുന്ന തരത്തിലുള്ള നിമിഷങ്ങളിലൂടെ കടന്നുപോയതിനാൽ ആകണം അയാളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാവുക. 'ഹൃദയം' എന്ന ചിത്രത്തിൽ നിന്നും 'വർഷങ്ങൾക്കു ശേഷം' എന്ന സിനിമയിലേക്ക് എത്തുമ്പോൾ പ്രണവ് മോഹൻലാൽ എന്ന നടൻ വളരെയധികം മികവുറ്റതായി എന്ന് തോന്നിയിട്ടുണ്ട്. അയാളുടെ ശരീര ഭാഷ്യം കൂടുതൽ കഥാപാത്രങ്ങൾക്ക് യോജ്യമായി തുടങ്ങി. 'വർഷങ്ങൾക്കു ശേഷം' എന്ന ചിത്രത്തിലെ മുരളി എന്ന കഥാപാത്രത്തിൽ ആ മാറ്റം നിങ്ങൾക്ക് ബോധ്യമാകും.
70കളിലെ കോടമ്പാക്കം അറിവുകളിൽ നിന്നാണ് ഈ സിനിമ സൃഷ്‌ടിച്ചിട്ടുള്ളതെന്നും വിനീത് പറഞ്ഞു. അച്ഛൻ ശ്രീനിവാസൻ അടക്കം പറഞ്ഞുതന്ന കഥകളിൽ നിന്നും മനസിൽ രൂപപ്പെട്ട കോടമ്പാക്കത്തെ ഞങ്ങൾ മികച്ച സെറ്റ് വർക്കിലൂടെ പുനസൃഷ്‌ടിച്ചു. കോടമ്പാക്കത്തെ പുനർജനിപ്പിക്കുന്നതിനേക്കാൾ കൂടുതൽ അക്കാലത്തെ ജീവിതം അതുപോലെ സൃഷ്‌ടിക്കാൻ ആയിരുന്നു തങ്ങളുടെ ശ്രദ്ധ മുഴുവൻ. എന്തായാലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ഫസ്റ്റ് കോപ്പി കണ്ടവരിൽ നിന്നും ലഭിച്ചത്. സംവിധായകൻ എന്നുള്ള നിലയിൽ തനിക്ക് ആത്മവിശ്വാസവും സന്തോഷവും ചിത്രത്തെക്കുറിച്ച് ഉണ്ടെന്നും വിനീത് പറഞ്ഞു.
ALSO READ:'പ്യാരാ മേരാ വീരാ' ലിറിക്കൽ വീഡിയോ പുറത്ത്; 'വർഷങ്ങൾക്കു ശേഷ'ത്തിൽ നിറഞ്ഞാടാൻ നിവിൻ