സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും സംവിധായകന്‍ ബി ഉണ്ണികൃഷ്‌ണനെ ഒഴിവാക്കണമെന്ന് സംവിധായകന്‍ വിനയന്‍. കോമ്പറ്റീഷന്‍ കമ്മീഷന്‍ പിഴ ചുമത്തിയ വ്യക്തിയാണ് ബി ഉണ്ണികൃഷ്‌ണനെന്നും കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരാള്‍ നയരൂപീകരണ സമിതിയില്‍ പാടില്ലെന്നും ആവശ്യപ്പെട്ട് വിനയന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. തന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിലും വിനയന്‍ കത്ത് പങ്കുവച്ചു.
'ബഹുമാന്യനായ കേരളാ മുഖ്യമന്ത്രി, പിണറായി വിജയന്‍ സര്‍,
മലയാള സിനിമയില്‍ സംവിധായകനായും, തിരക്കഥാകൃത്തായും, നിര്‍മ്മാതാവായും പ്രവര്‍ത്തിച്ച് വരുന്ന ഒരു വ്യക്തിയാണ് ഞാന്‍. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും, തൊഴില്‍ നിഷേധം ഉള്‍പ്പെടെയുള്ള മറ്റ് വിഷയങ്ങളെ കുറിച്ചും പഠിക്കാനായി ജസ്‌റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ നിയമിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കേരളത്തില്‍ വലിയ ചര്‍ച്ച ആയിരിക്കുന്ന ഈ അവസരത്തില്‍ ആ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചില ഗൗരവമായ വിഷയങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുകയാണ്.
റിപ്പോര്‍ട്ട് വന്നതിന് ശേഷം അത് പ്രസിദ്ധീകരിക്കുവാന്‍ വലിയ കാലതാമസം ഉണ്ടായെങ്കിലും, ഇന്ത്യയില്‍ ആദ്യമായി ഇങ്ങനെ സിനിമയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ച അങ്ങയുടെ സര്‍ക്കാരിന്‍റെ തീരുമാനത്തെ ആദ്യമെ അഭിനന്ദിച്ചുകൊള്ളട്ടെ.
ഈ റിപ്പോര്‍ട്ടിന്‍റെ 137 മുതല്‍ 141 വരെയുള്ള പേജുകളില്‍ സിനിമയിലെ തൊഴില്‍ നിഷേധത്തിനും വിലക്കിനും എതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിധിയെ പറ്റി പ്രതിപാദിക്കുന്നുണ്ട്. 2014ല്‍ മലയാള സിനിമയിലെ തൊഴില്‍ നിഷേധത്തിനും രഹസ്യ വിലക്കിനും എതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ പരാതിയുമായി പോയ വ്യക്തി ഞാനാണ് (CCI Case No. 98 of 2014). 2017 മാര്‍ച്ചില്‍ CCI പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പ് ഇതിനോടൊപ്പം അറ്റാച്ച് ചെയ്യുന്നുണ്ട്.
CCI - യുടെ വെബ്സൈറ്റിലും ഈ വിധിയുടെ വിശദാംശങ്ങള്‍ കാണാന്‍ കഴിയും. ഈ വിധി അനുസരിച്ച് കോമ്പറ്റീഷന്‍ ആക്‌ടിന്‍റെ സെക്ഷന്‍ 3 പ്രകാരം അമ്മ സംഘടനയ്‌ക്ക് 4,00,065 രൂപയും ഫെഫ്‌ക സംഘടനയ്ക്ക് 85,594 രൂപയും പെനാല്‍റ്റി അടിച്ചിട്ടുള്ളതാണ്. CCI ആക്‌ടിന്‍റെ സെക്ഷന്‍ 48 പ്രകാരം അന്നത്തെ 'അമ്മ' പ്രസിഡന്‍റ് ശ്രീ. ഇന്നസെന്‍റിന് 51,478 രൂപയും അമ്മ സെക്രട്ടറി ശ്രീ. ഇടവേള ബാബുവിന് 19,113 രൂപയും ഫെഫ്‌കയുടെ പ്രസിഡന്‍റ് ശ്രീ. സിബി മലയിലിന് 66,356 രൂപയും ഫെഫ്‌ക ജെനറല്‍ സെക്രട്ടറി ശ്രീ. ബി.ഉണ്ണികൃഷ്‌ണന് 32,026 രൂപയും പെനാല്‍റ്റി അടിച്ചിട്ടുള്ളതാണ്.
ഇതിനെതിരെ ഈ സംഘടനകളും വ്യക്തികളും ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുക്കുകയും ബഹുമാനപ്പെട്ട ജസ്‌റ്റിസ് റോഹിംഗ്‌ടണ്‍ ഫാലി നരിമാന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് 2020 സെപ്‌തംബര്‍ 28ന് അപ്പീല്‍ തള്ളിക്കൊണ്ട് പെനാല്‍റ്റി നല്‍കിയ ശിക്ഷ ശരിവയ്ക്കുകയും ചെയ്‌തിട്ടുള്ളതാണ്. സുപ്രീം കോടതി വിധിയുടെ പകര്‍പ്പും ഇതിനോടൊപ്പം വയ്ക്കുന്നു.
സുപ്രീം കോടതി അപ്പീല്‍ തള്ളിയതോടെ ഫൈന്‍ അടച്ച വ്യക്തികളെല്ലാം കുറ്റക്കാരായി മാറിയിരിക്കുന്നു. എന്നാല്‍ ഫെഫ്‌ക സെക്രട്ടറി ശ്രീ. ബി.ഉണ്ണികൃഷ്‌ണനെ ശ്രീ. ഷാജി എന്‍. കരുണ്‍ അദ്ധ്യക്ഷനായുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സിനിമാ നയരൂപീകരണ സമിതിയില്‍ അംഗമായി നിയമിച്ചിരിക്കുന്നു എന്ന് 10-08-2023ല്‍ ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രി 15-ാം നിയമസഭയില്‍ ശ്രീ. ഐ.സി ബാലകൃഷ്‌ണന് കൊടുത്ത മറുപടിയിലൂടെ ഞാന്‍ മനസ്സിലാക്കുന്നു.
അന്യായമായ പ്രതികാര ബുദ്ധിയോടെ തൊഴില്‍ നിഷേധം നടത്തി എന്ന കുറ്റത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീം കോടതി അതു ശരിവയ്ക്കുകയും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അത് വ്യക്തമായി പറയുകയും ചെയ്‌തിരിക്കുന്ന ഫെഫ്‌ക സെക്രട്ടറി ശ്രീ. ബി.ഉണ്ണികൃഷ്‌ണനെ കേരള സര്‍ക്കാരിന്‍റെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു. വിശ്വസ്‌തതയോടെ വിനയന്‍.' -വിനയന്‍ കുറിച്ചു.
Also Read: അതിജീവിതകള്‍ക്കൊപ്പം എന്ന് ഫെഫ്‌ക, കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ വലുപ്പച്ചെറുപ്പമില്ലാതെ നടപടി - FEFKA on Hema Committee Report