കൊച്ചി: ആർഎസ്‌എസ് മേധാവി ഡോ. മോഹൻ ഭാഗവത് നാളെ (ജനുവരി 16) കേരളത്തിലെത്തും. സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി 16 മുതല്‍ 21 വരെയാണ് ഭാഗവത് കേരളത്തില്‍ ഉണ്ടാകുക.
ആർഎസ്‌എസ് പ്രവർത്തകരുമായി വിവിധ യോഗങ്ങളിൽ ഡോ. ഭാഗവത് പങ്കെടുക്കുമെന്ന് സംഘടന ബുധനാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.
ആർഎസ്‌എസ് ശതാബ്‌ദി ആഘോഷങ്ങളുടെ മുന്നോടിയായി ജനുവരി 17 ന് എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലുള്ള പരമഭട്ടാര കേന്ദ്ര വിദ്യാലയത്തിൽ വിദ്യാർഥി പ്രവർത്തകരുടെ സമ്മേളനത്തിലും ആര്‍എസ്‌എസ് തലവൻ പങ്കെടുക്കും. ജനുവരി 21ന് രാവിലെ ആർഎസ്‌എസ് മേധാവി തിരിക്കുമെന്നും പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.
അതേസമയം, ഇന്ത്യയ്ക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠയിലൂടെയാണെന്ന മോഹൻ ഭാഗവതിന്‍റെ പ്രസ്‌താവന വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു. കഴിഞ്ഞ ദിവസമായിരുന്നു ആര്‍എസ്എസ് തലവൻ വിവാദ പ്രസ്‌താവന നടത്തിയത്. ഇതിനെ ശക്തമായി എതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തി.
ഭാഗവതിന്‍റെ പരാമര്‍ശം രാജ്യദ്രോഹക്കുറ്റത്തിന് സമാനമാണെന്നും വേറൊരു രാജ്യത്തായിരുന്നുവെങ്കില്‍ അദ്ദേഹത്തെ വിചാരണ ചെയ്യുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.