ഹൈദരാബാദ്:ടോളിവുഡിന്‍റെ സ്റ്റൈലിഷ് താരം, തെന്നിന്ത്യയിലാകെ ഏറെ ആരാധകരുള്ള വിജയ് ദേവരകൊണ്ട നായകനായി പുതിയ ചിത്രം വരുന്നു. 'SVC59' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രവി കിരൺ കോലയാണ്. 'രാജാ വാരു റാണി ഗാരു' എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്ത് ഗംഭീര ചുവടുവയ്‌പ്പ് നടത്തിയ രവി കിരൺ കോലയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ഈ ചിത്രം.
ഇപ്പോഴിതാ 'SVC59' സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വിജയ് ദേവരകൊണ്ടയുടെ ജന്മദിനമായ മെയ് 9 ന് പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാക്കൾ. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് നിർമാതാക്കൾ അപ്‌ഡേറ്റ് പുറത്തുവിട്ടത്.
സംവിധായകൻ രവി കിരൺ കോലയ്‌ക്കും നിർമ്മാതാവ് ദിൽ രാജുവിനുമൊപ്പം വിജയ് ദേവരകൊണ്ട നിൽക്കുന്ന ഒരു ചിത്രവും പ്രൊഡക്ഷൻ ഹൗസായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് പങ്കിട്ടു. 'ജീവിതത്തേക്കാൾ വലിയ "റൂറൽ ആക്ഷൻ ഡ്രാമ" വരുന്നു' എന്ന് കുറിച്ചുകൊണ്ടാണ് നിർമാതാക്കൾ ഫോട്ടോ പങ്കുവച്ചത്. സിനിമയുടെ സുപ്രധാന അപ്‌ഡേറ്റുകളറിയാൻ മെയ് 9നായി കാത്തിരിക്കുകയാണ് ആരാധകർ.