ഹൈദരാബാദ്:ബോക്സോഫിസിൽ തകർപ്പൻ വിജയത്തോടെ കുതിയ്ക്കുകയാണ് രജനികാന്തും അമിതാഭ് ബച്ചനും ഒന്നിച്ച തമിഴ് ആക്ഷൻ ഡ്രാമ ചിത്രം 'വേട്ടയ്യന്‍'. ഒക്‌ടോബർ 10ന് റിലീസായ ചിത്രം ടിജെ ജ്ഞാനവേൽ ആണ് സംവിധാനം ചെയ്‌തിരിക്കുന്നത്. വമ്പൻ അഭിനേതാക്കളെ ചിത്രത്തിലൂടെ അണിനിരത്തുക മാത്രമല്ല, ഈ വിജയദശമിയിൽ ലോകമെമ്പാടുമുളള രജനികാന്ത് ആരാധകർക്ക് നൽകിയ സമ്മാനമായി കൂടി മാറിയിരിക്കുകയാണ് ഈ ചിത്രം.
തമിഴ്‌നാട്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ ഓപ്പണർ
വേട്ടയ്യൻ ലോകമെമ്പാടുമുള്ള ബോക്സോഫിസിൽ ഒരു തകർപ്പൻ ഓപ്പണിങാണ് നടത്തിയത്. റിലീസ് ചെയ്‌ത് മൂന്നാമത്തെ ദിവസമായ ഇന്ന് ആഗോള കലക്ഷൻ 64 കോടിയാണ് നേടിയത്. ആഭ്യന്തരമായി 37 കോടിയോളം രൂപ നേടിയ ചിത്രം, തമിഴ്‌നാട്ടിൽ നിന്ന് മാത്രം 20.50 കോടി നേടി. അന്താരാഷ്ട്ര തലത്തിൽ ചിത്രം 27 കോടി രൂപ (ഏകദേശം $3.2 മില്യൺ) നേടി. 2024ൽ ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഓപ്പണിങ്ങാണിത്.
വേട്ടയ്യൻ ബോക്‌സ് ഓഫിസ് കളക്ഷൻ ഡേ2
രണ്ടാം ദിവസം കലക്ഷനിൽ ഇടിവ് കണ്ടതിനാൽ ചിത്രത്തിൻ്റെ ആവേശം കുറഞ്ഞിരുന്നു. എന്നാൽ, ഇൻഡസ്ട്രി ട്രാക്കർ സാക്‌നിൽക് പറയുന്നതനുസരിച്ച് ചിത്രം 50 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു. വെറും രണ്ട് ദിവസം കൊണ്ട് മാത്രം ചിത്രം 55.5 കോടി രൂപ നേടി.
ഒന്നാം ദിനം: 31.7 കോടി രൂപ (തമിഴ്: 27.75 കോടി; തെലുങ്ക്: 3.3 കോടി; ഹിന്ദി: 0.6 കോടി; കന്നഡ: 0.05 കോടി)
രണ്ടാം ദിനം:23.8 കോടി രൂപ (തമിഴ്: 21.35 കോടി, തെലുങ്ക്: 2 കോടി, ഹിന്ദി: 0.4 കോടി, കന്നഡ: 0.05 കോടി)
ആകെ: 55.5 കോടി രൂപ (തമിഴ്: 49.1 കോടി, തെലുങ്ക്: 5.3 കോടി, ഹിന്ദി: 1 കോടി, കന്നഡ: 0.1 കോടി)
ശ്രദ്ധേയമായ കഥാപാത്രാവിഷ്‌കാരം
എസ്‌പി അജിത് കുമാരൻ ഐപിഎസായാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്. ഡിജിപി സത്യദേവ് ബ്രഹ്മദത്ത് പാണ്ഡെയായി അമിതാഭ് ബച്ചനും എത്തുന്നു. പാട്രിക് എന്ന കഥാപാത്രമായി ഫഹദ് ഫാസിലും നടരാജായി റാണ ദഗ്ഗുബതി, താരയായി മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്നു. അമിതാഭ് ബച്ചൻ്റെ തമിഴ് സിനിമയിലെ അരങ്ങേറ്റം കൂടിയാണ് ചിത്രം.
വെള്ളിത്തിരയിലേക്കുള്ള ഒരു യാത്ര
രജനികാന്തിൻ്റെ 170ആമത്തെ നായക കഥാപാത്രത്തെ സൂചിപ്പിക്കുന്ന തലൈവർ 170 എന്ന പേരിൽ 2023 മാർച്ചിലാണ് ചിത്രത്തിൻ്റെ പ്രഖ്യാപനം നടന്നത്. പിന്നീട് 2023 ഡിസംബറിൽ ചിത്രത്തിൻ്റെ പേര് വേട്ടയ്യൻ എന്നാക്കി പ്രഖ്യാപനം നടത്തുകയായിരുന്നു. തിരുവനന്തപുരം, തിരുനെൽവേലി, ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവയുൾപ്പെടെ നിരവധി ലൊക്കേഷനുകളിലായാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ സംഗീതവും എസ്ആർ കതിറിൻ്റെ ഛായാഗ്രഹണവും ചിത്രത്തിൻ്റെ സ്വീകാര്യത കൂട്ടുന്നു.
വേട്ടയ്യനെ പിൻതുടർന്ന് വിവാദങ്ങൾ
വേട്ടയ്യൻ തുടക്കത്തിൽ തന്നെ വിജയം കൈവരിച്ചെങ്കിലും ചിത്രത്തിന് പിന്നിലെ വിവാദങ്ങൾ ഒഴിഞ്ഞിട്ടില്ല. സംവിധായകൻ ടിജെ ജ്ഞാനവേലിൻ്റെ മുൻപത്തെ ചിത്രമായ ജയ് ഭീമിലെ പ്രമേയങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്‌തമായി ഈ ചിത്രത്തിൽ നിയമവിരുദ്ധമായ കൊലപാതകങ്ങളെ മഹത്വവത്കരിച്ച് കാണിക്കുന്നതിന് ഏറെ വിമർശനങ്ങൾ നേരിട്ടു.
ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്‌കരൻ അല്ലിരാജയാണ് വേട്ടയ്യൻ നിർമിച്ചിരിക്കുന്നത്. രജനികാന്തിൻ്റെയും അമിതാഭ് ബച്ചൻ്റെയും കരിയറിലെ ഒരു നാഴികക്കല്ലായി മാറാൻ വേട്ടയ്യനിന് കഴിയുമോയെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.
Also Read:'വേട്ടയ്യനെ' കാണാന്‍ തിയേറ്ററിലേക്ക് ഓടിയെത്തി ധനുഷും അനിരുദ്ധും; ചിത്രം ആഘോഷമാക്കി ആരാധകര്‍- വീഡിയോ