തിയേറ്ററുകളിൽ ഓളം സൃഷ്‌ടിച്ച 'ഹൃദയം' എന്ന സിനിമയ്‌ക്ക് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വര്‍ഷങ്ങള്‍ക്കു ശേഷം'. മലയാളി സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ സുപ്രധാന അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്.
'വര്‍ഷങ്ങള്‍ക്കു ശേഷം' സിനിമയുടെ ട്രെയിലർ റിലീസുമായി ബന്ധപ്പെട്ട അറിയിപ്പാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ന് (മാർച്ച് 21 വ്യാഴം) വൈകീട്ട് ആറ് മണിക്ക് ട്രെയിലർ പുറത്തെത്തും. മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലാണ് ട്രെയിലർ റിലീസ് തീയതി പ്രേക്ഷകരുമായി പങ്കുവച്ചത്.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥയും ഒരുക്കുന്ന ഈ ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം വൻ താരനിരയും അണിനിരക്കുന്നുണ്ട്. നിവിൻ പോളിയാണ് അതിൽ പ്രധാനി. ചിത്രത്തിൽ നിർണായക വേഷത്തിലാകും താരം എത്തുക എന്നാണ് കരുതുന്നത്. കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അടുത്തിടെയാണ് ചിത്രത്തിലെ പാട്ടുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ആദ്യ ഘട്ടത്തില്‍ ആറ് ഗാനങ്ങളാണ് പുറത്തിറക്കിയത്. ഇനി നാല് പാട്ടുകൾ കൂടി പുറത്തിറങ്ങാനുണ്ട്. 'ഹൃദയം' പോലെ സംഗീതത്തിന് പ്രധാന്യം നൽകിയാണ് വിനീത് 'വർഷങ്ങൾക്കു ശേഷ'വും അണിയിച്ചൊരുക്കിയത്. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് അമൃത് രാംനാഥാണ്. ബോംബെ ജയശ്രീ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്, വിനീത് ശ്രീനിവാസൻ എന്നിവരാണ് ഗാനരചന.