ഹൈദരാബാദ് :ഫെബ്രുവരി 14, പ്രണയത്തിന്‍റെ, പ്രണയിക്കുന്നവരുടെ ദിനം. ഫെബ്രുവരി മാസമാകെ പ്രണയം നിറഞ്ഞതായി തോന്നും. ഫെബ്രുവരി 14നാണ് ലോകമെമ്പാടും വാലന്‍റൈൻസ് ദിനം ആഘോഷിക്കപ്പെടുന്നത്. അതിനും ഒരാഴ്‌ച മുൻപ് തന്നെ വാലന്‍റൈൻസ് വീക്ക് തുടങ്ങും.
ദമ്പതികൾക്കും, തങ്ങളുടെ പ്രണയം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും, പ്രത്യേകിച്ച് അടുത്തിടെ വിവാഹിതരായവർക്കും വാലൻ്റൈൻസ് ഡേ എന്നത് ഒരു പ്രത്യേക ദിവസം തന്നെയാണ്. ഇനി വാലന്‍റൈൻസ് ഡേയ്‌ക്ക് പ്രത്യേകിച്ച് പദ്ധതികളൊന്നും തന്നെ നിങ്ങൾക്കില്ലെങ്കിലും വിഷമിക്കേണ്ട. നിങ്ങളുടെ വീട്ടിലിരുന്നുതന്നെ ഈ പ്രണയ ദിനം സിനിമകൾ കണ്ട് ആഘോഷിക്കാം.
ബോളിവുഡ് സിനിമയുടെ സുവർണകാലം മുതൽ ഇന്നെത്തി നിൽക്കുന്ന Gen-Z കാലഘട്ടം വരെ, പ്രണയത്തിൻ്റെ വ്യത്യസ്‌ത തലങ്ങൾ തിരശീലയിലേക്ക് പകർത്തിയ ചലച്ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. "പ്യാർ ദോസ്‌തി ഹേ" എന്ന് ചിലർ പറഞ്ഞപ്പോൾ മറ്റ് ചിലരാകട്ടെ പ്രണയത്തിന് പുതിയ അർഥതലങ്ങൾ കണ്ടെത്തി.
റൊമാൻ്റിക് ഫീൽ ഗുഡ് സിനിമകൾക്ക് ഒട്ടും പഞ്ഞമില്ല ബോളിവുഡിൽ. അത്തരം റൊമാൻ്റിക് ഫീൽ ഗുഡ് സിനിമകൾ വീണ്ടും കാണാൻ പറ്റിയ സമയമാണ് വാലൻ്റൈൻസ് ഡേ. ഈ പ്രണയ ദിനത്തിൽ നിങ്ങൾക്ക് ആസ്വദിച്ച് കാണാൻ കഴിയുന്ന 10 സിനിമകളുടെ ലിസ്റ്റ് ഇതാ.
1. യേ ജവാനി ഹേ ദീവാനി (നെറ്റ്ഫ്ലിക്‌സ്)
രൺബീർ കപൂർ, ദീപിക പദുകോൺ, കൽക്കി കോച്ച്ലിൻ, ആദിത്യ റോയ് കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 'യേ ജവാനി ഹേ ദീവാനി' (Yeh Jawaani Hai Deewani). അയാൻ മുഖർജിയാണ് ഈ പ്രണയ ചിത്രം സംവിധാനം ചെയ്‌തത്. പ്രണയവും സൗഹൃദവുമെല്ലാം നിറഞ്ഞുനിൽക്കുന്ന ഈ സിനിമ നാല് സുഹൃത്തുക്കളിലൂടെയാണ് വികസിക്കുന്നത്.
ഹിമാലയൻ ഹൈക്കിംഗിനിടെ സഹപാഠികളായ ഇവർ വീണ്ടും ഒന്നിക്കുന്നതും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഈ ചിത്രം പറയുന്നത്. മനോഹരമായ ഛായാഗ്രഹണം, അവിസ്‌മരണീയമായ സൗണ്ട് ട്രാക്ക്, ആകർഷകമായ പ്രകടനം എന്നിവയാൽ കയ്യടി നേടിയ 'യേ ജവാനി ഹേ ദീവാനി', പ്രിയപ്പെട്ടവരുമൊത്തുള്ള ഒരു മുവി ഡേറ്റിന് ഏറെ അനുയോജ്യമായ ചിത്രമാണ്.
2. ബർഫി (നെറ്റ്ഫ്ലിക്‌സ്)
അനുരാഗ് ബസു രചനയും സംവിധാനവും നിർവഹിച്ച് 2012-ൽ പുറത്തിറങ്ങിയ റൊമാൻ്റിക് കോമഡി ചിത്രമാണ് 'ബർഫി' (Barfi). രൺബീർ കപൂറിനൊപ്പം പ്രിയങ്ക ചോപ്രയും ഇല്യാന ഡിക്രൂസുമാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1970കളിലാണ് ഈ സിനിമയുടെ കഥ നടക്കുന്നത്.
ഡാർജിലിംഗിനെയും കൊൽക്കത്തയെയും പശ്ചാത്തലമാക്കുന്ന ഈ ചിത്രം ബധിരനും മൂകനുമായ ബർഫിയുടെ (രൺബീർ) കഥയാണ് പറയുന്നത്. ശ്രുതിയുമായുള്ള (ഇല്യാന) അവന്‍റെ പ്രണയവും പിന്നീട് ഓട്ടിസം ബാധിച്ച ജിൽമിലുമായി (പ്രിയങ്ക) അവനുണ്ടാകുന്ന അഗാധമായ ബന്ധവുമാണ് ഈ സിനിമയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
3. വീർ - സാറ (ആമസോൺ പ്രൈം വീഡിയോ)
സ്‌നേഹവും വേർപിരിയലും ത്യാഗവുമെല്ലാം പ്രമേയമാക്കുന്ന സിനിമയാണ് 'വീർ-സാറ' (Veer Zara). യാഷ് ചോപ്രയുടെ സംവിധാനത്തിലും നിർമാണത്തിലും 2004ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ ഷാരൂഖ് ഖാനും പ്രീതി സിൻ്റയുമാണ് ടൈറ്റിൽ കഥാപാത്രങ്ങളായി എത്തിയത്. യാഷ് ചോപ്രയുടെ മകനായ ആദിത്യ ചോപ്രയാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയത്.
ഇന്ത്യൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ വീർ പ്രതാപ് സിംഗും (ഷാരൂഖ് ഖാൻ), പാകിസ്ഥാൻ രാഷ്‌ട്രീയ നേതാവിൻ്റെ മകൾ സാറ ഹയാത്ത് ഖാനും (പ്രീതി സിൻ്റ) തമ്മിലുള്ള പ്രണയമാണ് ഈ സിനിമ പറയുന്നത്. തെറ്റായ ആരോപണങ്ങളുടെ പേരിൽ വീർ ജയിലിലാവുന്നതും 22 വർഷങ്ങൾക്ക് ശേഷം, സാമിയ സിദ്ദിഖി (റാണി മുഖർജി) എന്ന ഒരു യുവ പാക് അഭിഭാഷക ആ കേസ് ഏറ്റെടുക്കുന്നതുമാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം.
4. ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ (ആമസോൺ പ്രൈം വീഡിയോ)
റൊമാന്‍റിക് സിനിമാപ്രേമികൾ ഒരുവട്ടമെങ്കിലും കണ്ടിട്ടുണ്ടാകുന്ന സിനിമയാകും 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' (Dilwale Dulhania Le Jayenge) അഥവാ 'ഡിഡിഎൽജെ' (DDLJ). ഷാരൂഖ് ഖാനും കജോളും പ്രധാന വേഷങ്ങളിലെത്തിയ ഈ സിനിമ ബോളിവുഡിന്‍റെ തന്നെ ബെഞ്ച് മാർക്കുകളിൽ ഒന്നാണ്. അതിമനോഹരമായ ലൊക്കേഷനുകളും അതിശയിപ്പിക്കുന്ന പാട്ടുകളും ഹൃദയസ്‌പർശിയായ കഥയുമാണ് ഈ സിനിമ പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടതാക്കിയത്.
ശാശ്വത പ്രണയത്തിൽ വിശ്വാസമർപ്പിക്കാൻ ഈ ചിത്രം കാഴ്‌ചക്കാരെ പ്രേരിപ്പിക്കുമെന്നതിൽ തർക്കമില്ല. യൂറോപ്പിൽ ഒരു അവധിക്കാലത്ത് കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്ന രാജിൻ്റെയും സിമ്രാൻ്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. തന്‍റെ പ്രണയത്തിനായി രാജ് നടത്തുന്ന പോരാട്ടവും 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ'യിൽ കാണാം.