ഉർവശിയും പാർവതി തിരുവോത്തും 'ഉള്ളൊഴുക്ക്' പ്രൊമോഷനിടെ (ETV Bharat) ഉർവശി, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ഉള്ളൊഴുക്ക്' തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്‌ചവച്ച് മുന്നേറുകയാണ്. പ്രേക്ഷക-നിരൂപക പ്രശംസ ഒരുപോലെ ഏറ്റുവാങ്ങിയാണ് സിനിമയുടെ കുതിപ്പ്. ക്രിസ്‌റ്റോ ടോമിയാണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ.
ഇപ്പോഴിതാ 'ഉള്ളൊഴുക്കി'ന്‍റെ വിശേഷങ്ങൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ എത്തിയിരിക്കുകയാണ് ഉർവശിയും പാർവതിയും. പരസ്‌പരം വാരിപ്പുണർന്നും കണ്ണ് നനഞ്ഞും സിനിമാനുഭവം പങ്കുവയ്‌ക്കുകയാണ് ഇരുവരും. ഇടയ്‌ക്ക് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നല്ല തഗ് മറുപടിയും നൽകുന്നുണ്ട് ഉർവശി.
'എവർഗ്രീൻ സ്‌റ്റാർ പട്ടം എനിക്ക് പണ്ടേ ചാർത്തി കിട്ടിയതാണ്. പലപ്പോഴും അഭിനയിച്ച ശേഷം സിനിമകളിൽ ആ ഒരു ടൈറ്റിൽ വയ്‌ക്കാൻ മറന്നുപോകും. അങ്ങനെ ഒരു പട്ടം ചാർത്തി തന്നവർ ആ ടൈറ്റിൽ ഉപയോഗിച്ചില്ല എന്ന് പരാതി പറയാറുണ്ട്', തമാശ രൂപേണ ഉർവശി സംസാരിച്ചു തുടങ്ങി.
താരമൂല്യത്തിൽ അല്ല ജനങ്ങളുടെ ഹൃദയത്തിലെ സ്‌നേഹം പിടിച്ചു വാങ്ങാനാണ് താൻ ശ്രമിക്കാറുള്ളത്. ഉള്ളൊഴുക്കിലെ കഥാപാത്രം മികച്ചതായിരുന്നു. ഗ്ലിസറിൻ ഉപയോഗിച്ച് തനിക്ക് സിനിമകളിൽ കരയാനാകില്ല. കഥാപാത്രത്തെ ഉൾക്കൊണ്ട് കൂടുതൽ സമയം ഇമോഷണൽ രംഗങ്ങൾ ചെയ്‌താലും പ്രശ്‌നമാകും. അതുകൊണ്ടുതന്നെ കഥാപാത്രത്തെ തന്‍റേതായ രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. അതിനുള്ള പൂർണ സ്വാതന്ത്ര്യം സംവിധായകൻ നൽകിയിരുന്നു എന്നും ഉർവശി പറഞ്ഞു.
700 ൽ അധികം സിനിമകളിൽ അഭിനയിച്ചു എന്ന വിക്കിപീഡിയയിലെ വിവരം ശരിയാണോ എന്ന് ചോദ്യത്തിന് സിനിമകളുടെ എണ്ണം സൂക്ഷിക്കാറില്ല എന്നായിരുന്നു ഉർവശിയുടെ മറുപടി. സമയമുള്ളവർ എണ്ണം ഇരുന്ന് എണ്ണിത്തിട്ടപ്പെടുത്തൂ എന്നും താരത്തിന്‍റെ തഗ് മറുപടി. വിക്കിപീഡിയയിൽ തന്നെക്കുറിച്ച് എഴുതിയിട്ടുള്ളതൊന്നും വിശ്വസിക്കരുതെന്നും ഉർവശി കൂട്ടിച്ചേർത്തു.
ഉർവശി ചേച്ചിയോടൊപ്പം അഭിനയിച്ചത് കരിയറിലെ ഏറ്റവും മികച്ച അനുഭവങ്ങളിൽ ഒന്നാണെന്നായിരുന്നു പാർവതി തിരുവോത്തിന്‍റെ പ്രതികരണം. ചേച്ചിയുടെ അടുത്തിരിക്കുമ്പോൾ കരയാതെ പിടിച്ചുനിൽക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് പാർവതി വികാരനിർഭരയായി പറഞ്ഞു. ഉർവശിയെ ആലിംഗനം ചെയ്‌താണ് പാർവതി തന്‍റെ സന്തോഷം പ്രകടിപ്പിച്ചത്.
ALSO READ:'ട്യൂൺ നന്നായാൽ വരികളാരും ശ്രദ്ധിക്കില്ല': സംഗീതത്തിലലിഞ്ഞ ജീവിത യാത്ര; ഓര്‍മകള്‍ പങ്കിട്ട് ജാസി ഗിഫ്‌റ്റ്