കേരളം

kerala

ETV Bharat / entertainment

ബ്രഹ്‌മാണ്ഡമായി വരുന്നു മാർക്കോ; യുഎ സര്‍ട്ടിഫിക്കേറ്റോടെ ടീസര്‍ പുറത്ത് - MARCO TEASER

ഉണ്ണി മുകുന്ദന്‍റെ ഏറ്റവും പുതിയ ചിത്രം മാര്‍ക്കോയുടെ ടീസര്‍ പറത്തിറങ്ങി. യുഎ സർട്ടിഫിക്കറ്റോടെ തിയേറ്ററുകളില്‍ ടീസർ പ്രദർശിപ്പിക്കുന്നു. വിദേശ ചിത്രങ്ങളെ അനുസ്‌മരിപ്പിക്കുന്ന തരത്തിലാണ് 'മാർക്കോ'യെ ഒരുക്കിയിരിക്കുന്നത്.

UNNI MUKUNDAN  MARCO  മാർക്കോ  മാർക്കോ ടീസര്‍
Marco teaser (ETV Bharat)

By ETV Bharat Entertainment Team

Published : Nov 1, 2024, 10:54 AM IST

ഉണ്ണി മുകുന്ദൻ നാകയകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മാർക്കോ'. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച വയലൻസ് രംഗങ്ങൾ നിറഞ്ഞ ചിത്രം എന്ന ടാഗ് ലൈനോടുകൂടിയാണ് പുറത്തിറങ്ങുക. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്‌ഡേറ്റാണ് പുറത്തുവരുന്നത്. ദീപാവലി ദിനത്തില്‍ 'മാർക്കോ'യുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം മുതല്‍ 'മാര്‍ക്കോ'യുടെ ടീസര്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങി. ടീസർ സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടുകയാണ്.

യുഎ സർട്ടിഫിക്കറ്റോടെയാണ് തിയേറ്ററുകളിൽ ടീസർ പ്രദർശിപ്പിക്കുന്നത്. തിയേറ്ററിൽ പ്രദർശിപ്പിക്കുന്നതിനായി സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി ടീസറിന്‍റെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്‌തിരുന്നു. ക്യൂബ്‌സ്‌ എന്‍റര്‍ടെയിന്‍മെന്‍റ്‌സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിലാണ് സിനിമയുടെ നിര്‍മ്മാണം.

സിനിമ റിലീസിനെത്തുമ്പോൾ സിബിഎഫ്‌സിയുടെ ഭാഗത്ത് നിന്നും വലിയ മാറ്റങ്ങൾ വരുത്താതെ ചിത്രത്തിലെ എല്ലാ രംഗങ്ങളും സംരക്ഷിക്കാനായി ശ്രമിക്കുമെന്ന് ക്യൂബ്‌സ്‌ എന്‍റര്‍ടെയിന്‍മെന്‍റ്‌സ്‌ ചെയർമാനും നിർമ്മാതാവുമായ ഷെരീഫ് മുഹമ്മദ് അറിയിച്ചു. പ്രേക്ഷകർക്ക് ചിത്രം മികച്ച സിനിമാനുഭവം സമ്മാനിക്കുമെന്നും സിനിമയുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്‌ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശ ചിത്രങ്ങളെ അനുസ്‌മരിപ്പിക്കുന്ന തരത്തിലാണ് സംവിധായകന്‍ 'മാർക്കോ'യെ അണിയിച്ചൊരുക്കിയിരിക്കന്നത്. ത്രില്ലർ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകൻ ഹനീഫ് അദേനിയാണ് സിനിമയുടെ സംവിധാനം.

പ്രത്യേക ഗെറ്റപ്പിലാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രത്യക്ഷപ്പെടുന്നത്. 'മാര്‍ക്കോ'യിലെ ഉണ്ണി മുകുന്ദന്‍റെ ഗ്യാങ്സ്‌റ്റർ കഥാപാത്രം തിയേറ്ററിൽ വലിയ കൈയ്യടി നേടുമെന്നാണ് പ്രതീക്ഷ. 'മാര്‍ക്കോ' ഉണ്ണി മുകുന്ദന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാകുമെന്നാണ് കണക്കുക്കൂട്ടല്‍.

സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും മേക്കിംഗ് വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മികവുറ്റ ദൃശ്യാനുഭവങ്ങളും ഗാനങ്ങളും ഒക്കെയായി ക്രിസ്‌മസ് റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി അഞ്ച് ഭാഷകളിലായാണ് 'മാർക്കോ' റിലീസിനെത്തുന്നത്.

നിര്‍മ്മാതാക്കളായ ക്യൂബ്‌സ്‌ എന്‍റര്‍ടെയിന്‍മെന്‍റ്‌സാണ് സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നി‍ർമ്മാണ കമ്പനി കൂടിയാണ് ക്യൂബ്‌സ്‌ എന്‍റര്‍ടെയിന്‍മെന്‍റ്‌സ്.

ജഗദീഷും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നിരവധി ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളുമാണ് ബോളിവുഡ് താരങ്ങള്‍ അവതരിപ്പിക്കുക.

2019ല്‍ പുറത്തിറങ്ങിയ നിവിൻ പോളിയുടെ 'മിഖായേലി'ന്‍റെ സ്‌പിന്‍ ഓഫാണ് 'മാർക്കോ'. പോസ്‌റ്റ് - പ്രൊഡക്ഷൻ സ്‌റ്റേജിലാണിപ്പോള്‍ ചിത്രം. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും, ഷമീർ മുഹമ്മദ് ചിത്രസംയോജനവും നിര്‍വ്വഹിക്കും. 'കെജിഎഫ്', 'സലാർ' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

പ്രമുഖ ആക്ഷൻ ഡയറക്‌ടർ കലൈ കിംഗ്‌സ്‌റ്റനാണ് മാർക്കോയുടെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത്. സിനിമയ്‌ക്കായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിംഗ്‌സ്‌റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ച കലൈ കിംഗ്‌സ്‌റ്റൺ ഒരു മുഴുനീള സിനിമയ്ക്ക് വേണ്ടി ഫൈറ്റ് മാസ്‌റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.

സൗണ്ട് ഡിസൈൻ - സപ്‌ത റെക്കോർഡ്‌സ്‌, ഓഡിയോഗ്രഫി: രാജകൃഷ്‌ണൻ എം.ആർ, കലാസംവിധാനം - സുനിൽ ദാസ്, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യും & ഡിസൈൻ - ധന്യാ ബാലകൃഷ്‌ണൻ, പ്രൊഡക്ഷൻ ചീഫ് അസോസിേയേറ്റ് ഡയറക്‌ടർ - സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ് - അബ്‌ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്‌സ്‌ക്യൂറ എന്‍റര്‍ടെയിന്‍മെന്‍റ്‌സ്, പിആർഒ - ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read:മസില്‍ മാനായി ഉണ്ണിമുകുന്ദന്‍; പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ പുറത്ത് - Unni Mukundan body transformation

ABOUT THE AUTHOR

...view details