ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന സിനിമ 'ഗെറ്റ് സെറ്റ് ബേബി'യ്‌ക്ക് കൊച്ചിയിൽ തുടക്കമായി. വിനയ് ഗോവിന്ദ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌കന്ദാ സിനിമാസും കിംഗ്‌സ്‌മെൻ പ്രൊഡക്ഷൻസും സംയുക്തമായാണ് 'ഗെറ്റ് സെറ്റ് ബേബി'യുടെ നിർമാണം (Unni Mukundan and Nikhila Vimal starrer 'Get Set Baby' shooting started ).
ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്‌ടർ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളുമാണ് 'ഗെറ്റ് സെറ്റ് ബേബി' എന്ന ഈ സിനിമയുടെ ഇതിവൃത്തം. ഉണ്ണി മുകുന്ദനാണ് ഈ കഥാപാത്രത്തിന് ജീവൻ പകരുന്നത്. മാസ് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തന്നെ മറ്റ് ചിത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് മുന്നിലെത്തിയ ഉണ്ണിമുകുന്ദൻ തികച്ചും വ്യത്യസ്‌തമായ കഥാപാത്രത്തെയാകും 'ഗെറ്റ് സെറ്റ് ബേബി'യിൽ അവതരിപ്പിക്കുക.
സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും കൈകാര്യം ചെയ്യുന്ന 'ഗെറ്റ് സെറ്റ് ബേബി' നർമത്തിൽ ചാലിച്ചാണ് അണിയിച്ചൊരുക്കുന്നത്. നിരവധി വൈകാരിക മുഹൂർത്തങ്ങളെയും രസം ചോരാതെ ഈ ഫാമിലി എൻ്റർടെയിനർ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു. ശക്തമായ നായിക കഥാപാത്രത്തെയാണ് നിഖില വിമലും ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന കഥാപാത്രമാകും താരത്തിന്‍റേത് എന്നാണ് വിവരം.