മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ലോകമെമ്പാടുമുള്ള ആദ്യ ദിന കലക്ഷൻ റിപ്പോർട്ട് പുറത്ത്. ആഗോള തലത്തിൽ ജോസേട്ടായി തരംഗം സ്വന്തമാക്കിയത് 17.3 കോടി രൂപ. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്‌തത്. സൗദി അറേബ്യയിൽ ഏറ്റവും കൂടുതല്‍ ആദ്യദിന കലക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡും ടർബോ സ്വന്തമാക്കി.
കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനത്തില്‍ ചിത്രം വാരിക്കൂട്ടിയത് 6.2 കോടി രൂപയാണ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന കലക്ഷനാണ് ഇതോടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ഷോ കഴിഞ്ഞയുടൻ പ്രേക്ഷകരില്‍ നിന്നും സിനിമയ്ക്ക് ലഭിക്കുന്നത് വലിയ പ്രതികരണമാണ്. അതുകൊണ്ടുതന്നെ രണ്ടാം ദിനം 156 എക്‌സ്‌ട്രാ ഷോകളാണ് ടർബോയ്ക്കായി ചാർട്ട് ചെയ്‌തിരിക്കുന്നത്.
ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്ഷനും കോമഡിയും കൊണ്ടാണ് ടർബോ തീയേറ്ററുകളിൽ തീ പടർത്തിയത്. ടർബോ ജോസിന്‍റെ 'ക്വിന്‍റല്‍' ഇടി കണ്ട് കോരിത്തരിച്ചിരിക്കുകയാണ് പ്രേക്ഷകർ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ പുറത്തെറങ്ങുന്ന ചിത്രത്തിന്‍റെ സംവിധാനം വൈശാഖാണ് നിര്‍വഹിക്കുന്നത്.