ടൊവിനോ തോമസ് - തൃഷ കൃഷ്‌ണന്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് 'ഐഡന്‍റിറ്റി'. പ്രേക്ഷകര്‍ക്ക് പുതുവത്സര സമ്മാനമായി ഇന്നലെ (ജനുവരി2) തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. 'ഫോറന്‍സിക്' എന്ന ചിത്രത്തിന് ശേഷം സംവിധായകരായ അഖില്‍ പോള്‍- അനസ് ഖാന്‍ കൂട്ടുക്കെട്ടില്‍ എത്തിയ ചിത്രമാണിത്. 2025 ന്‍റെ തുടക്കം ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. ഇരുവരും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
രാഗം മൂവിസിന്‍റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്.
ശ്രീ ഗോകുലം മൂവീസാണ് ചിത്രത്തിന്‍റെ ഓൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയത്. ജി സി സി വിതരണാവകാശം ഫാഴ്‌സ് ഫിലിംസിനാണ്. ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത്. ചിത്രത്തിന് മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ 'ഐഡന്‍റിറ്റി'യുടെ പശ്ചാത്തല സംഗീതത്തെ കുറിച്ചും പ്രേക്ഷകര്‍ എടുത്തു പറയുന്നുണ്ട്. സംഗീതവും പശ്ചാത്തല സംഗീതവും ജേക്‌സ് ബിജോയി ആണ് നിര്‍വഹിച്ചത്.
ഓപ്പണിംഗ് ഡേയില്‍ മികച്ച കലക്‌ഷനാണ് ചിത്രം നേടിയത്. ബോക്‌സ് ഓഫീസില്‍ കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോയോടാണ് 'ഐഡന്‍റിറ്റി' ഏറ്റുമുട്ടുന്നത്. ആഗോള തലത്തില്‍ 2.1 കോടി രൂപയാണ് ആദ്യ ദിനത്തില്‍ നേടിയത്. ഇന്ത്യയില്‍ നിന്ന് 1.8 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തില്‍ നിന്ന് 1.6 കോടി രൂപയും തമിഴ്‌നാട്ടില്‍ നിന്ന് 0.15 കോടി രൂപയുമാണ് ഓപ്പണിംഗ് ഡേയില്‍ ലഭിച്ചത്. പ്രഖുക ട്രാക്കര്‍മാരായ സാക്‌നില്‍ക് നല്‍കുന്ന കണക്കുകളാണിവ.
ടൊവിനോ തോമസ് ട്രിപ്പിള്‍ റോളിലെത്തിയ 'അജയന്‍റെ രണ്ടാം മോഷണ'ത്തേക്കാള്‍ ഒരു കോടിയോളം കുറവാണിത്. വ്യാഴാഴ്‌ച പ്രവൃത്തി ദിനമായതിനാലാവാം 'എ ആര്‍ എമ്മി'നെ മറികടക്കാനാവാതിരുന്നതെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ എആര്‍ എം ഓണം റീലീസായാണ് എത്തിയത്. ആദ്യദിനത്തില്‍ 'എ ആര്‍ എമ്മി'ന് രണ്ട് കോടിക്ക് മുകളിലായിരുന്നു കലക്ഷന്‍ ലഭിച്ചിരുന്നത്.എന്നാല്‍ 'ഐഡന്‍റിറ്റി'ക്ക് വാരാന്ത്യത്തില്‍ മികച്ച കലക്‌ഷന്‍ ലഭിക്കുമെന്നാണ് നിര്‍മാതാക്കളുടെയും ട്രാക്കര്‍മാരുടെയും കണക്കു കൂട്ടല്‍.
അതേസമയം ചിത്രം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ നാല്‍പതോളം അധിക സ്ക്രീനുകളണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ മികച്ച നേട്ടം കൊയ്യാനാവുമെന്ന് തന്നെയാണ് നിര്‍മാതാക്കളുടെ കണക്കു കൂട്ടല്‍. എന്നാല്‍ ബിഗ് ബഡ്‌ജറ്റില്‍ എത്തിയ ഈ ചിത്രത്തിന് വാരാന്ത്യത്തില്‍ മികച്ച കലക്ഷന്‍ ലഭിക്കേണ്ടതുണ്ട്.