'മത്ത്' ടീം പ്രൊമോഷനുമായി ട്രെയിനിൽ (ETV Bharat) ടിനി ടോം പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് മത്ത്. രഞ്ജിത്ത് ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ സിനിമ ജൂൺ 21ന് തിയേറ്ററുകളിലെത്തും. സന്തോഷ് കീഴാറ്റൂർ, ഐഷ്‌വിക, ഹരിഗോവിന്ദ് സഞ്ജയ്, ബാബു അന്നൂർ എന്നിവരാണ് മത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ ഈ സിനിമയുടെ വേറിട്ട പ്രചാരണമാണ് സോഷ്യൽ മീഡിയയിലാകെ സംസാരവിഷയം. ടിനി ടോം മറ്റു അണിയറ പ്രവർത്തകർക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത് നടത്തിയ പ്രൊമോഷൻ വൈറലാണ്. താരം ചിത്രത്തെ കുറിച്ച് യാത്രക്കാരോട് സംസാരിക്കുകയും ബ്രോഷർ വിതരണം ചെയ്യുകയും ചെയ്യുന്നതിന്‍റെ വീഡിയോ പുറത്തുവന്നു.
ഇന്നലെ എറണാകുളത്ത് നിന്നും തുടങ്ങിയ യാത്ര താരങ്ങൾ കണ്ണൂരിൽ അവസാനിപ്പിച്ചു. തിരുവനന്തപുരത്തേക്കുള്ള ട്രെയിനിലും അണിയറ പ്രവർത്തകർ പ്രൊമോഷൻ യാത്ര നടത്തുന്നുണ്ട്. അതേസമയം ട്രെയിനിലെ ഓരോ കമ്പാർട്ട്മെന്‍റിലും കയറിയിറങ്ങി ടിനി ടോം സിനിമ വിളംബരം ചെയ്‌തത് യാത്രക്കാർക്ക് കൗതുകമായി.
ALSO READ: അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ; താരനിബിഢമായി 'കൽക്കി' പ്രീ റിലീസ് - Kalki 2898 AD pre release event
യാത്രക്കാരോടൊപ്പം സംസാരിക്കാനായത് രസകരമായ അനുഭവമാണെന്ന് ടിനിയും പ്രതികരിച്ചു. മത്ത് തിയേറ്ററിൽ വന്ന് തന്നെ കാണണമെന്നും യാത്രക്കാരോട് താരം അഭ്യർഥിച്ചു. കണ്ണൂർ സിനിമ ഫാക്‌ടറിയുടെ ബാനറിൽ കെ പി അബ്‌ദുൽ ജലീലാണ് ഈ ചിത്രത്തിന്‍റെ നിർമാണം.