മ്യൂസിക്കൽ ഫാമിലി എൻ്റർടൈയ്‌നറായി എത്തുന്ന ചിത്രമായ 4 സീസൺസ് ചിത്രീകരണം പൂർത്തിയായി. മലയാളത്തിൽ ആദ്യമായി ജാസ്, ബ്ളൂസ്, ടാംഗോ സംഗീത കോമ്പോയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫാമിലി എൻ്റർടൈയ്‌നറാണ് 4 സീസൺസ്. ട്രാൻസ്ഇമേജ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ, ക്രിസ് എ ചന്ദനാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ വിനോദ് പരമേശ്വരൻ.
സംഗീതത്തിന്‍റെ വഴിയിൽ തൻ്റേതായൊരു സ്ഥാനവും ഐഡൻ്റിറ്റിയും നേടിയെടുക്കാൻ തീവ്രമായി ശ്രമിക്കുന്ന ഒരു ടീനേജുകാരൻ. കല്യാണ ബാന്‍റ് സംഗീതകാരനിൽ നിന്നും ലോകോത്തര മ്യൂസിക്കൽ ബാൻ്റായ റോളിങ് സ്റ്റോണിൻ്റെ മത്സരാർഥിയാകുന്നിടം വരെയുള്ള കഠിനധ്വാനത്തിൻ്റെയും പോരാട്ടവീര്യത്തിൻ്റെയും കഥ പറയുന്ന ചിത്രം കൂടിയാണ് 4 സീസൺസ്.
സ്‌കൂൾ ജീവിതത്തിൻ്റെ കലണ്ടർ ഇയറിൽ, മാറി വരുന്ന നാല് ഋതുക്കൾക്കനുസരിച്ച്, കൗമാരക്കാരുടെ മാനസിക, വൈകാരികാവസ്ഥകളിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയും ഈ ചിത്രം കടന്നുപോകുന്നു. ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ മോഡൽ രംഗത്ത് നിന്നെത്തിയ അമീൻ റഷീദാണ് സംഗീതജ്ഞനായ നായക കഥാപാത്രമായി എത്തുന്നത്. ഡാൻസറായ റിയ പ്രഭുവാണ് ചിത്രത്തിലെ നായികയാകുന്നത്.
പ്രമുഖ താരങ്ങളായ ബിജു സോപാനം, റിയാസ് നർമ്മകല, ബിന്ദു തോമസ്, പ്രകാശ് (കൊച്ചുണ്ണി ഫെയിം), ബ്ലെസി സുനിൽ, ലക്ഷ്‌മി സേതു, രാജ് മോഹൻ, പ്രദീപ് നളന്ദ, മഹേഷ് കൃഷ്‌ണ, ക്രിസ്റ്റിന ദയാ മറിയം, വൈദേഗി, സീതൾ, ഗോഡ്‌വിൻ, അഫ്രിദി താഹിർ എന്നിവർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.