ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്ല് നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കില്ല. ലോക്‌സഭയില്‍ നാളെ നടക്കേണ്ട കാര്യപരിപാടിയുടെ പട്ടികയില്‍ ഈ ബില്ലുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശമില്ല. ബില്ല് നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍, എംപിമാര്‍ക്ക് നല്‍കിയ കാര്യപരിപാടിയുടെ പട്ടികയില്‍ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്ലുമായി ബന്ധപ്പെട്ടുള്ള യാതൊരു വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ല.
ഭരണഘടനയുടെ 129-ാം ഭേദഗതി ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളുടെ നിയമ (ഭേദഗതി) ബില്ലും തിങ്കളാഴ്‌ച (ഡിസംബര്‍ 16) ലോക്‌സഭയിൽ അവതരിപ്പിക്കുന്നതിനായി നേരത്തെ പട്ടികപ്പെടുത്തിയിരുന്നു. എന്നാല്‍, ലിസ്‌റ്റ് ചെയ്‌ത ബില്ല് പാസാക്കിയ ശേഷം ഈ ആഴ്‌ച അവസാനം ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്ല് സഭയില്‍ കൊണ്ടുവരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ലോക്‌സഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പുതുക്കിയ പട്ടികയിൽ തിങ്കളാഴ്‌ചത്തെ അജണ്ടയിൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പുമായി’ ബന്ധപ്പെട്ട രണ്ട് ബില്ലുകളുമില്ല. എങ്കിലും, ലോക്‌സഭ സ്‌പീക്കറുടെ അനുമതിയോടെ 'സപ്ലിമെൻ്ററി ലിസ്റ്റ്' വഴി സർക്കാരിന് ബില്ല് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍ സാധിക്കും. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകൾ നടപടിക്രമങ്ങളുടെ ചട്ടങ്ങൾ അനുസരിച്ച് കഴിഞ്ഞയാഴ്‌ച അംഗങ്ങൾക്കിടയിൽ വിതരണം ചെയ്‌തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നേരത്തെ ഡിസംബർ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ ലോക്‌സഭ, സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള കരട് നിയമനിർമാണത്തിന് അംഗീകാരം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചത്. അതേസമയം, പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഡിസംബർ 20ന് സമാപിക്കും.