മോഹൻലാൽ നായകനാകുന്ന 360-ാമത്തെ ചിത്രമാണ് 'തുടരും'. 'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' തുടങ്ങി ഹിറ്റ് ചിത്രങ്ങൾ മലയാളികള്‍ക്ക് സമ്മാനിച്ച യുവ സംവിധായകന്‍ തരുൺ മൂർത്തിയാണ് 'തുടരും' സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ചും സിനിമയിലെ നായകന്‍ മോഹന്‍ലാലിനെ കുറിച്ചുമുള്ള വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് തരുൺ മൂർത്തി.
സംഗീതത്തിന് വലിയ പ്രധാന്യമുള്ള ചിത്രമാണ് 'തുടരും'. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷൻ, ത്രില്ലർ സിനിമകൾക്ക് ഇടവേളകളില്ലാതെ സംഗീത സംവിധാനം നിർവ്വഹിക്കുന്ന വ്യക്‌തിയാണ് ജേക്‌സ് ബിജോയ്. അങ്ങനെയുള്ള ഒരാളെ എന്തുകൊണ്ടാണ് സാധാരണക്കാരുടെ കഥ പറയുന്ന ഈ സിനിമയില്‍ സംവിധായകൻ തരുൺ മൂർത്തി തിരഞ്ഞെടുത്തത്?
തന്‍റെ ഈ തീരുമാനത്തിന് പിന്നിലെ കാരണം ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ് തരുണ്‍ മൂര്‍ത്തി. "ജേക്‌സ് ബിജോയിയുടെ സംഗീതത്തിന് മലയാളത്തിൽ ഒരു യൂണിവേഴ്‌സൽ സ്വഭാവമുണ്ട്. മലയാളത്തിലോ തമിഴിലോ മാത്രമായി ഒതുങ്ങി നിൽക്കുന്ന സ്വഭാവമല്ല ജേക്‌സിന്‍റെ സംഗീതത്തിനുള്ളത്. വിദേശത്ത് നിന്നാണ് അദ്ദേഹം സംഗീതത്തെ എക്സ്പ്ലോർ ചെയ്‌തത്. വളരെ പ്രാദേശികമായ സംഗീതത്തെ പോലും ഇന്‍റർനാഷണൽ അപ്പീലോടു കൂടി അവതരിപ്പിക്കുന്ന കലാകാരനാണ് അദ്ദേഹം. എന്‍റെ ആദ്യ ചിത്രമായ ഓപ്പറേഷൻ ജാവ മുതൽ അതെനിക്ക് അറിയാവുന്ന കാര്യവുമാണ്," തരുൺ മൂർത്തി പറഞ്ഞു.
എനിക്കൊപ്പം മികച്ച കലാകാരന്‍മാര്‍ വേണം
"മലയാള സിനിമയുടെ വക്‌താവാണ് ഞാനെങ്കിലും എന്‍റെ സിനിമകൾ ഇന്ത്യൻ സിനിമയെ പ്രതിനിധീകരിക്കണമെന്ന് ഞാൻ കരുതുന്നു. തുടരും എന്ന ചിത്രം വളരെ പ്രാദേശികമായി കഥ പറയുന്ന സിനിമയാണ്. പ്രാദേശിക വിഷയങ്ങളെ രാജ്യത്തിന് പുറത്ത് ചർച്ച ചെയ്യുന്ന തരത്തിൽ ആഖ്യാനം ചെയ്യുന്നൊരു ഫിലിംമേക്കറാണ് ഞാൻ. അത്തരം ഒരു മുന്നേറ്റത്തിന് മികച്ച കലാകാരന്‍മാർ എനിക്കൊപ്പം വേണ്ടതുണ്ട്. അങ്ങനെ ഒരു കാഴ്‌ച്ചപ്പാടിലാണ് ജേക്‌സ് ബിജോയിയെ ഈ സിനിമയിലേക്ക് സംഗീത സംവിധായകനായി ക്ഷണിക്കുന്നത്," സംവിധായകന്‍ പറഞ്ഞു.
അയ്യപ്പനും കോശിയും എന്ന പൃഥ്വിരാജ്-ബിജു മേനോന്‍ ചിത്രത്തിനും സംഗീതം ഒരുക്കിയത് ജേക്‌സ് ബിജോയ് ആയിരുന്നു. ഈ സിനിമയിലെ സംഗീതം തനിക്ക് ഇഷ്‌ടപ്പെട്ടത് കൊണ്ടാണ് തന്‍റെ പുതിയ സിനിമയിലേക്ക് ജേക്‌സിനെ ക്ഷണിച്ചതെന്നും തരുണ്‍ മൂര്‍ത്തി വ്യക്‌തമാക്കി.
"അട്ടപ്പാടിയുടെ മണ്ണിൽ കഥ പറഞ്ഞ ചിത്രമാണ് അയ്യപ്പനും കോശിയും. അതുകൊണ്ട് തന്നെ അവിടത്തെ സംഗീതത്തെ ആവാഹിച്ച് ഇന്‍റർനാഷണൽ പ്രതിച്ഛായ ഉള്ളൊരു സംഗീതമൊരുക്കി വിജയിച്ച ആളാണ് ജേക്‌സ് ബിജോയ്. പ്രാദേശിക ആശയങ്ങളെ പാൻ ഇന്ത്യൻ തലത്തിൽ ചർച്ച ചെയ്യിപ്പിക്കുന്നതിന് ജേക്‌സിനെ പോലുള്ളൊരു സംഗീത സംവിധായകൻ നൽകുന്ന പിന്തുണ വളരെ വലുതാണ്," തരുൺ മൂർത്തി പറഞ്ഞു.
കല്യാണം കഴിഞ്ഞ ശേഷം അച്ഛനും അമ്മയും കണ്ട ചിത്രം
"മോഹൻലാൽ എന്ന നടൻ എന്‍റെ ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും അറിഞ്ഞോ അറിയാതെയോ സ്വാധീനിച്ചിട്ടുണ്ട്. എന്‍റെ അമ്മയുടെയും അച്ഛന്‍റെയും കല്യാണം കഴിഞ്ഞ ശേഷം അവർ ആദ്യമായി ഒരുമിച്ച് തിയേറ്ററിൽ പോയി കാണുന്ന ചിത്രമാണ് 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' എന്നത്. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിലുള്ള ധാരാളം സിനിമകൾ അച്ഛൻ കാണാറുണ്ട്. അവർ രണ്ട് പേരും അക്കാലത്ത് ഏറ്റവും കൂടുതൽ അവരുടെ സിനിമകളില്‍ ഉപയോഗിച്ചിരുന്ന നടനായിരുന്നു മോഹന്‍ലാല്‍," തരുൺ മൂർത്തി പറഞ്ഞു.
തന്‍റെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും മോഹന്‍ലാല്‍ ചിത്രങ്ങള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "1989ലാണ് ഞാൻ ജനിക്കുന്നത്. അച്ഛനോടൊപ്പം കാണുന്ന ഓരോ സിനിമകളിലൂടെയും മോഹൻലാലിന്‍റെ ആരാധകനായുള്ള വളർച്ചയായിരുന്നു എന്‍റെ ഉള്ളിൽ നടന്നിരുന്നത്. കാണുന്ന ഓരോ മോഹൻലാൽ സിനിമയും എന്‍റെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരാളെ നായകനാക്കി കരിയറിന്‍റെ തുടക്കത്തിൽ തന്നെ ഒരു സിനിമ സംവിധാനം ചെയ്യാൻ ഭാഗ്യം ലഭിക്കുന്നത് വലിയ കാര്യമാണ്," സംവിധായകന്‍ പറഞ്ഞു.
മോഹന്‍ലാലിനെ കാണുന്നതിന് മുമ്പും ശേഷവും
ഏറ്റവും വലിയ ഒരു ഫാൻ ബോയ് എന്ന രീതിയിൽ ഈ മനുഷ്യനെ ഞാൻ എങ്ങനെ ഡയറക്‌ട് ചെയ്യും എന്നൊരു കൺഫ്യൂഷനും ഭയവും ഉണ്ടായിരുന്നു. മോഹൻലാൽ എന്ന വ്യക്‌തിയെ കാണുന്നതിന് മുമ്പ് ഇത്തരം ചിന്തകളും എക്‌സൈറ്റ്‌മെന്‍റുകളും വല്ലാതെ ബാധിക്കപ്പെട്ടിരുന്നു. പക്ഷേ ലാലേട്ടനെ കണ്ടതിന് ശേഷം ഇത്തരം ചിന്തകളിൽ നിന്നും ഞാൻ അപ്പാടെ രക്ഷപ്പെട്ടു. മോഹൻലാൽ എന്ന വ്യക്‌തി എനിക്ക് നൽകിയ പിന്തുണ വളരെ വലുതാണ്. ആ പിന്തുണയിൽ അസ്‌തമിക്കാത്തൊരു കൺഫ്യൂഷനും എനിക്കുണ്ടായിരുന്നില്ല.
മോഹൻലാലിന് വേണ്ടി സ്വന്തം സ്‌പെയിസ് മാറ്റരുത്
സിനിമയുടെ ആദ്യ ചർച്ചകൾ നടക്കുന്ന സമയം. ലാലേട്ടനോടൊപ്പം ആന്‍റണി പെരുമ്പാവൂർ, നിർമ്മാതാവ് എം രഞ്ജിത്ത് എന്നിവരും ചർച്ചയിൽ പങ്കെടുക്കുന്നു. സാക്ഷാൽ മോഹൻലാലാണ് എന്‍റെ മുന്നിലിരിക്കുന്നത്. ഞാൻ നേരത്തെ പറഞ്ഞ കൺഫ്യൂഷനും എക്സൈറ്റ്‌മെന്‍റും എന്‍റെ മുഖത്ത് നിന്നും അവർ തിരിച്ചറിഞ്ഞിട്ടുണ്ടാകണം. തരുൺ മൂർത്തി എന്ന സംവിധായകന്‍റെ സ്‌പെയിസിലേക്കാകണം മോഹൻലാൽ എന്ന നടനെ പ്രതിഷ്‌ഠിക്കേണ്ടത്. മോഹൻലാലിന് വേണ്ടി തരുണിന്‍റെ സ്‌പെയിസ് ഒരിക്കലും മാറരുത്. ഒരുപക്ഷേ അവർ ബോധപൂർവ്വം പറഞ്ഞതാകണം ഇക്കാര്യം. നിങ്ങളുടെ മുൻ ചിത്രങ്ങൾ ജനങ്ങൾക്കിടയിൽ സൃഷ്‌ടിച്ചൊരു സ്വീകാര്യതയുണ്ട്. ആ ജന സ്വീകാര്യതയിലേക്ക് നിങ്ങൾക്കൊപ്പം നടന്നു കയറാൻ മോഹൻലാലിനെ ഒപ്പം കൂട്ടുക. മോഹൻലാൽ എന്ന നടന് വേണ്ടി നിങ്ങൾ ഒരിക്കലും മാറരുത്. ഇത്തരം വാക്കുകളാണ് തുടരും എന്ന സിനിമ സംവിധാനം ചെയ്യാൻ എനിക്ക് ധൈര്യം പകർന്നത്.
പഴയകാല മോഹൻലാൽ ചേരുവകൾ വേണ്ടാ
എല്ലാവരും പറയുന്നതാണ് പഴയ കാലത്തെ ലാലേട്ടനെ തിരിച്ചു വേണമെന്ന്. മോഹൻലാൽ തന്നെ പറയുന്നു എന്‍റെ ചട്ടക്കൂടുകൾ പൊളിച്ചു മാറ്റാൻ. മോഹൻലാൽ എന്ന നടനെ ഉപയോഗിച്ച് എന്‍റെ രീതിയിലുള്ള പുതിയ സിനിമയാണ് തുടരും. പഴയകാല മോഹൻലാൽ ചേരുവകൾ ഈ സിനിമയിൽ വേണ്ടെന്ന് ആദ്യമെ തന്നെ തീരുമാനിച്ചിരുന്നു. തുടരുമെന്ന ചിത്രത്തിലെ കഥാപാത്രം എന്താണോ അതനുസരിച്ചാണ് മോഹൻലാൽ പ്രകടനം കാഴ്‌ച്ചവച്ചിരിക്കുന്നത്. തമാശകളും കുറുമ്പും വൈകാരികതയുമൊക്കെ ഈ സിനിമയിൽ മോഹൻലാലിന്‍റെ കഥാപാത്രം കൈകാര്യം ചെയ്യുന്നുണ്ട്. ഇതിലൊക്കെ ഒരു വിന്‍റേജ് ലാലേട്ടനെ റീ ക്രിയേറ്റ് ചെയ്യാൻ ഞാൻ ശ്രമിച്ചില്ല. വളരെ നാച്ചുറലായി മോഹൻലാൽ ഈ സിനിമയിൽ പ്രകടനം കാഴ്‌ച്ചവച്ചിട്ടുണ്ട്.
മണ്ണിൽ ചവിട്ടി നിൽക്കുന്ന മോഹൻലാൽ
മോഹൻലാൽ എന്ന താരത്തിന്‍റെ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് മണ്ണിൽ ചവിട്ടി നിൽക്കുന്ന ഒരു കഥാപാത്രമാണിത്. സിനിമ കാണുമ്പോൾ നമ്മുടെ ചുറ്റുപാടുമുള്ള ചേട്ടനെ പോലെ, അമ്മാവനെ പോലെയോ, കൊച്ഛച്ചനെ പോലെയൊക്കെ ഈ കഥാപാത്രത്തെ തോന്നാം. തുടരും എന്ന സിനിമയുടെ ഷൂട്ടിംഗ് പ്രോസസിലും, ഫൈനൽ ഔട്ട്‌പ്പുട്ടിലും ഞാൻ സന്തുഷ്‌ടനാണ്.
ആ നിഴലിൽ അകപ്പെട്ടില്ല..
മലയാളികളുടെ ജീവിതത്തോടൊപ്പം സഞ്ചരിച്ച ഒരു നടനാണ് മോഹൻലാൽ. എത്രയോ വർഷത്തെ എക്‌സ്‌പീരിയൻസുണ്ട് അദ്ദേഹത്തിന്. എന്‍റെ ആദ്യ രണ്ട് സിനിമകളും പുതുമുഖങ്ങളോടൊപ്പവും തുടക്കക്കാരായ അഭിനേതാക്കളോടൊപ്പവും ആയിരുന്നു. അദ്ദേഹത്തിന്‍റെ എക്‌സ്‌പീരിയൻസിനെ വച്ച് കണക്കിലെടുക്കുമ്പോൾ ഞാൻ വെറുമൊരു തുടക്കക്കാരൻ. എന്നെപ്പോലൊരു തുടക്കക്കാരനായ സംവിധായകൻ ഈ സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഒരു നിമിഷത്തിൽ പോലും മോഹൻലാൽ എന്ന താരത്തിന്‍റെ നിഴലിൽ അകപ്പെട്ട് പോയില്ല.