സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നവംബർ 1 മുതൽ താത്‌ക്കാലികമായി നിർത്തിവയ്‌ക്കാൻ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ. ഓഗസ്റ്റ് 16 മുതൽ ആരംഭിക്കുന്ന പുതിയ സിനിമ പ്രോജക്‌ടുകളുടെ പ്രവർത്തനവും നിർത്തിവയ്ക്കാനാണ് ടിഎഫ്‌പിസിയുടെ തീരുമാനം. അഭിനേതാക്കളുടെ ഫീസ് പുനർനിർണയം, നിർമ്മാണച്ചെലവുമായി ബന്ധപ്പെട്ട് നിർമാണം പൂർത്തിയാക്കാനാകാതെ കിടക്കുന്ന സിനിമകളുടെ പ്രതിസന്ധി പരിഹാരം തുടങ്ങിയവ ലക്ഷ്യം വച്ചാണ് തീരുമാനം.
തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ, തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, തമിഴ്‌നാട് തിയേറ്റർ ഓണേഴ്‌സ് അസോസിയേഷൻ, തമിഴ്‌നാട് തിയേറ്റർ മൾട്ടിപ്ലക്‌സ് ഓണേഴ്‌സ് അസോസിയേഷൻ, തമിഴ്‌നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ എന്നിവയുടെ പ്രതിനിധികളുമായി ചെന്നൈയിൽ നടന്ന യോഗത്തിലാണ് തമിഴ് സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത് തീരുമാനമെടുത്തത്.
അഭിനേതാക്കളും സാങ്കേതിക വിദഗ്‌ദരും മുൻകൂറായി പണം കൈപ്പറ്റിയ ശേഷം പ്രോജക്‌ടുകൾ ഉപേക്ഷിക്കുന്നത് നിർമാതാക്കൾക്ക് സാമ്പത്തിക നഷ്‌ടമുണ്ടാക്കുന്നെന്ന കാര്യമാണ് പ്രധാനമായും ചർച്ചയിൽ അവതരിപ്പിച്ചത്. പുതിയ പ്രൊജക്ട് ഏറ്റെടുക്കുന്നതിന് മുമ്പ് നിലവിലെ പ്രോജക്‌ടിനോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്ന് ടിഎഫ്‌പിസി അറിയിച്ചു. ഇത്തരത്തിൽ പണം കൈപ്പറ്റി സിനിമയിൽ നിന്നും പിന്മാറുന്ന നടന്മാരിൽ നടൻ ധനുഷിനെ കൗൺസിൽ പ്രത്യേകം പരാമർശിച്ചു.
ധനുഷുമായി പുതിയ പ്രോജക്‌ടുകൾ ആരംഭിക്കുന്നതിനു മുൻപ് അവരുമായി കൂടിയാലോചിക്കാൻ കൗൺസിൽ നിർമ്മാതാക്കളെ ഉപദേശിച്ചു. 2023ൽ ഒരു പ്രോജക്‌ടിനായി അഡ്വാൻസ് വാങ്ങിയ നടൻ എന്നാൽ ഷൂട്ടിങ്ങിൽ പങ്കെടുക്കാഞ്ഞതായി റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് യോഗത്തിൽ ധനുഷിന്‍റെ പേര് പ്രത്യേകം പരാമർശിച്ചത്. തമിഴ് സിനിമ മേഖലയിലെ ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും പരിഹാരം കണ്ടെത്തുന്നതിനുമായി നിർമ്മാതാക്കൾ, വിതരണക്കാർ, തിയേറ്റർ ഉടമകൾ എന്നിവരടങ്ങുന്ന ജോയിൻ്റ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചതായും ടിഎഫ്‌പിസി അറിയിച്ചു.
Also Read: ധനുഷിന്‍റെ 'രായൻ' ട്രെയിലർ വരുന്നു; റിലീസ് തീയതി പുറത്ത്, പുതിയ പോസ്റ്ററുമെത്തി