29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു. ചലച്ചിത്ര മേളയുടെ ആദ്യ ദിനത്തില്‍ 10 ചിത്രങ്ങളാണ് മാറ്റുരയ്‌ക്കുന്നത്. ലോക സിനിമ വിഭാഗത്തില്‍ നിന്നും ആറ് ചിത്രങ്ങള്‍, ഫീമെയില്‍ ഗെയ്‌സ് വിഭാഗത്തില്‍ നിന്നും രണ്ട് ചിത്രങ്ങള്‍, ലാറ്റിന്‍ അമേരിക്കന്‍ പാക്കേജില്‍ നിന്നും ഒരു ചിത്രം, ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡ് ജേതാവ് ആന്‍ ഹ്യുവിന്‍റെ ചിത്രം എന്നിവയാണ് മേളയുടെ ആദ്യ ദിനത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
വാള്‍ട്ടര്‍ സലസിന്‍റെ 'ഐ ആം സ്‌റ്റില്‍ ഹിയര്‍' എന്ന ചിത്രമാണ് 29-ാണ് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചിത്രം. ഉദ്‌ഘാടന ചടങ്ങിന് ശേഷമാകും 'ഐ ആം സ്‌റ്റില്‍ ഹിയര്‍' പ്രദര്‍ശിപ്പിക്കുക. ഇന്ന് വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്‌ഘാടനം നിര്‍വ്വഹിക്കും.
ആൻ ഹുയി സംവിധാനം ചെയ്‌ത 'ജൂലൈ റാപ്‌സോഡി' രാവിലെ 10 മണിക്ക് നിള തിയേറ്ററിൽ പ്രദർശിപ്പിച്ചു. ഒരു അധ്യാപകന്‍റെ മിഡ്‌ലൈഫ് പ്രതിസന്ധികളെ കുറിച്ചാണ് ഈ ഹോങ്‌കോങ് ഡ്രാമ ചര്‍ച്ച ചെയ്യന്നത്. സ്വയം കണ്ടെത്താനുള്ള ഒരു സ്വവർഗ്ഗാനുരാഗിയായ ഒരു കൗമാരക്കാരൻ്റെ യാത്രയാണ് ഇമാനുവല്‍ പാര്‍വു സംവിധാനം ചെയ്‌ത 'ത്രീ കിലേമീറ്റേഴ്‌സ് ടു ദി എന്‍ഡ് ഓഫ് ദി വേള്‍ഡ്' ചര്‍ച്ച ചെയ്യുന്നത്. ചിത്രം ഉച്ചയ്‌ക്ക് 12 മണിക്ക് നിള തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.
നർഗീസ് കൽഹോറുടെ 'ഷാഹിദ്' കൈരളി തിയേറ്ററില്‍ രാവിലെ 10 മണിക്ക് പ്രദര്‍ശനം ആരംഭിച്ചു. ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ് ഷാഹീദ്. എല്ലാത്തരം റാഡിക്കൽ പ്രത്യയശാസ്ത്രങ്ങളെയും ചോദ്യം ചെയ്യുന്ന ഒരു വ്യക്‌തിഗത ചിത്രം കൂടിയാണിത്. ഉച്ചയ്ക്ക് 12.30ന് ഫീമെയിൽ ഗെയ്‌സ് വിഭാഗത്തിൽ നിന്നുള്ള 'വെന്‍ ദി ഫോണ്‍ റാംഗ്' എന്ന ചിത്രം കൈരളി തിയേറ്ററിൽ പ്രദര്‍ശിപ്പിക്കും. ഛിന്നഭിന്നമായ ഓർമ്മകളും വൈകാരികമായ അനുഭവങ്ങളും പ്രദാനം ചെയ്യുന്നതാണ് ഐവ റാഡിവോജെവിച്ചിന്‍റെ ഈ സെർബിയൻ-അമേരിക്കൻ ചിത്രം.