ഹൈദരാബാദ്:പഠിപ്പിച്ച് മാത്രമല്ല നൃത്തം ചെയ്‌തും വിദ്യാർഥികളെ കയ്യിലെടുക്കുകയാണ് ഒരു ടീച്ചർ. വിദ്യർഥികൾക്കൊപ്പം നൃത്തം ചെയ്യുന്ന അധ്യാപികയുടെ വീഡിയോ അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ക്ലാസ് മുറിയിൽ വച്ച് ബോളിവുഡ് ചിത്രമായ 'ബണ്ടി ഔർ ബബ്ലി'യിലെ പ്രശസ്‌തമായ 'കജ്‌രാ രേ' എന്ന ഗാനത്തിനാണ് ടീച്ചർ തകർപ്പൻ ചുവടുകൾ വച്ചത്.
ഐശ്യര്യ റായി ഗംഭീരമാക്കിയ ഗാനം ടീച്ചറും ഒട്ടും മോശമാക്കിയില്ലെന്ന് നെറ്റിസൺമാർ പറയുന്നു. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നൃത്തം ചെയ്യുന്ന ടീച്ചർക്ക് ചുറ്റും പ്രോത്സാഹനവുമായി കുട്ടികൾ നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനിടെ ഒരു വിദ്യാർഥി ചുവന്ന ദുപ്പട്ട ടീച്ചറുടെ മേലിടുന്നതും അവർ അത് പിടിച്ച് മനോഹരമായി നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം.
എന്നാൽ ഈ വീഡിയോ എപ്പോൾ എടുത്തതാണെന്നോ ആരാണ് നൃത്തം ചെയ്യുന്നതെന്നോ വ്യക്തമല്ല. ക്ലാസ് മുറിയിലെ ബ്ലാക്ക് ബോർഡിൽ 'ഹാപ്പി ബർത്ത് ഡേ രശ്‌മി മാഡം' എന്ന് എഴുതിയിരിക്കുന്നത് വീഡിയോയിൽ കാണാം. വിദ്യാർഥികൾ തങ്ങളുടെ അധ്യാപികയുടെ ജന്മദിനം ആഘോഷിച്ചതാകാം എന്നും ഇതിനിടെയാകും വീഡിയോ പകർത്തിയത് എന്നുമാണ് അനുമാനം.
നിരവധി പേരാണ് വീഡിയോയ്‌ക്ക് കയ്യടിച്ച് രംഗത്തെത്തുന്നത്. കുട്ടികൾക്കൊപ്പം അവരിലൊരാളായി ചുവടുകൾ വയ്‌ക്കുന്ന അധ്യാപികയ്‌ക്ക് പൂച്ചണ്ടുകളുമായി ഒട്ടനേകം പേർ കമന്‍റ് ബോക്‌സിലേക്കും ഒഴുകിയെത്തുന്നു. അതേസമയം, അധ്യാപികയെ വിമർശിച്ചും നിരവധിപേർ എത്തുന്നുണ്ട്.
പാരമ്പര്യങ്ങൾക്കും മൂല്യങ്ങൾക്കും മുൻഗണന നൽകുന്ന രാജ്യത്ത് ഒരു ടീച്ചർ ക്ലാസ് മുറിയിൽ 'ഐറ്റം സോങ്ങി'ൽ നൃത്തം ചെയ്യുന്നത് ഉചിതമല്ലെന്നാണ് ഒരുകൂട്ടം നെറ്റിസൺസ് പ്രതികരിച്ചത്. എന്നാൽ ചിലർക്ക് മറ്റുള്ളവരുടെ സന്തോഷം കാണാൻ കഴിയില്ലെന്ന് മറ്റൊരാൾ ഇതിന് മറുപടി നൽകി. അവർ സന്തോഷത്തോടെയാണ് നൃത്തം ചെയ്യുന്നതെന്നും അധ്യാപികയായി എന്നത് അവരെ നൃത്തം ചെയ്യാൻ അയോഗ്യയാക്കുന്നില്ലെന്നും ചിലർ ചുണ്ടിക്കാട്ടി. ആളുകൾ തുറന്ന മനസുള്ളവരായിരിക്കണമെന്നും നിരവധിപേർ കുറിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിൽ ഇത്തരത്തിൽ നൃത്തം ചെയ്‌ത ഒരു അധ്യാപികയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയ ഏറ്റെടുത്ത 'ഗുലാബി ഷരാ'ര എന്ന ഗാനത്തിന് കുട്ടികളോടൊത്ത് നൃത്തം ചെയ്‌ത കാജൽ അസുദാനിയുടെ വീഡിയോയാണ് വൈറലായത്. സമ്മിശ്ര പ്രതികരണങ്ങളാണ് ഈ വീഡിയോയ്‌ക്കും ലഭിച്ചത്.
വിമർശനങ്ങൾ ഉയർന്നതോടെ വീഡിയോ ചിത്രീകരിച്ചത് ക്ലാസ് മുറിയിലല്ലെന്നും സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർഥികൾക്കൊപ്പം പുറത്തുനിന്നാണ് വീഡിയോ എടുത്തതെന്നും അധ്യാപികയ്‌ക്ക് വ്യക്തമാക്കേണ്ടി വന്നിരുന്നു.