പ്രശസ്‌ത ചലച്ചിത്രതാരം താപ്‌സി പന്നു വിവാഹിതയായതായി റിപ്പോർട്ട്. ദീർഘകാല കാമുകൻ മതിയാസ് ബോയുമായി ഉദയ്‌പൂരിൽ വച്ചാണ് താരത്തിന്‍റെ വിവാഹം നടന്നതെന്നാണ് വിവരം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
നടൻ പാവൈൽ ഗുലാട്ടി, സംവിധായകൻ അനുരാഗ് കശ്യപ്, നിർമാതാവ് കനിക ധില്ലൻ എന്നിവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു എന്നാണ് വിവരം. മാർച്ച് 20 മുതൽ തന്നെ താപ്‌സി പന്നുവും മതിയാസ് ബോയും വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻ ഒളിമ്പിക് മെഡൽ ജേതാവും ഡാനിഷ് ബാഡ്‌മിന്‍റൺ താരവുമാണ് മതിയാസ് ബോ.
മാർച്ച് 23ന് (ശനിയാഴ്‌ച) ആണ് വിവാഹം നടന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ പ്രത്യേക ദിനത്തിൽ മാധ്യമശ്രദ്ധ വേണ്ടെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു എന്നും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്നുമാണ് താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
കനിക ധില്ലനൊപ്പം ഭർത്താവ് ഹിമാൻഷു ശർമ്മയും വിവാഹത്തിൽ പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. കനിക തന്‍റെ ഇൻസ്റ്റഗ്രാം ഹാൻഡിലില്‍ അടുത്തിടെ നിരവധി ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തിരുന്നു. അതേസമയം താപ്‌സിയുടെ സഹോദരി ഷാഗുൺ പന്നുവും കസിൻ ഇവാനിയ പന്നുവും ഉൾപ്പെടുന്ന, വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ നിന്നുള്ള ഒരു സ്‌നാപ്പ്‌ഷോട്ടും പുറത്തുവന്നിരുന്നു. അഭിലാഷ് തപ്ലിയാൽ, ബാഡ്‌മിന്‍റൺ താരം ചിരാഗ് ഷെട്ടി എന്നിവരെയും ഇവർക്കൊപ്പം കാണാമായിരുന്നു.