അംഗീകാരനിറവിൽ കിഷോർ, ശ്രുതി മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സജീദ് എ സംവിധാനം ചെയ്‌ത 'വടക്കൻ' സിനിമ. പുരാതന ദ്രാവിഡ പുരാണങ്ങളിൽ നിന്നും നാടോടിക്കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ 'വടക്കൻ' ബ്രസൽസ് ഇന്‍റർനാഷണൽ ഫന്‍റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്ക് (BIFFF) തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ബ്രസൽസ് ഇന്‍റർനാഷണൽ ഫന്‍റാസ്റ്റിക് ഫിലിം ഫെസ്റ്റിവൽ 2024ന്‍റെ ഇന്‍റർനാഷണൽ പ്രോജക്‌ട്സ് ഷോകേസ് വിഭാഗത്തിൽ ഇടംനേടുന്ന ആദ്യത്തെ മലയാളം സിനിമയെന്ന ഖ്യാതിയും 'വടക്കൻ' സ്വന്തമാക്കി.
സംവിധായകൻ സജീദ് എയുടെ കഥയ്‌ക്ക് ഉണ്ണി ആർ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. തീർത്തും സൂപ്പർ നാച്വറല്‍ ത്രില്ലറാണ് ഈ ചിത്രം. അന്താരാഷ്‌ട നിലവാരത്തിലുള്ള ഒരു മൾട്ടി-ജോണർ ശ്രമമാണ് വടക്കൻ എന്നാണ് നിർമാതാക്കൾ പറയുന്നത്. ഓഫ്‌ബീറ്റ് മീഡിയ ഗ്രൂപ്പിന്‍റെ അനുബന്ധ സ്ഥാപനമായ ഓഫ്‌ബീറ്റ് സ്റ്റുഡിയോസിന്‍റെ ബാനറിൽ ജയദീപ് സിംഗ്, ഭവ്യ നിധി ശർമ്മ, നുസ്രത്ത് ദുറാനി എന്നിവർ ചേർന്നാണ് വടക്കൻ സിനിമയുടെ നിർമാണം.
സൗണ്ട് ഡിസൈനറായ അക്കാദമി അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി, ഛായാഗ്രാഹകനായി കെയ്‌കോ നകഹാര, പാകിസ്ഥാനി ഗായകനും ഗാനരചയിതാവുമായ സെബ് ബംഗഷ് എന്നിവർ ഈ ടീമിന്‍റെ ഭാഗമാണ്. ബിജിബാൽ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അതേസമയം ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകളുടെ (FIAPF) ആദരവും അംഗീകാരവും നൽകുന്ന ബ്രസൽസ് ഇന്‍റർനാഷണൽ ഫന്‍റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിന് കാൻ ഫിലിം ഫെസ്റ്റിവൽ, ലൊകാർണോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയ്‌ക്കൊപ്പമാണ് സ്ഥാനം. വർഷങ്ങളായി പീറ്റർ ജാക്‌സൺ, ടെറി ഗില്ല്യം, വില്യം ഫ്രീഡ്‌കിൻ, പാർക്ക് ചാൻ-വൂക്ക്, ഗില്ലെർമോ ഡെൽ ടോറോ തുടങ്ങി നിരവധി പ്രമുഖരെ BIFFF സ്വാഗതം ചെയ്‌തിട്ടുണ്ട്. ലോകമെമ്പാടുമുള്ള അത്യാധുനിക പ്രൊജക്‌ടുകൾക്കിടയിൽ BIFFF വിപണിയിൽ ഇടം നേടാനായത് 'വടക്കൻ' സിനിമയുടെ അണിയറ പ്രവർത്തകരുടെ സുപ്രധാന നേട്ടമായാണ് വിലയിരുത്തുന്നത്.