സണ്ണി ലിയോൺ എന്ന വ്യക്തി ഒരു സിനിമയുടെയോ, ഗാന രംഗത്തിന്‍റേയോ ഭാഗമാകുമ്പോൾ അതിന് മറ്റൊരർത്ഥം നൽകി വസ്‌തുതകളെ വളച്ചൊടിക്കുന്നത് മാധ്യമങ്ങളാണെന്ന് സണ്ണി ലിയോൺ. പ്രഭുദേവയെ നായകനാക്കി എസ്.ജെ സിനു സംവിധാനം ചെയ്യുന്ന 'പേട്ടറാപ്പ്' എന്ന സിനിമയുടെ പ്രചാരണാർത്ഥം കൊച്ചിയിലെത്തിയ സണ്ണി ലിയോണ്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
'പേട്ടറാപ്പി'ലെ ഒരു ഗാന രംഗത്തിൽ സണ്ണി ലിയോൺ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ആകർഷക ഘടകം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള തന്ത്രമല്ലേ ഇതെന്നുള്ള ചോദ്യത്തിന് സണ്ണി ലിയോണിന്‍റെ മറുപടി കുറിക്ക് കൊള്ളുന്നതായിരുന്നു. സിനിമകളിലെ ഗാന രംഗങ്ങൾ ആ ചിത്രത്തിന്‍റെ വിജയ ഘടകങ്ങളാണ്. ഗാന രംഗങ്ങൾ ഒന്ന് കൊണ്ടുമാത്രം, അത് കാണാനായി പ്രേക്ഷകർ തിയേറ്ററില്‍ കയറി വിജയിപ്പിച്ച സിനിമകളുണ്ട്. ഒരു സിനിമയിലെ ഗാനം മികച്ചതാണെങ്കിൽ പ്രേക്ഷകർ അത് ആസ്വദിക്കും. ഗാനം വളരെയധികം സ്വാധീനിച്ചാൽ അവര്‍ എഴുന്നേറ്റു നിന്ന് നൃത്തവും ചെയ്യും. ഗാന രംഗങ്ങളിലെ അഭിനേതാക്കളെ അവർ ആരാധിക്കുകയും, ആഘോഷമാക്കുകയും ചെയ്യും.
പക്ഷേ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെടുന്ന നടി, എന്നെ പോലെ ഒരാളാണെങ്കിൽ പ്രത്യേകിച്ചും അവരുടെ രൂപം, ഭാവം, വസ്ത്രം എന്നീ ഘടകങ്ങളെ സിനിമ എന്ന വിനോദോപാദിക്ക് അപ്പുറം വസ്‌തുത വിരുദ്ധമായ കണ്ണുകൊണ്ട് കാണാൻ ശ്രമിക്കുന്നത് ഇവിടുത്തെ മാധ്യമങ്ങൾ മാത്രമാണ്. പ്രേക്ഷകരെ ആ ഗണത്തിൽ പെടുത്തേണ്ട കാര്യമില്ല. ഒരുപാട് ആളുകളുടെ അധ്വാനത്തിന്‍റെ ഫലം കൂടിയാണ് സിനിമ. എന്തിനെയും ഒബ്‌ജക്‌റ്റിഫൈ ചെയ്യുക എന്നുള്ള വ്യഗ്രത, മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും സണ്ണി ലിയോൺ അഭിപ്രായപ്പെട്ടു.