'മാളികപ്പുറം' ടീമിന്‍റെ രണ്ടാം വരവായ 'സുമതി വളവ്' സിനിമയുടെ ഓൾ ഇന്ത്യ വിതരണാവകാശം സ്വന്തമാക്കി ഡ്രീം ബിഗ് ഫിലിംസ്. 'ജയിലർ, ജവാൻ, ലിയോ, പൊന്നിയിൻ സെൽവൻ 2, മഞ്ഞുമ്മല്‍ ബോയ്‌സ്' തുടങ്ങി ബ്ലോക്ക് ബസ്‌റ്റർ ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിച്ച ഡ്രീം ബിഗ് ഫിലിംസ് ഈ വർഷം ക്രിസ്‌മസ് റിലീസായിട്ടാകും 'സുമതി വളവ്' തിയേറ്ററിൽ എത്തിക്കുക. 2022ൽ ക്രിസ്‌തുമസ് റിലീസായെത്തിയ 'മാളികപ്പുറം' ബോക്‌സോഫിസിൽ തിളങ്ങിയിരുന്നു. ഇവരുടെ രണ്ടാം വരവ് പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
'മാളികപ്പുറം' ഒരുക്കിയ വിഷ്‌ണു ശശിശങ്കർ ആണ് ഈ ഹൊറർ ഫാന്‍റസി ചിത്രം സംവിധാനം ചെയ്യുന്നത്. അഭിലാഷ് പിള്ള തിരക്കഥാകൃത്തായ 'സുമതി വളവി'ന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് രഞ്ജിൻ രാജാണ്. 'മാളികപ്പുറ'ത്തിന് ശേഷമുള്ള ഇവരുടെ പുനഃസംഗമം നിരാശപ്പെടുത്തില്ലെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന 'സുമതി വളവി'ൽ അർജുൻ അശോകൻ, മാളവിക മനോജ് എന്നിവർ പ്രധാന വേഷങ്ങളിലുണ്ട്. ഒപ്പം വമ്പൻ താരനിരയും അണിനിരക്കുന്നു. പാലക്കാട്, മൂന്നാർ, കുമളി, കമ്പം, തേനി, വട്ടവട എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകൾ.