തിരുവനന്തപുരം :31-ാമത് സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു (State Television Awards Announced). സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. കഥ, കഥേതര, രചന വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നത്.
ഈ വർഷവും മികച്ച ഒന്നാമത്തെയും രണ്ടാമത്തെയും ടെലി സീരിയലിൽ അവാർഡിന് അർഹമായ എൻട്രികളില്ലെന്ന് മന്ത്രി പറഞ്ഞു. മാത്രമല്ല ഡബ്ബിങ് ആർട്ടിസ്‌റ്റുകൾക്കും അവാർഡ് ഇല്ല. കഴിഞ്ഞ വർഷവും ഈ വിഭാഗത്തിൽ അവാർഡിന് അർഹമായ എൻട്രികൾ ഉണ്ടായിരുന്നില്ല.
സീരിയൽ വിഭാഗത്തിൽ സാമൂഹിക ആക്ഷേപഹാസ്യ സ്വഭാവമുള്ള സിറ്റ് കോമുകളാണ് എൻട്രിയായി സമർപ്പിക്കപ്പെട്ടതെന്നും അതിനാൽ അവയെ സീരിയൽ വിഭാഗത്തിന് അവാർഡിനായി പരിഗണിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മികച്ച ഇൻവെസ്‌റ്റിഗേറ്റീവ് ജേണലിസ്‌റ്റ് വിഭാഗത്തിലും അർഹതയുള്ള എൻട്രികൾ ഇത്തവണയില്ലെന്ന് മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മികച്ച ടെലിവിഷൻ ഗ്രന്ഥത്തിന് ടി കെ സന്തോഷ് കുമാർ അർഹനായി. മഴവിൽ മനോരമയിലെ സൂപ്പർ 4 ജൂനിയേഴ്‌സ് ആണ് മികച്ച എന്‍റർടെയിൻമെന്‍റ് ടി വി ഷോയുടെ അവാർഡിന് അർഹമായത്. ഏഷ്യാനെറ്റിലെ കോമഡി സ്‌റ്റാർസാണ് മികച്ച കോമഡി പ്രോഗ്രാം.