ഹൈദരാബാദ് :ഓസ്‌കർ വേദിയിലടക്കം തിളങ്ങിയ തന്‍റെ 'ആർആർആർ' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനവുമായി ബന്ധപ്പെട്ട് ജപ്പാനിലാണ് സംവിധായകൻ എസ് എസ് രാജമൗലി ഇപ്പോൾ. രാം ചരണും ജൂനിയർ എൻടിആറും പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം 513 ദിവസങ്ങളോളമാണ് തിയേറ്ററുകളിൽ പ്രദർശനം തുടർന്നത്. ഇതിനിടെ ജപ്പാനിലെ ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനത്തിൽ വച്ച് തന്‍റെ പുതിയ പ്രൊജക്‌ടുമായി ബന്ധപ്പെട്ട് മനസ് തുറന്നിരിക്കുകയാണ് പ്രിയ സംവിധായകൻ.
2022 മാർച്ച് 24നാണ് 'ആർആർആർ' ആഗോളതലത്തിൽ റിലീസ് ചെയ്‌തത്. 2023 ൽ, എം എം കീരവാണി സംഗീതം പകർന്ന 'നാട്ടു നാട്ടു' എന്ന ഗാനത്തിന് രണ്ട് ഗോൾഡൻ ഗ്ലോബുകളും അക്കാദമി അവാർഡും ലഭിച്ചിരുന്നു.
റിലീസായി രണ്ട് വർഷങ്ങൾക്കിപ്പുറവും 'ആർആർആർ' തീർത്ത അലയൊലികൾ അവസാനിച്ചിട്ടില്ല. ഈ അഭൂതപൂർവമായ നേട്ടത്തിൻ്റെ സ്‌മരണയ്‌ക്കായാണ്, ഒരു പ്രത്യേക പ്രദർശനത്തിൽ പങ്കെടുക്കാൻ സംവിധായകൻ ജപ്പാനിലെത്തിയത്. തൻ്റെ ആരാധകരോട് സംസാരിക്കവെ, മഹേഷ് ബാബുവിനൊപ്പം തൻ്റെ വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളും രാജമൗലി പങ്കുവച്ചു.
ചിത്രത്തിൻ്റെ തിരക്കഥ പൂർത്തിയായതായി സ്ഥിരീകരിച്ച അദ്ദേഹം നിലവിൽ തങ്ങൾ പ്രീ-പ്രൊഡക്ഷൻ പ്രക്രിയയിലാണെന്നും പറഞ്ഞു. സിനിമ അൽപ്പം വേഗത്തിൽ തന്നെ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിലീസ് സമയത്ത് താൻ, നായകനായ മഹേഷ് ബാബുവിനെ ഇവിടേക്ക് കൊണ്ടുവരുമെന്നും എസ് എസ് രാജമൗലി ജപ്പാനിലെ ആരാധകർക്ക് ഉറപ്പ് നൽകി.
അതേസമയം മഹേഷ് ബാബുവിന് പുറമെയുള്ള മറ്റ് അഭിനേതാക്കളെ ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈദരാബാദിലെ ഗച്ചിബൗളി പരിസരത്ത് സിനിമാസെറ്റുകളുടെ നിർമ്മാണം ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മെയ് അവസാനത്തോടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണിൽ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
നിരവധി ആഗോള ലൊക്കേഷനുകളിൽ, വിപുലമായ ചിത്രീകരണമാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുതെന്നാണ് വിവരം. അതുകൊണ്ടുതന്നെ ഷൂട്ടിങ് പൂർത്തിയാകാൻ രണ്ട് വർഷത്തിലേറെ സമയമെടുക്കുമെന്നാണ് സൂചന.
ഇതിനിടെ ജപ്പാനിൽ വച്ച് ഒരു ആരാധിക രാജമൗലിക്കും ഭാര്യ രമയ്‌ക്കും കൗതുകരമായ ഒരു സമ്മാനം നൽകിയതും ശ്രദ്ധനേടുകയാണ്. അത് നൽകിയ ആളെക്കുറിച്ചുള്ള രാജമൗലിയുടെ കുറിപ്പും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. 83 വയസുള്ള ആരാധികയാണ് സംവിധായകന് സമ്മാനവുമായെത്തിയത്. 1000 ഒറിഗാമി രൂപങ്ങളാണ് ഇവർ നൽകിയത്. ചില സ്‌നേഹത്തിന് പകരമായി എന്ത് നൽകിയാലും മതിയാകില്ലെന്നാണ് ആരാധികയ്‌ക്ക് നന്ദി അറിയിച്ചുകൊണ്ട് രാജമൗലി കുറിച്ചത്.