മലയാള സിനിമയിലേക്ക് പുതിയൊരു സംവിധായിക കൂടിയെത്തുന്നു. നവാഗതയായ ആരതി ഗായത്രി സംവിധാനം ചെയ്യുന്ന 'തേരി മേരി ഒരു ബീച്ച് കഹാനി' എന്ന സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. ആരതി ഗായത്രി ദേവി തന്നെയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരാണ് 'തേരി മേരി ഒരു ബീച്ച് കഹാനി'യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുഗു താരം ശ്രീരംഗ സുധ നായികയാകുന്ന ചിത്രത്തിൽ അന്ന രേഷ്‌മ രാജൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലായിരുന്നു കഴിഞ്ഞ ദിവസം 'തേരി മേരി ഒരു ബീച്ച് കഹാനി'യുടെ ചിത്രീകരണത്തിന് അണിയറക്കാർ തുടക്കം കുറിച്ചത്.
എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ അലക്‌സ് തോമസ്, ബബിത ബാബു എന്നിവർ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. അലക്‌സ് തോമസാണ് ഫസ്റ്റ് ക്ലാപ്പ് നൽകിയത്. ടെക്‌സാസ് ഫിലിം ഫാക്‌ടറിയുടെ ബാനറിൽ അംജിത്ത് എസ് കെ, സമീർ ചെമ്പായിൽ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
വർക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന രണ്ട് യുവാക്കളുടെ ജീവിതമാണ് ഈ ചിത്രം പറയുന്നത്. രസകരമായി കഥ പറയുന്ന 'തേരി മേരി ഒരു ബീച്ച് കഹാനി' പ്രധാനമായും യുവത്വത്തിൻ്റെ കാഴ്‌ചപ്പാടുകളിലൂടെയാണ് പരിണമിക്കുന്നതെന്ന് സംവിധായിക ആരതി വ്യക്തമാക്കി. ഇർഷാദ് അലി, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, ബബിത ബാബു എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും വേഷമിടുന്നുണ്ട്.
കൈലാസ് മേനോനാണ് ഈ സിനിമയ്‌ക്ക് സംഗീതം പകരുന്നത്. ഛായാഗ്രഹണം ബിബിൻ ബാലകൃഷ്‌ണനും എഡിറ്റിംഗ് എം എസ് അയ്യപ്പനും നിർവഹിക്കുന്നു. വർക്കല, കോവളം, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളിലായാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുക.
ALSO READ:വൻ താരനിരയുമായി 'തേരി മേരി ഒരു ബീച്ച് കഹാനി' വരുന്നു
അഡീഷണൽ സ്‌ക്രിപ്‌റ്റ് - അരുൺ കരിമുട്ടം, കലാസംവിധാനം - സാബു റാം, കോസ്റ്റ്യൂം ഡിസൈൻ - വെങ്കിട്ട് സുനിൽ, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്‌ണൻ, അസോസിയേറ്റ് ഡയറക്‌ടർമാർ - സുന്ദർ എൽ, ശരത് കുമാർ കെ ജി, ക്രിയേറ്റീവ് ഡയറക്‌ടർ - വരുൺ ജി പണിക്കർ, പ്രൊഡക്ഷൻ മാനേജേഴ്‌സ് - സജയൻ ഉദയൻ കുളങ്ങര, സുജിത് വി എസ്, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി, ഫോട്ടോ - ശാലു പേയാട്.