മലയാള സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയിലെ പുതിയ ഗാനം പുറത്ത്. ചിത്രത്തിലെ 'നെബുലകൾ' എന്ന വീഡിയോ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. കാഴ്‌ചക്കാർക്ക് കൊടൈക്കനാലിന്‍റെ നൊസ്റ്റാൾജിയ പകരുന്ന ഈ ട്രാവൽ സോങ് മികച്ച പ്രതികരണം നേടുകയാണ് (Manjummel Boys travel Song 'Nebulakal').
തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം ഇതിനോടം മൂന്ന് ലക്ഷത്തിലേറെ കാഴ്‌ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് തെന്നിന്ത്യയിലെ തന്നെ പ്രശസ്‌ത ഗായകനായ പ്രദീപ് കുമാറാണ്. കൊടൈക്കനാലിന്‍റെ വശ്യതയും മനോഹാരിതയും അപ്പാടെ പകർത്തിയിരിക്കുന്ന ഗാനം സിനിമയുടെ പ്രതീക്ഷകളും ഇരട്ടിയാക്കുന്നതാണ്.
'ജാൻ-എ-മൻ' സിനിമയ്‌ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്‌സ്'. മലയാളത്തിലെ യുവതാരനിര അണിനിരക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ സിനിമയ്‌ക്ക്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, നടൻ സലിം കുമാറിന്‍റെ മകൻ കൂടിയായ ചന്തു സലിം കുമാർ, അഭിറാം രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്‌ണു രഘു തുടങ്ങിയവരാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്‍റണി എന്നിവർ ചേർന്ന് നിർമിക്കുന്ന 'മഞ്ഞുമ്മൽ ബോയ്‌സ്' പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. നാളെ (ഫെബ്രുവരി 22ന്) ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും (Manjummel Boys Release on 22nd February 2024). ഇതിനോടകം തന്നെ ചിത്രത്തിന്‍റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ ഓൾ ഇന്ത്യ ഡിസ്‌ട്രിബ്യൂഷൻ നിർവഹിക്കുന്നത്.