മലയാളി പ്രേക്ഷകരുടെ ഇഷ്‌ടതാരം സിജു വിൽസൺ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'പഞ്ചവത്സര പദ്ധതി' തിയേറ്ററുകളിലേക്ക്. കേരള സംസ്ഥാന അവാർഡ് നേടിയ സംവിധായകൻ പി ജി പ്രേംലാൽ ഒരുക്കുന്ന 'പഞ്ചവത്സര പദ്ധതി'യുടെ റിലീസ് തീയതി പുറത്തുവന്നു. ചിത്രം ഏപ്രിൽ 26-ന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.
ഏറെ പ്രേക്ഷക - നിരൂപക പ്രശംസയേറ്റുവാങ്ങിയ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ ആണ് പഞ്ചവത്സര പദ്ധതി'യുടെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത്. കിച്ചാപ്പൂസ് എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ കെജി അനിൽകുമാർ ആണ് ഈ സിനിമയുടെ നിർമാണം.
അതേസമയം പുതിയ പോസ്റ്റർ പങ്കുവച്ചാണ് 'പഞ്ചവത്സര പദ്ധതി'യുടെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 'കലമ്പാസുര ദർശനം' ഏപ്രിൽ 26 മുതൽ എന്ന് പോസ്റ്ററിൽ കാണാം. സിജു വിൽസണും പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 'കാത്തിരിപ്പ് അവസാനിക്കുന്നു. 'പഞ്ചവത്സരപദ്ധതി' തിയേറ്ററുകളിലേയ്‌ക്ക് എത്തുകയാണ്.
പ്രശസ്‌ത ചലച്ചിത്ര വിതരണ സ്ഥാപനമായ 'ഡ്രീം ബിഗ് ഫിലിംസ് ' മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം വിതരണം ഏറ്റെടുത്തിരിക്കുന്ന സിനിമയെന്നത് സന്തോഷകരം. അപ്പോൾ ...ഏപ്രിൽ 26 മുതൽ തിയേറ്ററുകളിൽ കലമ്പാസുര ദർശനം' എന്നാണ് താരം പോസ്റ്റർ പങ്കുവച്ചുകൊണ്ട് കുറിച്ചത്.