ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുള്ള നടിമാരുടെ തുറന്നുപറച്ചില്‍ മലയാള സിനിമയ്‌ക്ക് തലവേദന സൃഷ്‌ടിച്ച സാഹചര്യത്തില്‍ താര സംഘടനായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ രാജിവച്ചതിനെതിരെ നടി ശാന്തി പ്രിയ. അമ്മയില്‍ നിന്ന് മോഹന്‍ലാല്‍ രാജിവയ്‌ക്കുക ആയിരുന്നില്ല വേണ്ടിയിരുന്നത്, മറിച്ച്, ഇരയായവര്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് ശാന്തി പ്രിയ പറയുന്നു.
'അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് രാജി വയ്‌ക്കുകയല്ല മോഹന്‍ലാല്‍ ചെയ്യേണ്ടിയിരുന്നത്. അതില്‍ ഒരു കാര്യവുമില്ല. അദ്ദേഹം ഇരകളെ പിന്തുണയ്‌ക്കുകയും അവരെ വഴികാട്ടുകയും അവര്‍ക്കൊപ്പം നില്‍ക്കുകയുമാണ് ചെയ്യേണ്ടിയിരുന്നത്. ഞങ്ങള്‍ ഇവിടെയുണ്ട്. ഞങ്ങളെ വിശ്വസിക്കാം. ദയവായി അതിക്രമങ്ങള്‍ക്കെതിരെ നിങ്ങള്‍ ശബ്‌ദം ഉയര്‍ത്തൂ. ഞങ്ങളോട് വന്ന് സംസാരിക്കൂ. -എന്നായിരുന്നു പറയേണ്ടിയിരുന്നത്. ഇങ്ങനെ ആയിരുന്നു അദ്ദേഹം ഇടപെടേണ്ടിയിരുന്നത്. ഇരകള്‍ക്കും പുതുതലമുറയ്‌ക്കും നെടുംതൂണാവുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്.
സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ മലയാളത്തിലും ബോളിവുഡിലും മാത്രമല്ല നടക്കുന്നത്. ഞാനൊരു പാന്‍ ഇന്ത്യന്‍ നടിയാണ്. ഇത് എല്ലാ ഇന്‍ഡസ്‌ട്രിയിലും നടക്കുന്നുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷം തെലുഗു സിനിമയിലെ ആരെങ്കിലും ഇതുപോലെ രംഗത്തെത്തും. ഇത് അവസാനിക്കണമെങ്കില്‍ ഇതിനെതിരെ എല്ലാവരും രംഗത്തെത്തണം. ഇപ്പോള്‍ ശക്തമായി പ്രതികരിച്ചാല്‍ ഭാവി തലമുറയ്‌ക്ക് ഭയപ്പെടേണ്ടിവരില്ല. നടി ഭാനു പ്രിയയുടെ സഹോദരി ആയതിനാല്‍ തനിക്ക് ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടിവന്നിട്ടില്ല.'-ശാന്തി പ്രിയ പറഞ്ഞു.