കേരളം

kerala

ETV Bharat / entertainment

ഇന്‍റര്‍നാഷണല്‍ യൂത്ത് ഫിലിം ഫെസ്‌റ്റിവല്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്‌കാരം സ്വന്തമാക്കി ഷാജി എൻ കരുൺ - SHAJI N KARUN GOT ACHIEVEMENTAWARD

ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുണിന് ശ്രീലങ്കൻ സിനിമയുടെ ആദരം. അദ്ദേഹത്തെ ആദരിച്ചത് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം നൽകി.

LIFE TIME ACHIEVEMENT AWARD  ഷാജി എൻ കരുൺ  SRI LANKAN CINEMA  INTERNATIONAL YOUTH FILM FESTIVAL
Shaji N Karun (Facebook)

By ETV Bharat Kerala Team

Published : Nov 28, 2024, 3:04 PM IST

പ്രശസ്‌ത സംവിധായകനും സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ കരുണിന് ശ്രീലങ്കൻ സിനിമയുടെ ആദരം. ശ്രീലങ്കയിൽ നടന്ന പത്താമത് ഇന്‍റർനാഷണൽ യൂത്ത് ഫിലിം ഫെസ്‌റ്റിവലിലാണ് അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം നൽകി ആദരിച്ചത്. ഫെസ്‌റ്റിവലിന്‍റെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ജൂറി ചെയർപേഴ്‌സൻ കൂടിയായിരുന്നു ഷാജി എൻ കരുൺ. ശ്രീലങ്കയിലെ നാഷണൽ യൂത്ത് സർവീസസ് കൗൺസിലാണ് പുരസ്‌കാരം സമ്മാനിച്ചത്.

എൻഇടിപിഎസി (NETPAC), ഏഷ്യൻ ഫിലിം സെന്‍റർ എന്നിവയുടെ പിന്തുണയോടെ ശ്രീലങ്കയിലെ നാഷണൽ യൂത്ത് സർവീസസ് കൗൺസിൽ വർഷം തോറും കൊളംബോയിൽ സംഘടിപ്പിക്കുന്ന ഇന്‍റർനാഷണൽ യൂത്ത് ഫിലിം ഫെസ്‌റ്റിവൽ യുവ സിനിമ പ്രതിഭകളെ കേന്ദ്രീകരിച്ചുള്ളതാണ്. ശ്രീലങ്കയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള വളർന്നുവരുന്ന ചലച്ചിത്ര പ്രവർത്തകർക്ക് ദേശീയ അന്തർദേശീയ വിഭാഗങ്ങളിൽ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്‍ററികളും പ്രദർശിപ്പിക്കുന്നതിന് മേള വേദി ഒരുക്കുന്നുണ്ട്.

പൂനെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദം നേടിയ ഷാജി എൻ കരുൺ പ്രശസ്‌ത സംവിധായകൻ അരവിന്ദന്‍റെ ചിത്രങ്ങളുൾപ്പെടെ നാൽപ്പതിലധികം ചിത്രങ്ങളുടെ ഛായാഗ്രാഹകനെന്ന നിലയിൽ അംഗീകാരം നേടി. 1990ൽ ഈസ്‌റ്റ്‌മാൻ കൊഡാക്ക് അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ആദ്യ സംവിധാന സംരംഭമായ പിറവി (1988) ലോകാർണോ ചലച്ചിത്ര മേളയിലെ സിൽവർ ലെപ്പേഡ് പുരസ്‌കാരവും കാൻ ചലച്ചിത്രമേളയിലെ പ്രത്യേക പരാമർശവും ഉൾപ്പെടെ 31 അവാർഡുകൾ നേടിയിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഷാജി എൻ കരുണിന്‍റെ തുടർന്നുള്ള ചിത്രങ്ങളായ സ്വം (1994), വാനപ്രസ്ഥം (1999), കുട്ടി സ്രാങ്ക് (2010) എന്നിവ കാനിൽ തെരഞ്ഞെടുക്കപ്പെടുകയും ദേശീയ - അന്തർദേശീയ അംഗീകാരങ്ങൾ നേടുകയും ചെയ്‌തു. അദ്ദേഹത്തിന്‍റെ ഓള് (2018) ഗോവ ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രമായിരുന്നു. പത്മശ്രീ പുരസ്‌കാര ജേതാവായ അദ്ദേഹം ഷെവലിയർ ഡെസ് ആർട്‌സ് എറ്റ് ലെറ്റേഴ്‌സ് (ഫ്രാൻസ്, 2000) പുരസ്‌കാരവും നേടിയിട്ടുണ്ട്. കേരള സ്‌റ്റേറ്റ് ഫിലിം ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ ചെയർമാൻ എന്ന നിലയിൽ സർക്കാർ പിന്തുണയുള്ള ഒടിടി (OTT) പ്ലാറ്റ്‌ഫോം, വിഷ്വൽ മീഡിയ എക്‌സലൻസ് കേന്ദ്രം തുടങ്ങിയ നൂതനാശയങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

Also Read:"എന്നെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി", HMMA പുരസ്‌കാര നിറവില്‍ എആർ റഹ്‌മാൻ; നേട്ടം ആടുജീവിതത്തിലൂടെ

ABOUT THE AUTHOR

...view details