ഗോൾഡൻ ഗ്ലോബ്, കാൻ ചലച്ചിത്ര മേളകളിൽ പ്രേക്ഷക പ്രശംസയും പുരസ്‌കാരങ്ങളും നേടിയ ഏഴു ചിത്രങ്ങൾ ചലച്ചിത്രമേളയുടെ ആറാം ദിനമായ ഇന്ന് (18 ഡിസംബർ) പ്രദർശിപ്പിക്കും. ദി സബ്സ്റ്റൻസ്, അനോറ, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, എമിലിയ പെരെസ്, ദി ഷെയിംലെസ്സ്, കോൺക്ലേവ്, ദി സീഡ് ഓഫ് സേക്രഡ് ഫിഗ് എന്നിവയടക്കമുള്ള ചിത്രങ്ങളാണ് വിവിധ തിയേറ്ററുകളിലായി ചലച്ചിത്രപ്രേമികൾക്കു മുന്നിലെത്തുന്നത്.
ഫ്രഞ്ച് സംവിധായിക കൊരാലി ഫാർഗീറ്റ് സംവിധാനം ചെയ്‌ത 'ദി സബ്സ്റ്റൻസ്' കാൻ ചലച്ചിത്രമേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ ചിത്രമാണ്. യൂറോപ്യൻ ഫിലിം അവാർഡ്‌സില്‍ മികച്ച ദൃശ്യാവിഷ്‌കരണത്തിനും ഛായാഗ്രഹണത്തിനുമുള്ള പുരസ്‌കാരവും ലഭിച്ച ചിത്രം ടാഗോർ തിയറ്ററിൽ ഉച്ചയ്ക്കു 2:15ന് പ്രദർശിപ്പിക്കും.
അമേരിക്കൻ ചലച്ചിത്രകാരൻ ഷോൺ ബേക്കറിന്‍റെ 'അനോറ', 77 -ാമത് കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്‌കാരത്തിനർഹമായ ചിത്രമാണ്. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നാഷണൽ ബോർഡ് ഓഫ് റിവ്യൂവിന്റേയും 2024 ലെ മികച്ച 10 ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഏരീസ്പ്ലക്സ്സ്‌ക്രീൻ 1ൽ ഉച്ചയ്ക്കു 12നാണു പ്രദർശനം.
കാൻ മേളയിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടിയ പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമ മലയാളി അഭിനേതാക്കളുടെ സാന്നിധ്യം കൊണ്ട് കേരളത്തിലും ചർച്ച നേടിയിരുന്നു. ചിത്രം ടാഗോർ തിയേറ്ററില്‍ വൈകിട്ട് ആറിനു പ്രദർശിപ്പിക്കും.
ജാക്ക്യുസ് ഓഡിയർഡിന്റെ ഫ്രഞ്ച് ക്രൈം കോമഡി മ്യൂസിക്കൽ ത്രില്ലെർ വിഭാഗത്തിൽപ്പെടുന്ന എമിലിയ പെരെസ് എന്ന ചിത്രത്തിലുടനീളം ഒപ്പേറ സംഗീതം പശ്ചാത്തലത്തിൽ ഉണ്ട്. 77-ാമത് കാൻ ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്‌കാരവും, പ്രത്യേക ജൂറി പരാമർശവും ചിത്രത്തിന് ലഭിച്ചിരുന്നു.