ബി.ടി അനിൽകുമാർ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു. (ETV Bharat)
മാധ്യമപ്രവർത്തകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിൽ സുപരിചിതനായ വ്യക്തിത്വമാണ് ബിടി അനിൽകുമാർ. തന്‍റെ മാധ്യമ സിനിമ ലോകത്തെ വിശേഷങ്ങൾ അദ്ദേഹം ഇ ടി വി ഭാരതിനോട് പങ്കുവയ്ക്കുന്നു. മറക്കാനാകാത്ത അനുഭവം വെളിപ്പെടുത്തിയാണ് അനിൽകുമാർ സംസാരിച്ചു തുടങ്ങിയത്.
സിനിമയ്ക്ക് മുമ്പ് മാധ്യമപ്രവർത്തകനായിരുന്നു. മാധ്യമ ജീവിതത്തിനിടയിൽ സംഭവിച്ച ഒരു അനുഭവം അദ്ദേഹം പറഞ്ഞു.
അമൃത ടിവി കോഴിക്കോട് റീജണൽ ബ്യൂറോ ചീഫായി ജോലി ചെയ്യുന്ന കാലം. എപിഎൽ, ബിപിഎൽ റേഷൻ കാർഡുമായി സംബന്ധിച്ച തിരിമറി പുറത്തു കൊണ്ടുവന്നത് കാരണം അക്കാലത്ത് ജോലി ചെയ്‌തിരുന്ന സ്ഥാപനത്തിന് ജനങ്ങളുടെ ഇടയിൽ വലിയ ഇമ്പാക്‌ട് കൊണ്ടുവന്നിരുന്നു. ഈ വാർത്ത തന്നിലേക്ക് എത്തുന്നത് ഒരു അജ്ഞാത ഫോൺകോളിലൂടെയാണ്.
അനർഹരായ പലർക്കും ബിപിഎൽ കാർഡ് അനുവദിച്ചു നൽകി എന്നുള്ളതായിരുന്നു ആ അജ്ഞാത ഫോൺ സന്ദേശം. ഫോണിലൂടെ ലഭിച്ച വിവരങ്ങൾ പ്രകാരം ഒരു അന്വേഷണം നടത്തി തെളിവുകൾ അടക്കം വാർത്ത പുറത്തുവിട്ടു. ഏകദേശം രണ്ടാഴ്‌ചക്കാലം അജ്ഞാത ഫോൺ സന്ദേശത്തിലൂടെ ലഭിച്ച നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിച്ച് അനർഹരായവർക്ക് ബിപിഎൽ കാർഡ് അനുവദിച്ച അധികൃതർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്ന തലത്തിലേക്ക് കാര്യങ്ങൾ മാറി.
രണ്ടുവർഷത്തോളം ആ വാർത്തകൾക്ക് പ്രസക്തിയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ അക്കാലം അത്രയും ഒരു വ്യാജ പേരിൽ ഫോണിലൂടെ മാത്രം പരിചയമുള്ള ആ വ്യക്തി അജ്ഞാതനായി തുടർന്നു. പക്ഷേ അയാൾ ആരാണെന്ന് താൻ ഒരിക്കൽ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരനായ ഒരു കർഷകൻ. കർഷകൻ ആണെങ്കിലും ഇവിടുത്തെ പല മാധ്യമപ്രവർത്തകരെക്കാൾ ജ്ഞാനമുള്ള തികഞ്ഞ ജേണലിസ്റ്റ് ആയിരുന്നു അദ്ദേഹമെന്ന് അനിൽകുമാർ പറയുന്നു. മാധ്യമ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവച്ച അദ്ദേഹം തന്‍റെ സിനിമ ജീവിതത്തെെക്കുറിച്ച് പറഞ്ഞു തുടങ്ങി.
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബിഗ് ബജറ്റിൽ ഒരുങ്ങുന്ന കാളിയൻ എന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് താൻ തന്നെയാണ്. അനശ്വര നടൻ സത്യന്‍റെ ബയോപിക്കായി ഒരുങ്ങാൻ ഇരുന്ന ജയസൂര്യ ചിത്രത്തിനും തിരക്കഥ ഒരുക്കിയതും താനാണെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു ചിത്രങ്ങളും അനൗൺസ് ചെയ്‌ത കാലഘട്ടത്തിൽ വലിയ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ഇന്ത്യയിലെ മിക്ക ഭാഷകളിലും റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന കാളിയൻ എന്ന ചിത്രം ഒരുപക്ഷേ മലയാളത്തിലെ ആദ്യത്തെ പാൻ ഇന്ത്യൻ ചിത്രവും ആകുമായിരുന്നു. ഇരു ചിത്രങ്ങളും ഇതുവരെയും ചിത്രീകരണം പോലും ആരംഭിച്ചിട്ടില്ല.
പൃഥ്വിരാജിന്‍റെ പല ഇന്‍റർവ്യൂകളിലും കാളിയൻ എന്ന ചിത്രത്തെക്കുറിച്ച് പരാമർശിക്കാറുണ്ട്. കാളിയൻ ഉറപ്പായും സംഭവിക്കും എന്ന് തന്നെയാണ് പലപ്പോഴും പൃഥ്വിരാജ് മറുപടി പറഞ്ഞിട്ടുള്ളത് എന്നും അനിൽകുമാർ പറഞ്ഞു. എന്നാൽ, കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിക്കുന്നു എന്ന രീതിയിൽ അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നും ചില അപ്ഡേറ്റുകൾ പുറത്തുവന്നിരുന്നു.
അതിനുശേഷം ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെയും ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പോലും ആരംഭിച്ചിട്ടില്ല. ഡോക്‌ടർ എസ്. മഹേഷ് സംവിധാനം ചെയ്യുന്ന കാളിയൻ എന്ന ചിത്രത്തിന് എന്ത് സംഭവിച്ചു എന്ന് ബിടി പ്രതികരിച്ചു.
പൃഥ്വിരാജിന്‍റെ കാളിയൻ:'2017 ൽ അനൗൺസ് ചെയ്‌ത ചിത്രം ഇപ്പോഴും പ്രേക്ഷകർ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് എന്നറിയാം. പക്ഷേ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിൽ അടക്കമുള്ള പല കാര്യങ്ങളിൽ ഇതുവരെയും എനിക്കും വ്യക്തത വന്നിട്ടില്ല. കൊവിഡ് കാലമാണ് ചിത്രം ഇത്രയും നീണ്ടുപോകാൻ പ്രധാനമായും കാരണമായത്.
പിന്നീട് കഴിഞ്ഞവർഷം സെപ്റ്റംബറിൽ കേരളത്തിന്‍റെ അങ്ങോളമിങ്ങോളവും പ്രധാന മെട്രോ സിറ്റികളിലും ചലച്ചിത്രത്തിന് വേണ്ടിയുള്ള കാസ്റ്റിങ് ഓഡിഷനുകൾ സംഘടിപ്പിച്ച് ആവശ്യമുള്ള അഭിനേതാക്കളെ തെരഞ്ഞെടുത്തു. അതിനിടയിൽ പൃഥ്വിരാജിന്‍റെ കാലിനേറ്റ പരിക്കും സിനിമ നീണ്ടു പോകുന്നതിന് കാരണമായി.
പൃഥ്വിരാജിന്‍റെ കഥാപാത്രത്തിന് വളരെയധികം ബോഡി ട്രാൻസ്‌ഫമേഷൻ ആവശ്യമായതുകൊണ്ട് തിരക്കുകൾ മാറി നിൽക്കുന്ന ഒരു സമയത്തിനായി കാത്തിരിക്കുകയാണ്. ആറുമാസത്തിനുള്ളിൽ ചിത്രീകരണത്തിലേക്ക് കടക്കാനാകും എന്നുള്ളതു തന്നെയാണ് പ്രതീക്ഷ. തെക്കൻ കേരളത്തിലെ വില്ലു പാട്ടുകളെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന ചിത്രം പുതിയൊരു യോദ്ധാവിനെ മലയാളിക്ക് അഭിമാനപൂർവം ഓർക്കാൻ സഹായകമാകു'മെന്ന് അദ്ദേഹം പറഞ്ഞു.
അതുപോലെതന്നെ അനശ്വര നടൻ സത്യന്‍റെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ജയസൂര്യ ചിത്രവും അണിയറയിലാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. അനൗൺസ് ചെയ്‌ത് കുറച്ചധികം വർഷങ്ങളായെങ്കിലും നിർമാതാവ് വിജയ് ബാബുവും ജയസൂര്യയും പ്രോജക്‌ട് ഉപേക്ഷിച്ചിട്ടില്ല. ഇരുവരുടെയും തിരക്കുള്ള ഷെഡ്യൂളുകൾ കാരണമാണ് ചിത്രം വൈകുന്നത്. ഈ വർഷം അവസാനത്തോടെ ആ ചിത്രത്തിന്‍റെ കാര്യത്തിലും പോസിറ്റീവ് ആയ ഒരു മുന്നേറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Also Read : മോഹൻലാൽ വയനാട്ടിലെത്തിയത് പബ്ലിസിറ്റിക്ക് വേണ്ടിയല്ല; പിന്തുണച്ച് താരസംഘടന അമ്മ