ഹൈദരാബാദ്:ചുരുക്കം ചില സിനിമകൾ കൊണ്ട് തന്നെ ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെട്ട സംവിധായകനാണ് അറ്റ്ലി. 'രാജാ റാണി' എന്ന തമിഴ് ചിത്രത്തിലൂടെയാണ് അറ്റ്ലി തന്‍റെ കരിയർ ആരംഭിച്ചത്. അദ്ദേഹം ഒടുവിൽ ചെയ്‌തത് ഷാരൂഖ് ഖാനൊപ്പമുള്ള 'ജവാൻ' എന്ന ബോളിവുഡ് ചിത്രമാണ്.
ബോക്‌സ് ഓഫിസില്‍ നിന്നും 1000 കോടിയിലധികം രൂപയാണ് ഈ ചിത്രം കലക്‌ട് ചെയ്‌തത്. അറ്റ്‌ലിയും ബോളിവുഡിലെ മുൻനിര താരങ്ങളായ ഷാരൂഖ് ഖാൻ, രൺബീർ കപൂർ, സൽമാൻ ഖാൻ, രൺവീർ സിങ് എന്നിവരും തമ്മിലുള്ള സഹകരണം സംബന്ധിച്ച് മാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ നിറഞ്ഞിരുന്നു. എന്നിരുന്നാലും ജവാന് ശേഷം അറ്റ്ലിയുടെ അടുത്ത ചിത്രത്തിൽ അല്ലു അർജുൻ നായകനാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഇരുവരും തമ്മിലുള്ള ചർച്ചകൾ കുറച്ചുകാലമായി തുടരുകയാണെന്നും, അറ്റ്‌ലിയുടെ അടുത്ത ചിത്രത്തില്‍ അല്ലു അർജുനാകും നായകനെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഒക്‌ടോബറോടെ ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചന. നടനും സംവിധായകനും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണായിട്ടുണ്ടെന്നും ചിത്രത്തിന്‍റെ കാസ്‌റ്റിങ് പ്രക്രിയ അറ്റ്‌ലി ആരംഭിച്ചു കഴിഞ്ഞുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.