തെന്നിന്ത്യയിലെ സൂപ്പര്‍താരമാണ് സായിപല്ലവി. 'പ്രേമം' എന്ന ഒറ്റ സിനിമയിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയായി സായിപല്ലവി മാറിയത്. 2015 ല്‍ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്‌ത 'പ്രേമ'ത്തില്‍ നിവിന്‍ പോളിയുടെ നായികയായാണ് സായി പല്ലവി സിനിമയില്‍ എത്തിയത്. പിന്നീടങ്ങോട്ട് തെന്നിന്ത്യയിലെ തന്നെ തിരക്കുപിടിച്ച നടിയായി മാറി. അഭിനയത്തോടൊപ്പം അസാമാന്യ പ്രതിഭയുള്ള നര്‍ത്തകികൂടിയാണ്. ലഭിക്കുന്ന ഏത് കഥാപാത്രവും മികച്ച രീതിയില്‍ അവതരിപ്പിക്കുകയെന്നത് സായി പല്ലവിയുടെ പ്രത്യേകതയാണ്.
ഇപ്പോഴിതാ തന്‍റെ പുതിയ ചിത്രമായ 'അമരന്‍റെ' പ്രമോഷന്‍ പരിപാടിയിലാണ് താരം. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി സായി പല്ലവി നല്‍കിയ ഒരു അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇതോടൊപ്പം സായി പല്ലവി 'പ്രേമം' സിനിമയില്‍ എത്തിയതിനെ കുറിച്ചും ഓര്‍ത്തെടുക്കുന്നു.
"അന്ന് അല്‍ഫോന്‍സ് പുത്രന്‍ വിളിച്ചു. എനിക്കത് വിശ്വസിക്കാനായില്ല. അതൊരു തട്ടിപ്പ് കോളാണെന്നാണ് ഞാന്‍ വിചാരിച്ചത്. സിനിമയില്‍ നിന്ന് ഒരാള്‍ എന്നിലേക്ക് എത്തുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ആദ്യത്തെ വിളിവരുമ്പോള്‍ ഞാന്‍ ജോര്‍ജിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു. പിന്നീടാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്.
സിനിമയില്‍ വരുന്നതിന് മുന്‍പ് ഒരു ടാംഗോ നൃത്തത്തിന്‍റെ വീഡിയോ പങ്കുവച്ചിരുന്നു. പക്ഷേ ആ വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തത് മറ്റൊരു വിധത്തിലായിരുന്നു. അതോടെ ചെറിയ വസ്‌ത്രങ്ങള്‍ സിനിമയില്‍ ധരിക്കരുതെന്ന തിരിച്ചറിവിലേക്ക് എത്തി. തന്‍റെ രൂപത്തേക്കാള്‍ കഴിവിന് പ്രാധാന്യം ലഭിക്കണമെന്നായിരുന്നു ഞാന്‍ വിശ്വസിച്ചിരുന്നത്.