കഴിഞ്ഞ പതിനേഴ് വര്‍ഷമായി പല തരത്തിലുള്ള മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. ആദ്യ സിനിമയായ 'ഉദയനാണ് താര'ത്തില്‍ തുടങ്ങിയ ജൈത്രയാത്ര ഇങ്ങ് 2025 ബോളിവുഡ് വരെ എത്തിനില്‍ക്കുകയാണ്. സംവിധാനം ചെയ്‌ത ചിത്രത്തിലൊക്കെ തന്‍റേതായ കൈയൊപ്പ് റോഷന്‍ ആന്‍ഡ്രൂസ് ചാര്‍ത്തിയിട്ടുണ്ട്. പ്രേക്ഷകര്‍ ഏറ്റെടുത്ത ഈ സംവിധായകന്‍റെ ചിത്രം ബോളിവുഡിലും ഒരുങ്ങുകയാണ്. ഷാഹിദ് കപൂര്‍ നായകനാകുന്ന ദേവയാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ത്രില്ലടിപ്പിക്കുന്ന ടീസര്‍ പുറത്തിറങ്ങി.
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ദേവ. ടീസര്‍ കണ്ടതോടെ ആവേശത്തോടെയും വലിയ പ്രതീക്ഷയോടെയും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകരും ഷാഹിദ് ആരാധകരും.
മികച്ച സിനിമകള്‍ മലയാളികളുടെ മുന്നിലെത്തിച്ച ബോബി സഞ്ജയ്‌യാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഷാഹീദ് കപൂര്‍ ചിത്രത്തില്‍ എത്തുന്നത്.
ജനുവരി 31 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സീ സ്‌റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡേയാണ് നായിക. പവല്‍ ഗുലാത്തി, പര്‍വേഷ് റാണ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
85 കോടി രൂപ ബഡ്‌ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അനിമല്‍ സിനിമയുടെ ഛായാഗ്രഹാകനായ അമിത് റോയ് ആണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത്. ബോബി സഞ്ജയ്ക്കൊപ്പം ഹുസൈന്‍ ദലാല്‍, അബ്ബാസ് ദലാല്‍, അര്‍ഷദ് സയിദ്, സുമിത് അറോറ എന്നിവരും തിരക്കഥയൊരുക്കാന്‍ ഒപ്പമുണ്ട്.