ബോളിവുഡ് നടി രവീണ ടണ്ടന് നേരെ കയ്യേറ്റശ്രമം. ശനിയാഴ്‌ച വൈകുന്നേരം മുംബൈയിലെ ബാന്ദ്രയിലാണ് സംഭവം. ഒരു കൂട്ടം സ്‌ത്രീകളാണ് ആക്രമിച്ചതായി ആരോപിച്ച് നടിക്ക് നേരെ തിരിഞ്ഞത്.
സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രവീണ സഞ്ചരിച്ച വാഹനം റോഡിലൂടെ നടക്കുകയായിരുന്ന മൂന്നുപേരെ ഇടിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്ന രവീണ ടണ്ടനെ വീഡിയോയിൽ കാണാം. തന്നെ തല്ലരുതെന്ന് നടി അഭ്യർഥിക്കുന്നുണ്ട്. എന്നാല്‍ രവീണ ആക്രമിച്ചു എന്നാരോപിച്ച് മൂക്കിൽ നിന്ന് രക്തം വരുന്നതായി സ്‌ത്രീകളിൽ ഒരാൾ പറയുന്നതും വീഡിയോയിൽ കാണാം.
സംഭവം റെക്കോർഡ് ചെയ്യരുതെന്ന് നടി സമീപത്തുള്ളവരോട് അപേക്ഷിക്കുന്നതും തന്നെ തള്ളുകയോ തല്ലുകയോ ചെയ്യരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. എന്നാൽ ആൾക്കൂട്ടത്തിലെ ചിലർ അവരെ അടിക്കാൻ പറയുന്നതും കേൾക്കാം. നടി രവീണ ടണ്ടന്‍റെ കാറിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റതായി അവകാശപ്പെടുന്ന ഇവരുടെ ബന്ധുവിന്‍റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.