പുഷ്‌പ 2 റിലീസിനിടെ സന്ധ്യ തിയേറ്ററില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ശ്രീതേജയെ കാണാന്‍ ആശുപത്രിയില്‍ എത്തി നടന്‍ അല്ലു അര്‍ജുന്‍. സെക്കന്തരാബാദിലെ കിംസ് ആശുപത്രിയിലാണ് എട്ടുവയസ്സുകാരന്‍ ശ്രീതേജയെ കാണാന്‍ താരം എത്തിയത്.
ഏകദേശം 30 മിനിറ്റോളം താരം ആശുപത്രിയിൽ ചെലവഴിച്ചു. ശ്രീ തേജയുടെ ആരോഗ്യനിലയെ കുറിച്ച് അല്ലു അര്‍ജുന്‍ അന്വേഷിച്ചറിഞ്ഞു. തെലങ്കാന സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ദിൽ രാജുവും അല്ലു അര്‍ജുനൊപ്പം ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിയമ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് താരത്തിന്‍റെ സന്ദർശനം.
അതേസമയം സന്ദര്‍ശനം ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമാകാതിരിക്കാന്‍ മാധ്യമങ്ങളെയും പൊതുസമ്മേളനങ്ങളും ഒഴിവാക്കാൻ അല്ലു അർജുനോട് രാംഗോപാൽപേട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നു. രഹസ്യ സ്വഭാവം പാലിക്കേണ്ടതിന്‍റെ ആവശ്യകതയും പൊതു ക്രമം നിലനിർത്തുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്‌തുകൊണ്ട് ജനുവരി 6ന് രണ്ടാമത്തെ നോട്ടീസും പൊലീസ് നല്‍കിയിരുന്നു.
മൂന്ന് ആഴ്‌ച്ചയോളം ശ്രീതേജ വെന്റിലേറ്ററിൽ ആയിരുന്നു. എന്നാൽ 20 ദിവസങ്ങള്‍ക്ക് ശേഷം, 2024 ഡിസംബര്‍ 24ന് കുട്ടി ചികിത്സയോട് പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2024 ഡിസംബർ 4 നായിരുന്നു സംഭവത്തിന് കാരണമായ അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ശ്രീതേജയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരണപ്പെട്ടിരുന്നു.
അതേസമയം ജനുവരി 5ന് താരം ആശുപത്രിയില്‍ സന്ദര്‍ശനം നടത്താനിരുന്നെങ്കിലും അത് മുടങ്ങിപ്പോയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് താരം അറസ്‌റ്റിലാവുകയും ജാമ്യം ലഭിക്കുകയും ചെയ്‌തിരുന്നു. 2024 ഡിസംബർ 13നാണ് താരം അറസ്‌റ്റിലായത്. 2025 ജനുവരി 4ന് താരത്തിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്‌തു.
ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി ചിക്കഡ്‌ള്ളി പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന കോടതി ഉത്തരവ് പാലിച്ച ശേഷം ശ്രീതേജിനെ സന്ദർശിക്കാനായിരുന്നു അല്ലു അര്‍ജുന്‍ ആദ്യം പദ്ധതിയിട്ടത്. സംഭവം മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ അല്ലെന്ന് കോടതി കണ്ടെത്തി.
അന്വേഷണവുമായി സഹകരിക്കാനും, എല്ലാ ആഴ്‌ച്ചയിലും പൊലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്നും താരത്തോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. തെലുങ്കാന ഹൈക്കോടതിയുടെ മുമ്പാകെ ഒരു ക്വാഷ് ഹർജിയും പരിഗണനയിലുണ്ട്. അടുത്ത വാദം കേൾക്കൽ 2025 ജനുവരി 21ന് നടക്കും.
അപകടം ഉണ്ടായ സമയത്ത് അല്ലു അര്‍ജുന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. "ഇത് തികച്ചും യാദൃശ്ചികമായിരുന്നു. അത് മനഃപൂർവ്വം ആയിരുന്നില്ല. 20 വർഷത്തിലേറെയായി ഞാൻ ഈ തിയേറ്ററിൽ വരുന്നു. 30 തവണയിൽ കൂടുതൽ ഞാൻ ഈ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. ഇതുപോല ഒരു അപകടം മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. എന്‍റെ അഭിപ്രായങ്ങൾ ഞാന്‍ ഇപ്പോള്‍ മാറ്റിവയ്‌ക്കുന്നു. കാരണം അന്വേഷണത്തിൽ ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല." -അല്ലു അര്‍ജുന്‍ മുമ്പൊരിക്കല്‍ പ്രതികരിച്ചിരുന്നു.