ചെന്നൈ:നാല്‍പത് വര്‍ഷത്തെ സിനിമ ജീവിതത്തില്‍ തന്നെക്കുറിച്ചും തന്‍റെ രാഷ്ട്രീയത്തെ കുറിച്ചും മാത്രം പറയാനായി 'വാഴൈ' എന്ന ചിത്രം നിര്‍മിച്ചിരിക്കുകയാണ് മാരി സെല്‍വരാജ് എന്ന തമിഴ് സംവിധായകന്‍. വലിയ താരങ്ങളൊന്നുമില്ലാതെയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ നിര്‍മാണവും മാരി സെല്‍വരാജ് തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്.
ഈ ചിത്രത്തെയും സംവിധായകന്‍റെ കഴിവിനെയും പുകഴ്ത്തിയിരിക്കുകയാണ് തമിഴകത്തിന്‍റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. തന്‍റെ എക്‌സ് പേജിലൂടെയാണ് മാരി സെല്‍വരാജിനെ പുകഴ്ത്തിക്കൊണ്ട് താരം കുറിപ്പിട്ടത്.
'അടുത്തിടെ മാരി സെല്‍വരാജ് സംവിധാനം ചെയ്‌ത 'വാഴൈ' എന്ന ചിത്രം കണ്ടു. വളരെ കാലത്തിന് ശേഷം തമിഴ് സിനിമ ലോകത്തിന് ലഭിച്ച നിലവാരത്തിലുള്ളതും മികച്ചതുമായ ഒരു സിനിമയാണിത്. ഈ ചിത്രത്തിലൂടെ മാരി സെല്‍വരാജ് തന്‍റെ ബാല്യകാലത്തിലേക്ക് നമ്മെ കൂട്ടികൊണ്ടു പോകുകയാണ്.
അതിലെ കഷ്‌ടപ്പാടുകളും യാതനകളും നമ്മള്‍ അനുഭവിക്കുന്നത് പോലെ തോന്നുന്നു. അതിലെ കുട്ടിയെ കാണുമ്പോള്‍ അവന്‍ അങ്ങേയറ്റം പട്ടിണി കിടന്ന് ഭക്ഷണം തേടി പോകുന്നതും മകനെ ചോറ് കഴിക്കാന്‍ അനുവദിച്ചില്ലല്ലോ എന്ന് കരുതി അമ്മ വിലപിക്കുന്ന രംഗവുമെല്ലാം നമ്മെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഇതിലൂടെ അദ്ദേഹം മികച്ച ഒരു സംവിധായകനാണെന്ന് തെളിയിച്ചു. അദ്ദേഹത്തിന് തന്‍റെ ഹൃദയംഗമായ ആശംസകളും അഭിനന്ദനങ്ങളും'- രജനികാന്ത് കുറിച്ചു.
മാരി സെല്‍വരാജും താരത്തിന്‍റെ വാക്കുകള്‍ പങ്കുവെച്ചു. നടനോടൊപ്പം നില്‍ക്കുന്ന ചിത്രവും പങ്കുവച്ചു. നേരത്തെ രജനികാന്തിനോടൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം മാരി സെല്‍വരാജ് പങ്കുവെച്ചിരുന്നു.