ആന്‍റണി വർഗീസിനെ നായകനാക്കി നവാഗത സംവിധായകനായ അജിത് മാമ്പള്ളി ഒരുക്കുന്ന പുതിയ ചിത്രത്തിൽ കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി സുപ്രധാന വേഷം അവതരിപ്പിക്കുന്നു. ഇതുവരെ പേര് വെളിപ്പെടുത്താത്ത ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊല്ലത്ത് പുരോഗമിക്കുന്ന അവസരത്തിലാണ് രാജ് ബി ഷെട്ടി ചിത്രത്തിൽ ജോയിൻ ചെയ്‌തത്. മലയാള സിനിമയിൽ തന്‍റെ നിറസാന്നിദ്ധ്യം അറിയിക്കാനെത്തിയ അദ്ദേഹത്തെ ചിത്രത്തിന്‍റെ നിർമ്മാതാവായ സോഫിയ പോൾ പുഷ്‌പഹാരം നൽകി സ്വീകരിച്ചു.
'ആർ ഡി എക്‌സി'ൻ്റെ വൻ വിജയത്തിന് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണിത്. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് തന്നെയാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത്. 'ഗരുഡ ഗമന വൃഷഭ വാഹന' (2021), 'കാന്താര' (2022), '777 ചാർലി' (2022), 'ടോബി' (2023) എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച താരമാണ് രാജ് ബി ഷെട്ടി. പെപ്പെയോടൊപ്പമുള്ള ഈ സിനിമ രാജ് ബി ഷെട്ടിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ്.
ആദ്യ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്ന 'രുദ്ര'മാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന 'ടർബോ'യിലും സുപ്രധാനമായൊരു വേഷം രാജ് ബി ഷെട്ടി അഭിനയിക്കുന്നുണ്ട്. 'ടർബോ'യുടെ സെറ്റിൽ നിന്നാണ് ഈ സിനിമയുടെ ഷൂട്ടിങ്ങിനായി അദ്ദേഹം കൊല്ലത്തേക്ക് എത്തിയത്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സോളോ ചിത്രം എന്ന സവിശേഷതയുള്ള ഈ സിനിമ ഓണം റിലീസായി തിയേറ്ററുകളിലെത്തും.
100 അടിയുള്ള ബോട്ടിൻ്റെ വമ്പൻ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. കൊല്ലം കുരീപ്പുഴയിലാണ് കാണുന്നവരെ അമ്പരിപ്പിക്കുന്ന ഈ സെറ്റ് തയ്യാറാക്കിയിരിക്കുന്നത്. രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വർക്കല, കൊല്ലം എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ്. കടലിൻ്റെ പശ്ചാത്തലത്തിൽ, പൂർണമായും ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ദിവസങ്ങളോളം കടലിൽ പണിയെടുക്കുന്ന അധ്വാനികളായ ഒരു സമൂഹത്തിൻ്റെ നേർക്കാഴ്‌ചയെന്നോണം ഒരുങ്ങുന്ന ഈ സിനിമ തീരപ്രദേശത്തിൻ്റെ സംസ്‌കാരവും ജീവിതവും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നു.