കേരളം

kerala

ETV Bharat / entertainment

എനിക്ക് മുന്നേ 13 പേര്‍, എല്ലാവരും അഗ്രഗണ്യര്‍; പതിനാലാമനാകാന്‍ താത്‌പര്യമില്ലെന്ന് തീര്‍ത്തു പറഞ്ഞു, ജിജോ പുന്നൂസ് അന്ന് പറഞ്ഞത്...!: രഘുനാഥ് പലേരി പറയുന്നു - RAGHUNATH PALERI INTERVIEW

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഘുനാഥ് പലേരി.

SCREENWRITER RAGHUNATH PALERI  RAGHUNATH PALERI SPECIAL INTERVIEW  RAGHUNATH PALERI ON KUTTICHATHAN  MY DEAR KUTTICHATHAN
രഘുനാഥ് പലേരി (ETV Bharat)

By ETV Bharat Kerala Team

Published : Feb 6, 2025, 3:16 PM IST

ലയാളിക്ക് ഒരുപിടി ക്ലാസിക് ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥാകൃത്താണ് രഘുനാഥ് പലേരി. സംവിധായകനായും ഇപ്പോൾ അഭിനേതാവായും പ്രേക്ഷകർക്ക് അദ്ദേഹം സുപരിചിതനാണ്. 1984ൽ പുറത്തിറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചലച്ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രഘുനാഥ് പലേരിയാണ്.

രഘുനാഥ് പലേരി അഭിമുഖം (ETV Bharat)

ഒന്നു മുതൽ പൂജ്യം വരെ എന്ന മോഹൻലാലിന്‍റെ എക്കാലത്തെയും ക്ലാസിക് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്‌തു. പിറവി, പൊന്മുട്ടയിടുന്ന താറാവ്, പിൻഗാമി, മേലേപറമ്പിൽ ആൺവീട് തുടങ്ങിയ ജനപ്രിയ ഹിറ്റ് ചിത്രങ്ങൾ രഘുനാഥ് പലേരിയുടെ തൂലികയിൽ പിറന്നവയാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയുടെ വിശേഷങ്ങൾ 40 വർഷങ്ങൾക്കു ശേഷം ഇടിവി ഭാരതിനോട് സംസാരിക്കുകയാണ് രഘുനാഥ് പലേരി.

മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ നിന്ന് (ETV Bharat)

സംവിധായകനായ ജിജോ പുന്നൂസിന്‍റെ ദീർഘവീക്ഷണത്തിന്‍റെ ഫലമാണ് ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ ജനിക്കുന്നതിന് കാരണമായതെന്ന് രഘുനാഥ് പലേരി പറയുകയുണ്ടായി. സൗത്ത് ഇന്ത്യ ഒട്ടാകെ സിനിമയിലെ ടെക്നോളജിയുടെ വളർച്ചയ്ക്ക് ജിജോ പുന്നൂസ് എന്ന സംവിധായകന്‍റെ ദീർഘവീക്ഷണം മാതൃകയായിട്ടുണ്ട്. സിനിമ മാത്രമല്ല തീയറ്ററുകളുടെ ആധുനിക രൂപഘടനയ്ക്കും തിയേറ്റർ സ്ക്രീനുകളുടെ നിലവാര വർധനവിനും കാരണമായത് സംവിധായകനായ ജിജോ പുന്നൂസിന്‍റെ കാഴ്‌ചപ്പാടുകൾ ആയിരുന്നു എന്ന് രഘുനാഥ് പലേരി വെളിപ്പെടുത്തി. രഘുനാഥ് പലേരി മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയെ കുറിച്ച് സംസാരിച്ചു തുടങ്ങുകയാണ്.

മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ നിന്ന് (ETV Bharat)

"മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചലച്ചിത്രം ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ടെക്നോളജിയിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു. 40 വർഷം മുമ്പാണ്, കൃത്യമായി പറഞ്ഞാൽ 1984ലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ന് മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലെ ടെക്നോളജി എല്ലാം ഒരു കൊച്ചു കുട്ടിക്ക് വേണമെങ്കിലും ചെയ്തെടുക്കാം. വിദേശ ടെക്നോളജികളും സിനിമ നിർമാണ രീതികളും ഒക്കെ അക്കാലത്ത് മനസിലാക്കുന്നത് അമേരിക്കൻ സിനിമറ്റോഗ്രാഫേഴ്‌സ് യൂണിയൻ പ്രസിദ്ധീകരിക്കുന്ന ഒരു മാഗസിനിലൂടെയാണ്. വളരെ വിലപിടിപ്പുള്ള ഒരു മാഗസിനാണ് അത്. ഒരു സാധാരണ സിനിമക്കാരന് അതിന്‍റെ വില താങ്ങാൻ ആകില്ല.

മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ നിന്ന് (ETV Bharat)

സൗത്ത് ഇന്ത്യൻ സിനിമയുടെ, പ്രത്യേകിച്ച് മലയാളം സിനിമയുടെ പ്രധാന അടിവേരുകളിൽ ഒന്നാണ് ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോ. സംവിധായകൻ ജിജോ പുന്നൂസിന്‍റെ അച്ഛന്‍റെ ചേട്ടനാണ് ഉദയാ സ്റ്റുഡിയോയുടെ ഉടമസ്ഥൻ. പിൽക്കാലത്ത് ഉദയായിൽ നിന്ന് വിട്ടു മാറിയാണ് ജിജോ പുന്നൂസിന്‍റെ പിതാവായ അപ്പച്ചൻ സാർ നവോദയ ആരംഭിക്കുന്നത്. ഞങ്ങളൊക്കെ അദ്ദേഹത്തെ പപ്പ എന്നാണ് വിളിച്ചിരുന്നത്. 1980 ലാണ് ഞാൻ നവോദയയിൽ എത്തിച്ചേരുന്നത്. അപ്പോൾ മുതൽക്കുതന്നെ മലയാളത്തിൽ ഒരു 3ഡി ചിത്രം ഒരുക്കണം എന്നതിനെക്കുറിച്ച് നവോദയ സ്റ്റുഡിയോയിൽ ചർച്ചകൾ പുരോഗമിച്ചിരുന്നു.

മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ നിന്ന് (ETV Bharat)

മലയാള സിനിമയുടെ നവോഥാനത്തിന് വഴിതെളിച്ച നവോദയ സ്റ്റുഡിയോയാണ് ആദ്യ ത്രീഡി ചിത്രത്തിന് ചുക്കാൻ പിടിച്ചതെങ്കിലും ജിജോ പുന്നൂസ് എന്ന സംവിധായകന്‍റെ ഹെവൻലി എഫേർട്ടാണ് ആ ചിത്രം. അങ്ങനെ ഒരു അത്ഭുത ചിത്രം സംഭവിച്ചതിന് പിന്നിലുള്ള മുഴുവൻ ക്രെഡിറ്റും ജിജോ എന്ന സംവിധായകന് മാത്രം അവകാശപ്പെട്ടതാണ്" -രഘുനാഥ് പലേരി തുറന്നുപറഞ്ഞു.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ പോസ്റ്റര്‍ (ETV Bharat)

"ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം, ആദ്യ 70 എംഎം സിനിമ എന്നിവയൊക്കെ ജിജോ പുന്നൂസ് എന്ന സംവിധായകന്‍റെ സംഭാവനയാണ്. സ്റ്റീരിയോ ഫോണിക് സൗണ്ട് സിസ്റ്റം തിയേറ്ററുകൾക്ക്‌ പരിചിതമാക്കി കൊടുക്കുന്നതും ജിജോ പുന്നൂസിന്‍റെ സിനിമകളാണ്. ഇന്ത്യയിലെ ആദ്യ 70 എം എം ചിത്രം സംഭവിക്കുന്നത് ഹിന്ദിയിലാണ്. പക്ഷേ ആ ചിത്രത്തിന്‍റെ പ്രോസസ് മുഴുവനും വിദേശത്തായിരുന്നു ചെയ്‌തിരുന്നത്. എന്നാൽ പൂർണമായും ഇന്ത്യയിൽ പ്രോസസ് ചെയ്‌ത് റിലീസ് ചെയ്‌ത സ്റ്റീരിയോ ഫോണിക് 70 എം എം സിനിമ മലയാള ചിത്രമായ പടയോട്ടമാണ്.

സിനിമയിൽ വിപ്ലവകരമായ പല നേട്ടങ്ങളും കൈവരിക്കുമ്പോൾ തിയേറ്റർ നവോഥാന വിപ്ലവത്തിനും ജിജോ പുന്നൂസ് എന്ന സംവിധായകൻ കാരണക്കാരനായി. 70 എം എം, സ്റ്റീരിയോ ഫോണിക് സിനിമകൾ മലയാളത്തിന് പരിചയപ്പെടുത്തിയതോടെ ചതുരാകൃതിയിലുള്ള തിയേറ്റർ സ്ക്രീനുകൾ വൈഡ് സ്ക്രീനുകൾ ആയി പരിവർത്തനം ചെയ്യപ്പെട്ടു. അക്കാലത്ത് മിക്ക തീയേറ്ററുകളുടെയും ഉള്ളിൽ വലിയ പില്ലറുകൾ സർവസാധാരണമായിരുന്നു. വൈഡ് സ്ക്രീൻ വന്നതോടെ സുഗമമായ പ്രദർശനത്തിനുവേണ്ടി തിയേറ്റർ ഉടമകൾ ഉള്ളിലുള്ള പില്ലറുകൾ മാറ്റി സ്ഥാപിച്ചു. മോണോ സൗണ്ടിൽ നിന്നും തീയേറ്ററുകൾ സ്റ്റീരിയോ ആയി പരിവർത്തനം ചെയ്യപ്പെടുന്നു. ഈ മാറ്റം സൗത്ത് ഇന്ത്യ ഒട്ടാകെ മാതൃകയാക്കപ്പെട്ടു" -രഘുനാഥ് പലേരി വ്യക്തമാക്കി.

മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയുടെ കൂടുതൽ വിശേഷങ്ങളിലേക്ക് രഘുനാഥ് പലേരി കടക്കുകയാണ്.

"ആദ്യ ത്രീഡി ചിത്രം ഒരുക്കുന്നതിനായി ടെക്നോളജിയെ കുറിച്ച് വിദേശത്തുനിന്ന് കാര്യങ്ങളെല്ലാം മനസിലാക്കുന്നത് സംവിധായകൻ ജിജോ പുന്നൂസാണ്. അദ്ദേഹത്തിൽ നിന്നുമാണ് ഞാൻ കാര്യങ്ങൾ മനസിലാക്കുന്നത്. സിനിമ ത്രീഡി ക്യാമറയിൽ അല്ല ഷൂട്ട് ചെയ്‌തിരിക്കുന്നത്. അന്ന് ലഭ്യമായ ഏറ്റവും മികച്ച സിനിമ ക്യാമറകളിൽ ഒന്നായ ആരി ടു സീയിലാണ് മൈ ഡിയർ കുട്ടിച്ചാത്തൻ ചിത്രീകരിച്ചത്.

ക്യാമറയിൽ സ്റ്റീരിയോസ്കോപ്പ് ത്രീഡി ലെൻസും മൾട്ടിപ്പിൾ ലെയർ ഫിലിം മാഗസിനും ഉപയോഗിച്ചാണ് ത്രീഡി വിസ്‌മയം സാധ്യമാക്കിയത്. സാധാരണ ക്യാമറയിൽ ഉപയോഗിക്കുന്ന ഫിലിം ഗേറ്റ് അല്ല ഈ സിനിമയിൽ ഉപയോഗിച്ചത്. 35 എംഎം ഫിലിമിൽ ഒരു ഫ്രെയിമിനെ രണ്ടാക്കി സ്‌പ്ലിറ്റ് ചെയ്‌ത് റൈറ്റ് ഫ്രെയിം മുകളിലത്തെ ഫിലിമിലും ലെഫ്റ്റ് ഫ്രെയിം താഴത്തെ ഫിലിമിലും പതിയുന്ന രീതിയിലാണ് ക്യാമറയിലെ ഫിലിം ഗേറ്റ് സെറ്റ് ചെയ്‌തിരുന്നത്. ഈ ഫിലിം ഗേറ്റ് ജിജോ പുന്നൂസ് സ്വന്തം ബുദ്ധിയിൽ സ്വന്തമായി നിർമിച്ചതാണ്.

പിന്നീട് അശോക് കുമാർ എന്ന ലോക നിലവാരത്തിലുള്ള ഒരു ക്യാമറമാനെ കൂടി ലഭിച്ചതോടെ കാര്യങ്ങൾ സുഗമമായി. സിൽവർ ടോണിലാണ് മൈ ഡിയർ കുട്ടിച്ചാത്തൻ ചിത്രീകരിച്ചിരിക്കുന്നത്. സാധാരണ ഒരു സിനിമയിൽ നിന്നും വ്യത്യസ്‌തമായ ലൈറ്റ് അപ് ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറമാൻ സ്വീകരിച്ചത്. ചിത്രത്തിന്‍റെ ഇന്ത്യ മുഴുവനുള്ള പ്രൊമോഷന് അതാതു ഭാഷയിലെ സൂപ്പർസ്റ്റാറുകൾ ആണ് എത്തിച്ചേർന്നത്. തമിഴിൽ രജനീകാന്ത്, തെലുഗുവിൽ ചിരഞ്ജീവി, ഹിന്ദിയിൽ അമിതാഭ് ബച്ചൻ എന്നിങ്ങനെയുള്ളവർ ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തന് അവരുടെ ഭാഷയിലെ ഡബ്ബിങ് വേർഷന് ആമുഖം നൽകി. നവോദയ അപ്പച്ചൻ എന്ന അതികായന്‍റെ സ്വാധീനമാണ് ഈ സൂപ്പർസ്റ്റാറുകൾ ഒക്കെ സഹകരിക്കാൻ കാരണമായത്" -രഘുനാഥ് പലേരി ഓർമകളിലൂടെ സഞ്ചരിച്ചു.

"കുട്ടിച്ചാത്തൻ എന്ന കഥാപാത്രം ജിജോ പുന്നൂസിന്‍റെ സംഭാവനയാണ്. കുട്ടിച്ചാത്തൻ സംഹാരമൂർത്തിയായ ശിവന്‍റെ ദൈവിക അംശമാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ പ്രിയപ്പെട്ട സുഹൃത്തായ കുട്ടിച്ചാത്തനെതിരെ അക്കാലത്ത് ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞകാലത്തെ വിമർശനത്തെ പറ്റി കൂടുതൽ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല.

ഏകദേശം 13 തിരക്കഥാകൃത്തുക്കൾ ഈ സിനിമയുടെ തിരക്കഥ എഴുതാൻ നവോദയയിൽ എത്തിച്ചേർന്നിരുന്നു. 13 പേരും മലയാള സിനിമയിലെ അഗ്രഗണ്യന്മാരായിരുന്നു. പക്ഷേ 13 പേരും പരാജയം സമ്മതിച്ച് പിന്മാറുകയാണ് ഉണ്ടായത്. പതിനാലാമനായാണ് ഞാൻ എത്തുന്നത്. ഒരു പതിനാലാമൻ ആകാൻ താത്‌പര്യമില്ല എന്നാണ് കുട്ടിച്ചാത്തന്‍റെ തിരക്കഥ എഴുതാമോ എന്ന് എന്നോട് ആവശ്യപ്പെട്ട ജിജോ പുന്നൂസിനോട് ആദ്യം ഞാൻ പറഞ്ഞത്. ഇനിയൊരു പതിനാലാമൻ ഇല്ല നിങ്ങൾ തന്നെ ഈ സിനിമയുടെ തിരക്കഥ എഴുതുന്നു. ജിജോ പുന്നൂസിന്‍റെ മറുപടി ഇപ്രകാരമായിരുന്നു.

ഫാന്‍റസി കഥകൾ എഴുതാൻ എക്കാലവും എനിക്ക് വലിയ താത്‌പര്യം ഉണ്ട്. ഫാന്‍റസിയുടെ ലോകത്തേക്ക് വളരെ എളുപ്പം എനിക്ക് സഞ്ചരിക്കാനാകും. പക്ഷേ കുട്ടിച്ചാത്തന്‍റെ തിരക്കഥ എഴുതുമ്പോൾ തിരക്കഥയ്ക്കും ഒരു ത്രീഡി രൂപം ഉണ്ടായിരുന്നു എന്ന് വേണം പറയാൻ. ഒരു സാധാരണ സിനിമയിൽ ഒരാൾ നടന്നുവരുന്നതുപോലെയല്ല ഒരു ത്രീഡി സിനിമയിൽ ഒരു കഥാപാത്രം നടന്നുവരുന്നത്. അല്ലെങ്കിൽ ആ കഥാപാത്രം നടന്നുവരുന്നത് ചിത്രീകരിക്കേണ്ടത്. ത്രീഡി രൂപത്തിൽ ഒരു സീൻ ചിത്രീകരിക്കേണ്ട മാതൃകയിലായിരുന്നു തിരക്കഥ രചന.

ഒറ്റ ദിവസം കൊണ്ട് ചെന്നൈയിൽ വച്ചാണ് മൈ ഡിയർ കുട്ടിച്ചാത്തന്‍റെ ആദ്യാവസാനമുള്ള കഥ രൂപപ്പെടുന്നത്. പിന്നീട് വളരെ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ തിരക്കഥ പൂർത്തിയാക്കി. ഫാന്‍റസി സീനുകൾ എഴുതി വയ്ക്കുമ്പോൾ ഇതൊക്കെ ചെയ്യാൻ ടെക്നോളജി ഇല്ലല്ലോ എന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഞാൻ എഴുതുന്നത് ചിത്രീകരിക്കാൻ സാധിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് ജിജോ പുന്നൂസാണ്. അക്കാലത്ത് സാധിക്കുന്നത് മാത്രമേ ചിത്രീകരിച്ചിട്ടുള്ളൂ.

ചില സീനുകൾ ടെക്നോളജി ഇല്ലാത്തതു കൊണ്ട് തന്നെ മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ട്. മൈ ഡിയർ കുട്ടിച്ചാത്തന്‍റെ തിരക്കഥയിൽ നിന്നും ഷൂട്ട് ചെയ്യാൻ സാധിക്കാത്ത സീനുകൾ മാത്രം എടുത്തു പരിശോധിച്ചാൽ ഏകദേശം രണ്ടു മണിക്കൂറോളം ദൈർഘ്യം ഉണ്ടാകും" -രഘുനാഥ് പലേരി പറയുകയുണ്ടായി. 40 വർഷത്തിനുശേഷം മൈ ഡിയർ കുട്ടിച്ചാത്തനെ കുറിച്ച് സംസാരിക്കാൻ സാധിച്ചതിന് രഘുനാഥ് പലേരി ഇടിവി ഭാരതിനോട് നന്ദി രേഖപ്പെടുത്തി.

Also Read: മമ്മൂട്ടിയെ കൊണ്ട് മമ്മൂട്ടിയെ കളിയാക്കിച്ചു.. ധ്രുവനച്ചത്തിരം റിലീസ് എപ്പോള്‍? നായികയുടെ കാലിൽ തൊടാൻ വിസമ്മതിച്ച താരം; ഗൗതം വാസുദേവ് മേനോന്‍ പറയുന്നു

ABOUT THE AUTHOR

...view details