ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്‌പ 2 ദി റൂൾ' എന്ന സിനിമയുടെ പുത്തൻ അപ്‌ഡേറ്റ് പുറത്ത്. സിനിമയുടെ രണ്ടാം ഗാനത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ടാണ് നിർമാതാക്കളുടെ നിർണായക അറിയിപ്പ്. 'സൂസെക്കി' എന്ന റൊമാന്‍റിക് ട്രാക്ക് മെയ് 29ന് പുറത്തിറങ്ങും. ഗാനത്തിന്‍റെ അനൗൺസ്‌മെന്‍റ് വീഡിയോ നിർമാതാക്കൾ പുറത്തുവിട്ടു.
രശ്‌മിക മന്ദാന അവതരിപ്പിച്ച ശ്രീവല്ലിയും അല്ലു അർജുന്‍റെ കഥാപാത്രമായ പുഷ്‌പ രാജുമാണ് ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുക. പ്രൊഡക്ഷൻ ഹൗസായ മൈത്രി മുവി മേക്കേഴ്‌സ് പുറത്തുവിട്ട അനൗൺസ്‌മെന്‍റ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. റിലീസ് വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന അടിക്കുറിപ്പിനൊപ്പമാണ് മൈത്രി മുവി മേക്കേഴ്‌സ് വീഡിയോ പങ്കുവച്ചത്. 'കണ്ടാലോ' എന്ന് തുടങ്ങുന്നതാണ് മലയാളം വേർഷനിലെ ഗാനം.
തെലുഗു, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, ബംഗാളി എന്നീ ആറ് ഭാഷകളിൽ ഗാനം ലഭ്യമാകും. മെയ് 29 ന് രാവിലെ 11.07 ന് ഗാനം പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ആദ്യഭാഗമായ 'പുഷ്‌പ: ദി റൈസി'ലെ (2021) 'സാമി സാമി'യെപ്പോലെ മറ്റൊരു ചാർട്ട്ബസ്റ്ററായി ഈ ഗാനവും മാറുമെന്നാണ് അണിയറ പ്രവർത്തകരുടെയും ഒപ്പം ആരാധകരുടെയും പ്രതീക്ഷ.